പേടിഎമ്മില്‍ 1.5 ബില്യണ്‍ ഡോളര്‍ സോഫ്റ്റ് ബാങ്ക് നിക്ഷേപിച്ചേക്കും

പേടിഎമ്മില്‍ 1.5 ബില്യണ്‍ ഡോളര്‍ സോഫ്റ്റ് ബാങ്ക് നിക്ഷേപിച്ചേക്കും

സെയ്ഫ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയില്‍ നിന്നും ചില ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വാങ്ങും

ബെംഗളുരു: ഡിജിറ്റല്‍ പേമെന്റ് സേവനദാതാക്കളായ പേടിഎമ്മില്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കും. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പുമായി 1.2-1.5 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിക്ഷേപം നടന്നുകഴിഞ്ഞാല്‍ പേടിഎമ്മിന്റെ മൂല്യനിര്‍ണ്ണയം 7-9 ബില്യണ്‍ ഡോളറായി മാറുമെന്നാണ് വിലയിരുത്തല്‍.

ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ പേടിഎമ്മിലെ നിലവിലെ നിക്ഷേപകരായ സെയ്ഫ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയില്‍ നിന്നും ചില ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വാങ്ങും. ഇന്ത്യയിലെ രണ്ടാമത്തെ വിലയേറിയ ഇന്റര്‍നെറ്റ് കമ്പനിയായ പേടിഎം സ്‌നാപ്ഡീല്‍ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ റീച്ചാര്‍ജ് സംരംഭമായ ഫ്രീ ചാര്‍ജിനെ വാങ്ങാനും സാധ്യതയുണ്ട്.

ധനസമാഹരണം നടക്കുകയാണെങ്കില്‍ ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ഒരു നിക്ഷേപകന്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകുമിത്. അതിനൊപ്പം പേടിഎമ്മിലെ ഏറ്റവും വലിയ ഓഹരിയുടമകളിലൊരാളായി സോഫ്റ്റ് ബാങ്ക് മാറും. രാജ്യത്തെ പ്രമുഖ മൊബീല്‍ വാലറ്റ് ദാതാക്കളായ പേടിഎം പേമെന്റ് ബാങ്ക് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. പേടിഎമ്മില്‍ നിലവിലെ ഏറ്റവും വലിയ ഓഹരിയുടമകളായ ചൈനീസ് ഇ കൊമേഴ്‌സ് കമ്പനി ആലിബാബയ്ക്ക് കമ്പനിയിലുള്ള നിയന്ത്രങ്ങള്‍ കുറയ്ക്കാനും പേടിഎമ്മില്‍ ആലിബാബയ്ക്കുള്ള അധികാരം സംബന്ധമായ സര്‍ക്കാരിന്റെ ആശങ്കകളെ ഇല്ലാതാക്കാനും ധനസമാഹരണം വഴി കഴിയും.

ആലിബാബയുടെയും ആദ്യകാല പിന്തുണക്കാരായിരുന്നു സോഫ്റ്റ് ബാങ്ക്. ആലിബാബയില്‍ 20 മില്യണ്‍ ഡോളര്‍ പ്രാഥമിക നിക്ഷേപം ജപ്പാനീസ് കമ്പനി നടത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പുകളിലെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന് പേടിഎമ്മിലെ നിക്ഷേപം വഴി ഇന്ത്യയുടെ സാമ്പത്തിക സേവന വിപണിയിലേക്കുള്ള പ്രവേശം കൂടിയാണ് സാധ്യമാകുന്നത്.

ജാസ്‌പെര്‍ ഇന്‍ഫോടെകിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്ഡീല്‍ ഇകൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന് വില്‍ക്കാനുള്ള ശ്രമത്തിലാണ് സോഫ്റ്റ്ബാങ്ക്. സ്‌നാപ്ഡീലിലെ ഏറ്റവും വലിയ നിക്ഷേപകരാണ് സോഫ്റ്റ്ബാങ്ക്. ഓണ്‍ലൈന്‍ പലവ്യഞ്ജന ദാതാക്കളായ ഗ്രോഫേഴ്‌സിനെ ബിഗ് ബാസ്‌ക്കറ്റുമായി ലയിപ്പിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകളും സോഫ്റ്റ്ബാങ്ക് നടത്തിവരുന്നുണ്ട്. 2014ന്റെ അവസാനം മുതല്‍ പേടിഎമ്മില്‍ നിക്ഷേപം നടത്തുന്ന കാര്യം സോഫ്റ്റ് ബാങ്കിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സ്‌നാപിഡീലില്‍ നിക്ഷേപം നടത്താനാണ് സോഫ്റ്റ്ബാങ്ക് അന്തിമമമായി തീരുമാനിച്ചത്.

2015ല്‍ പേടിഎം ആലിബാബയില്‍ നിന്ന് 1 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തായ്‌വാന്‍ കമ്പനിയായ മീഡിയടെകില്‍ നിന്ന് 60 മില്യണ്‍ ഡോളര്‍ സമാഹരിച്ചത് വഴി പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 ന്റെ മൂല്യം ഏകദേശം 5 ബില്യണ്‍ ഡോളറായിരുന്നു. പേടിഎമ്മിന്റെ നിലവിലുള്ള മൂന്ന് നിക്ഷേപകരായ റിലയന്‍സ് ക്യാപിറ്റല്‍, എസ്‌വിബി (സാമ കാ്യാപിറ്റല്‍), എസ്എപി വെഞ്ച്വേഴ്‌സ് എന്നിവര്‍ മാര്‍ച്ചില്‍ തങ്ങളുടെ സംയോജിത ഓഹരികളുടെ ഏകദേശം 4.3 ശതമാനം ആലിബാബയ്ക്ക് വിറ്റിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പേമെന്റ് സേവന ദാതാക്കളായ പേടിഎമ്മിന്റെ സ്വീകാര്യത രാജ്യത്ത് വര്‍ധിച്ചത്. 2015 ഓഗസ്റ്റിലാണ് വണ്‍ 97 സ്ഥാപകനായ ശര്‍മയ്ക്ക് പേമെന്റ് ബാങ്ക് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്.

Comments

comments

Categories: Business & Economy