ഇനി ബെയ്ദുവിന്റെ സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ

ഇനി ബെയ്ദുവിന്റെ സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ
അപ്പോളോ എന്നാണ് സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യാ പ്രോജക്റ്റിന് 
ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ നാമകരണം ചെയ്തിരിക്കുന്നത് 

ബെംഗളൂരു : ജൂലൈയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തുമെന്ന് ചൈനീസ്-അമേരിക്കന്‍ വെബ് സര്‍വീസസ് കമ്പനിയായ ബെയ്ദു ഇന്‍ക്. 2020 ഓടെ ഹൈവേകളിലും നഗര പാതകളിലും ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് കഴിവുകള്‍ പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

ചാന്ദ്ര പര്യവേക്ഷണ പദ്ധതിയെ അനുസ്മരിപ്പിച്ച് അപ്പോളോ എന്നാണ് സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യാ പ്രോജക്റ്റിന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ അറിയിച്ചു. പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് വാഹനങ്ങളും സെന്‍സറുകളും മറ്റ് വാഹനഘടകങ്ങളും ലഭ്യമാക്കുന്ന കമ്പനികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും ബെയ്ദു വ്യക്തമാക്കി.

നിര്‍മ്മിത ബുദ്ധി (artificial intelligence) മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് കോര്‍പ്പ് മുന്‍ എക്‌സിക്യൂട്ടീവ് ക്വി ലുവിനെ ജനുവരിയില്‍ അപ്പോളോ പ്രോജക്റ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചിരുന്നു. എന്നാല്‍ ഈ നിയമനം നടന്ന് രണ്ട് മാസമായതോടെ നിര്‍മ്മിത ബുദ്ധി (artificial intelligence), പ്രതീതി യാഥാര്‍ത്ഥ്യം (augmented realty) പ്രോജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഖ്യ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ എന്‍ജി രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചത് ബെയ്ദുവിന് തലവേദന സൃഷ്ടിച്ചു.

എഐ, എആര്‍, ഡീപ് ലേണിംഗ് മേഖലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കമ്പനി കഴിഞ്ഞ ഒക്‌റ്റോബറില്‍ 200 മില്യണ്‍ ഡോളറിന്റെ ഫണ്ട് അനുവദിച്ചിരുന്നു. തുടര്‍ന്ന് വിവിധ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നതിന് 3 ബില്യണ്‍ ഡോളറിന്റെ ഫണ്ടാണ് ബെയ്ദു പ്രഖ്യാപിച്ചത്. സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സംബന്ധിച്ച സംയുക്ത ഗവേഷണം അവസാനിപ്പിക്കുമെന്ന് നവംബറില്‍ ബെയ്ദുവും ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും പറയുകയുണ്ടായി. സംയുക്ത ഗവേഷണം ഏതുരീതിയില്‍ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നമായത്.

Comments

comments

Categories: Auto