മാതൃകാപരം മൈ ക്ലാസ്‌റൂം കാംപെയ്ന്‍

മാതൃകാപരം മൈ ക്ലാസ്‌റൂം കാംപെയ്ന്‍
ക്ലാസ്മുറികളില്‍ വര്‍ണം വാരിവിതറി വിദ്യാര്‍ത്ഥികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു 
പോകുകയാണ് മൈ ക്ലാസ്‌റൂം കാംപെയ്ന്‍

ഉത്തരവാദിത്തമായി കണ്ട് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചും നല്ല കാര്യങ്ങള്‍ക്കായി സംഭാവന നല്‍കുന്ന വ്യക്തികളെ കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികളെ കുറിച്ച് നിങ്ങള്‍ എത്ര തവണ കേട്ടിട്ടുണ്ട്? നമുക്ക് ചുറ്റുമുള്ള മുഖങ്ങളില്‍ പുഞ്ചിരി പടര്‍ത്താനായി ചില്ലുകൂട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന എത്രപേരെ നിങ്ങള്‍ക്കറിയാം? ഇത്തരത്തിലുള്ള കുറച്ചുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവരാണ് മൈ ക്ലാസ്‌റൂം എന്ന മനോഹരവും ആത്മാര്‍ത്ഥവുമായ കാംപെയ്‌നു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

എന്താണ് മൈ ക്ലാസ്‌റൂം കാംപെയ്ന്‍? ജീവിതത്തിന്റെ ഏറെ മനോഹരമായ ഒരു കാലഘട്ടത്തിന്റെ ഭൂരിഭാഗം സമയവും നാം ചെലവഴിച്ചത് നമ്മുടെ ക്ലാസ് മുറികളിലാണ്. എങ്ങനെയാണ് നമ്മുടെ ക്ലാസ് മുറികള്‍ എന്ന് ഓര്‍ക്കുന്നുണ്ടോ? വര്‍ണാഭം, സുന്ദരം, സജീവം തുടങ്ങിയ വാക്കുകള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനോ ഭാഗ്യവതിയോ ആണെന്ന് മനസ്സിലാക്കേണ്ടി വരും. പഠിക്കുന്ന പരിസരം സുന്ദരമാകാന്‍ ഭാഗ്യം ചെയ്യുക തന്നെ വേണം. ഒരു ദിവസം രാവിലെ നാം സ്‌കൂളിലേക്ക് ചെല്ലുന്നു.

ക്ലാസ് റൂമിലേക്ക് കടക്കുമ്പോള്‍ കാണുന്നത് തീര്‍ത്തും വര്‍ണാഭമായ കാഴ്ചകള്‍. വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും അതിനിടയില്‍ ഓടിക്കളിക്കുന്ന ടോംമും ജെറിയും, തേനും മറ്റു പഴങ്ങളും സ്വപ്‌നം കണ്ടിരിക്കുന്ന കരടിയും കടലിന്റെ ഉള്ളറകളും ചിരിക്കുന്ന മല്‍സ്യങ്ങളും കടല്‍ ജീവികളുമെല്ലാം കൊണ്ട് ക്ലാസ് മുറിയുടെ ചുവരുകള്‍ നമ്മെ മറ്റൊരു മായിക ലോകത്തേക്ക് എത്തിക്കുന്നു. ഇത്തരമൊരു അന്തരീക്ഷം താല്‍പര്യത്തോടെ സ്‌കൂളിലേക്ക് വരാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ക്ലാസ്മുറികള്‍ അവര്‍ക്ക് പ്രിയങ്കരമാക്കുകയും ചെയ്യും.

എന്നാല്‍ ഇന്ത്യയിലെ എത്ര കുട്ടികള്‍ക്ക് ഇത്തരമൊരു അന്തരീക്ഷത്തിലിരുന്നു വിദ്യയഭ്യസിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്? നരച്ച പെയ്ന്റുകളും അഴുക്കുപിടിച്ച ചുവരുകളുമുള്ള എത്രയോ ക്ലാസ് മുറികള്‍ നമ്മുടെ രാജ്യത്തുണ്ട്. തീര്‍ത്തും വിരസമായ ഇത്തരം സാഹചര്യത്തിലിരുന്ന് നിവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. വര്‍ണങ്ങളൊട്ടുമേയില്ലാത്ത സിമെന്റ് ചുവരുകളും ഇത്തരം വിദ്യാലയങ്ങളില്‍ കാണാം. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലാണ് ഇത്തരമൊരു അവസ്ഥയുള്ളത്. ദിവസം മുഴുവന്‍ മങ്ങിയതും വൃത്തിഹീനവുമായ ഒരു അന്തരീക്ഷത്തില്‍ ചെലവഴിക്കുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട മികച്ച പഠന ചുറ്റുപാടല്ല ഇത്.

അടിസ്ഥാനസൗകര്യങ്ങളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇത്തരം അസുഖകരമായ കാഴ്ചകളെ വര്‍ണം പൂശി സുഖകരമാക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം സന്മനസുള്ള വ്യക്തികള്‍. കുട്ടികള്‍ ജനിക്കുന്ന സാഹചര്യം ഒരിക്കലും അവരുടെ പാഠ്യാനുഭവത്തെ ആസ്വാദ്യകരമാക്കുന്നത് നിശ്ചയിക്കുന്ന ഘടകമാകരുതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ഒരു ചിന്താഗതിയില്‍ നിന്നാണ് മൈ ക്ലാസ്‌റൂം എന്ന കാംപെയ്‌നിന്റെ പിറവി. ക്ലാസ്മുറികള്‍ മോടിപിടിപ്പിക്കുകയും അലങ്കരിക്കുകയും അതുവഴി ആനന്ദകരമായ പഠനാനുഭവം എല്ലാ വിഭാഗം വിദ്യാര്‍ത്ഥിികള്‍ക്കും പ്രദാനം ചെയ്യുകയുമാണ് ഈ കാംപെയ്‌നിന്റെ ലക്ഷ്യം.

‘ഹെയോ മീഡിയ’യില്‍ നിന്നുള്ള ഒരുകൂട്ടം പേരാണ് ഇത്തരം സാമൂഹ്യപ്രതിബദ്ധതയുള്ള ഉദ്യമത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യുകയാണ് ഇവരുടെ ഉദ്ദേശ്യം. ഇത്തരത്തിലുള്ള വ്യത്യസ്തമാര്‍ന്ന ഒരു ആശയവിനിമയത്തിലൂടെയാണ് മൈ ക്ലാസ്‌റൂം കാംപെയ്ന്‍ പിറന്നത്. എന്തുകൊണ്ട് നമുക്ക് ക്ലാസ്‌റൂമുകളില്‍ വര്‍ണം നിറച്ചുകൂടാ എന്ന ചോദ്യമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്. ഒരു ഡിജിറ്റല്‍ ഏജന്‍സിയായ ഹെയോ മീഡിയ പ്രതിദിനം മികച്ച രീതിയില്‍ ഉള്ളടക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ഡിസൈന്‍ ചെയ്യുകയും തങ്ങളുടെ ആശയങ്ങള്‍ ഉപയോക്താക്കള്‍ക്കായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ സൃഷ്ടിപരമായ ആശയങ്ങള്‍ക്കു പുറമേ ഓരോ മാസവും സമൂഹത്തില്‍ വ്യത്യസ്തവും ഉപകാരപ്രദവുമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിവരാറുണ്ട്. ഇതിന്റെ ഭാഗമായുള്ളതാണ് മൈ ക്ലാസ്‌റൂം എന്ന ക്യാംപെയ്ന്‍. ഇതിന്റെ ഭാഗമായി ‘കാന്‍വാസ്ട്രീ’ എന്ന കലാകാരന്‍മാരുടെ ഒരു സംഘവുമായി ചേര്‍ന്ന് ഹെയോ മീഡിയ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ മികച്ച മാറ്റങ്ങള്‍ വിഭാവന ചെയ്യാന്‍ താല്‍പര്യമുള്ള ബ്രാന്‍ഡുകളുമായും ഇവര്‍ കൈകോര്‍ക്കുന്നുണ്ട്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളും തകര്‍ന്ന ചുവരുകളും മങ്ങിയ പെയ്ന്റുകളുമുള്ള ക്ലാസ്മുറികള്‍ ചോര്‍ച്ചകള്‍ അടച്ച്, പ്ലാസ്റ്റര്‍ ചെയ്ത് പുതിയതും മികച്ചതുമായി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്.

വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ചര്‍ച്ചകള്‍ നടത്തി, അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് ക്ലാസ്മുറികളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കലാപരമായി ഇവര്‍ ക്ലാസ്മുറികള്‍ അലങ്കരിക്കുന്നു. തങ്ങളുടെ ക്ലാസ്മുറികളിലെ ചുവരുകളില്‍ എന്തൊക്കെ കാണാനാണ് ആഗ്രഹം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അഭിപ്രായങ്ങള്‍ പറയാം. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സംഘം വളണ്ടിയര്‍മാരുമായി സ്‌കൂളിലെത്തിച്ചേരുകയും ക്ലാസ്മുറികള്‍ പെയ്ന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്യുന്നു.

2016 സെപ്റ്റംബറിലാണ് മൈ ക്ലാസ്‌റൂം കാംപെയ്ന്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌. കൊച്ചി ഇടപ്പള്ളിയിലെ സെന്റ്. ഇഗ്നേഷ്യസ് ലയോള എല്‍പി സ്‌കൂളില്‍ ആയിരുന്നു ഇത്. മുംബൈയിലെ സിറ്റി ഓഫ് ലൊസാഞ്ചലസ് സ്‌കൂള്‍, നോഡിയ എന്നിവിടങ്ങളിലും ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ടെക് ഫോര്‍ ഇന്ത്യ, മൈ പെര്‍ക്ക്, ബിലോംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊച്ചി, വൈപ്പിനിലെ ഒരു സ്‌കൂളിലും കാംപെയ്‌ന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

ടെക് ഫോര്‍ ഇന്ത്യ, മൈ പെര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളുമായും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രാവഴിയില്‍ ഹെയോ മീഡിയ കൈകോര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 15 ക്ലാസ്മുറികളാണ് ഇവര്‍ ഇത്തരത്തില്‍ പെയ്ന്റ് ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കിടയില്‍ സന്തോഷം നിറയ്്ക്കാനും, ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ദിവസങ്ങള്‍ മനോഹരമാക്കാനുമാണ് ഇവര്‍ പ്രയത്‌നിക്കുന്നത്. പൂനെയിലണ് തങ്ങളുടെ അടുത്ത പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹെയോ മീഡിയയ്ക്ക് പിന്നിലെ കരുത്താര്‍ന്ന കരങ്ങള്‍ ജയകൃഷ്ണന്‍ പിള്ളയുടേതാണ്. പ്രധാനമായും മൈ ക്ലാസ്‌റൂം കാംപെയ്‌നിന്റെ ആശയവും അദ്ദേഹത്തിന്റേതു തന്നെ. തങ്ങള്‍ക്കാവുന്ന രീതിയില്‍ ധാരാളം കുട്ടികളുടെ മുഖത്ത് പുഞ്ചിരി നിറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു. പഠനം തീര്‍ത്തും ആവേശമുണര്‍ത്തുന്ന തരത്തിലേക്ക് മാറ്റുന്നതിന് അവരുടെ വിദ്യാലയങ്ങളുടെ ചുറ്റുപാടുകളെയും മാറ്റുക എന്നതും ലക്ഷ്യമാണ്. 2017ന്റെ അവസാനത്തോടെ 50 ക്ലാസ്മുറികളെങ്കിലും ഇത്തരത്തില്‍ മികച്ച രീതിയിലേക്ക് മാറ്റാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കല എന്നത് സന്തോഷം പകരുന്ന ഒരു വികാരമാണെന്ന് കാന്‍വാസ് ട്രീയുടെ പി എ ശ്രീജിത്ത് പറയുന്നു. തങ്ങളെ സംബന്ധിച്ച് കലയെന്നത് സന്തോഷം സൃഷ്ടിക്കുന്ന ഒന്നാണെന്നും അത് കുട്ടികള്‍ക്ക് വേണ്ടിയാകുമ്പോള്‍ സന്തോഷം ഇരട്ടിയാകുമെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: Education, FK Special