എടിഎമ്മുകളില്‍ പണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി സര്‍വെ

എടിഎമ്മുകളില്‍ പണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി സര്‍വെ

ഹൈദരാബാദിലാണ് പണ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്

ന്യൂഡെല്‍ഹി: രാജ്യത്തെ എടിഎമ്മുകളില്‍ ആവശ്യത്തിന് പണമെത്തുന്നില്ലെന്ന് സര്‍വെ. മിക്ക എടിഎമ്മുകളും കാലിയാണെന്നും എടിഎമ്മുകള്‍ മോശം സ്ഥിതിയിലേക്ക് നീങ്ങുന്നതായും സര്‍വെയില്‍ പറയുന്നു. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചതിനു ശേഷം ജനുവരി അവസാനത്തോടെയാണ് എടിഎമ്മുകളുടെ സ്ഥിതി മെച്ചപ്പെട്ടത്. എന്നാല്‍, നയം പ്രഖ്യാപിച്ച് അഞ്ച് മാസത്തിനു ശേഷം വീണ്ടും മിക്ക എടിഎമ്മുകളിലും ആവശ്യത്തിന് പണം ലഭ്യമല്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഏപ്രിലില്‍ എടിഎമ്മുകള്‍ കൂടുതല്‍ മോശം നിലിയിലേക്ക് പോകുന്നതായും സര്‍വെയില്‍ പറയുന്നു.

സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍സര്‍ക്ക്ള്‍ ആണ് സര്‍വെ നടത്തിയത്. ഈ മാസം 13 മുതല്‍ 16 വരെയുള്ള തീയതികളില്‍ എടിഎമ്മുകളില്‍ നിന്നും തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 43 ശതമാനം ആളുകള്‍ പ്രതികരിച്ചത്. 36 ശതമാനം പേരാണ് ഏപ്രില്‍ 5-8 തീയതികളില്‍ ഇതേ പ്രശ്‌നം അനുഭവപ്പെട്ടതായി ആരോപിച്ചത്. ദിവസങ്ങള്‍ കഴിയുന്തോറും എടിഎമ്മുകള്‍ മോശം പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നതിലേക്കാണ് സര്‍വെ വിരല്‍ ചൂണ്ടുന്നത്. തങ്ങളുടെ പ്രദേശങ്ങളിലെ എടിഎം ഉപയോഗത്തിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8,700 പൗരന്മാരാണ് സര്‍വെയില്‍ പങ്കെടുത്ത്.
നഗര പ്രദേശങ്ങളെ അപേക്ഷിച്ച് അര്‍ധ നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ് എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ അതിരൂക്ഷമായിട്ടുള്ളത്.

വിവിധ ബാങ്കുകളുടെ എടിഎമ്മുകള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്കയിടത്തും എടിഎമ്മുകള്‍ കാലിയാണ്. കേരളത്തിലും അവസ്ഥ മറിച്ചല്ല. നോട്ട് അസാധുവാക്കല്‍ നയ പ്രഖ്യാപന സമയത്ത് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം ആര്‍ബിഐ പിന്‍വലിച്ചതോടെ ജനങ്ങള്‍ എടിഎമ്മുകളില്‍ നിന്നും വലിയ തുകകള്‍ ഒരുമിച്ച് പിന്‍വലിക്കാന്‍ തുടങ്ങിയെന്നും, ഉയര്‍ന്ന പണലഭ്യത നിലനിര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. എടിഎമ്മുകളുടെ മെയ്ന്റനന്‍സും ആവര്‍ത്തിച്ചുള്ള പണം നിറയ്ക്കലും അവതാളത്തിലായെന്നും സര്‍വെ വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ സര്‍വീസ് നിരക്ക് ഏര്‍പ്പെടുത്തികൊണ്ട് ചില ബാങ്കുകള്‍ കൂടി രംഗത്ത് വന്നതോടെ ജനങ്ങള്‍ ഒരുമിച്ച് വലിയ തുകകള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിച്ചു തുടങ്ങി. അച്ചടി കേന്ദ്രങ്ങളില്‍ നിന്നും കറന്‍സി ചെസ്റ്റുകളിലേക്കുള്ള പണ ലഭ്യത കുറഞ്ഞിട്ടുണ്ടെന്ന സൂചനയും ചില ബാങ്കുകള്‍ തരുന്നുണ്ട്. രാജ്യത്തെ 11 നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വെയില്‍ ഹൈദരാബാദിലാണ് പണ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. തൊട്ടു പുറകില്‍ പൂനെയാണുള്ളത്. ഏപ്രില്‍ 5-8 തീയതികളില്‍ പണമുള്ള എടിഎമ്മുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഹൈദരാബാദിലെ ഏകദേശം 83 ശതമാനം ആളുകളും പുനെയില്‍ നിന്നുള്ള 63 ശതമാനം ആളുകളും പ്രതികരിച്ചത്. അതേസമയം ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ പണ ലഭ്യത അനുഭവപ്പെട്ട നഗരം ഡെല്‍ഹിയാണ്. ദേശീയ തലസ്ഥാനത്ത് 11 ശതമാനം ആളുകള്‍ മാത്രമാണ് അന്നേ ദിവസം പണമുള്ള എടിഎമ്മുകള്‍ അന്വേഷിച്ച് വലഞ്ഞത്.

Comments

comments

Categories: Top Stories