കാപ്പിറ്റല്‍ ഫസ്റ്റിലെ ഓഹരി വില്‍ക്കാന്‍ വാര്‍ബെര്‍ഗ് പിന്‍കസ്

കാപ്പിറ്റല്‍ ഫസ്റ്റിലെ ഓഹരി വില്‍ക്കാന്‍ വാര്‍ബെര്‍ഗ് പിന്‍കസ്

വില്‍ക്കുന്നത് 10 ശതമാനം ഷെയറുകള്‍

മുംബൈ: യുഎസ് ആസ്ഥാനമാക്കിയ ആഗോള സ്വകാര്യ നിക്ഷേപകരായ വാര്‍ബെര്‍ഗ് പിന്‍കസ്, കാപ്പിറ്റല്‍ ഫസ്റ്റിലെ 10 ശതമാനം ഓഹരികള്‍ വില്‍ക്കും. 2012 മുതല്‍ വിവിധഘട്ടങ്ങളിലായി കാപ്പിറ്റല്‍ ഫസ്റ്റില്‍ ഏകദേശം 790 കോടി രൂപ വാര്‍ബെര്‍ഗ് നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ ഏതാണ്ട് 712 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കാപ്പിറ്റല്‍ ഫസ്റ്റിന്റെ ഒാഹരി ഒന്നിന് 162 രൂപ പ്രകാരമാണ് വാര്‍ബെര്‍ഗ് വാങ്ങിയത്. എന്നാല്‍ ഓഹരി മൂല്യം നിലവില്‍ ഇരട്ടിച്ചിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞ ദിവസം 779.55 രൂപയിരുന്നു കാപ്പിറ്റല്‍ ഫസ്റ്റിന്റെ ഓഹരി മൂല്യം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ല്‍ വാര്‍ബെര്‍ഗിന് കാപ്പിറ്റല്‍ ഫസ്റ്റില്‍ 61.1 ശതമാനം ഉടമസ്ഥതയുണ്ടായിരുന്നു. കൂടാതെ കമ്പനി 61.4 കോടി രൂപയുടെ അറ്റലാഭവും 333.3 കോടി രൂപയുടെ അറ്റ പലിശ വരുമാനവും രേഖപ്പെടുത്തുകയും ചെയ്തു.

ബാങ്ക് ഇതരധനകാര്യ കമ്പനിയായ ഫ്യൂച്ചര്‍ കാപ്പിറ്റല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജ്‌മെന്റിന്റെ വാങ്ങലിലൂടെ 2012 ലാണ് കാപ്പിറ്റല്‍ ഫസ്റ്റ് ഏകീകരിക്കപ്പെട്ടത്. ഫ്യൂച്ചര്‍ കാപ്പിറ്റലിലെ ഫ്യൂച്ചര്‍ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ വാര്‍ബെര്‍ഗ് ഏറ്റെടുത്ത് ഈ കമ്പനിയെ കാപ്പിറ്റല്‍ ഫസ്റ്റെന്ന് പുനര്‍നാമകരണം ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ മുന്‍ എക്‌സ്‌ക്യൂട്ടിവ് ഡയറക്റ്ററായ വി വൈദ്യനാഥന് ഫ്യൂച്ചര്‍ കാപ്പിറ്റലില്‍ 10 ശതമാനം ഉടമസ്ഥതയുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ കാപ്പിറ്റല്‍ ഫസ്റ്റ് 3.5 മില്ല്യണിലധികം ഉപഭോക്താക്കള്‍ക്കും 18,800 കോടി രൂപയുടെ വായ്പ ആസ്തികള്‍ക്കും ധനസഹായം ചെയ്തു.

റീട്ടെയ്ല്‍ ഉപഭോക്തൃ വായ്പകളും പണയംകൊടുക്കലും, സെക്യുരിറ്റി അധിഷ്ടിത വായ്പകളും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകളും കമ്പനി നല്‍കുകയുണ്ടായി. 1997 മുതല്‍ ഇന്ത്യയിലെ 51 കമ്പനികളിലായി വാര്‍ബെര്‍ഗ് 3.8 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചുകഴിഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍എട്ട് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് കമ്പനിയുടെ ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാന്‍ പദ്ധതിയുണ്ടെന്ന് സിഇഒമാരായ ചാള്‍സ് ആര്‍ കയെ, ജോസഫ് പി ലാന്‍ഡി എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy