നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരം: പെപ്‌സികോ സിഇഒ

നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരം: പെപ്‌സികോ സിഇഒ
ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ 
ആലോചിക്കുന്നതെങ്കില്‍ മധുര നികുതി ഈടാക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് 
ചിന്തിക്കണമെന്ന് ഇന്ദ്ര നൂയി

അബുദാബി: സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള യുഎഇയുടെ തീരുമാനത്തെ വിമര്‍ശിച്ച് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി രംഗത്ത്. സോഫ്റ്റ് ഡ്രിങ്കുകളില്‍ നികുതി ഏര്‍പ്പെടുത്തുന്നത് നല്ല രീതിയല്ലെന്നും അത് വിവേചനപരമാണെന്നും അവര്‍ പറഞ്ഞു. പുകയില, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യുഎഇ ഈ വര്‍ഷം മുതല്‍ എക്‌സൈസ് നികുതി ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 50 മുതല്‍ 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

വിവേചനപരമായ നികുതി ഏര്‍പ്പെടുത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദാസീനമായ ജീവിതശൈലി കാരണമാണ് ആളുകള്‍ പൊണ്ണത്തടിയന്മാര്‍ ആകുന്നതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെങ്കില്‍ മധുര നികുതി ഈടാക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ചിന്തിക്കണമെന്നും നൂയി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ ഇത് മറികടക്കാന്‍ നിരവധി സമഗ്രമായ രീതികളുണ്ട്. ഉപഭോക്താക്കള്‍ കുറഞ്ഞ മധുരമുള്ള പാനിയങ്ങള്‍ കുടിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാരണം വെള്ളമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് രുചിയും മണവുമാണ്. ഇതില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ്-നൂയി പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിച്ചതോടെ മധുരം കുറഞ്ഞതും മധുരം ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു നൂറ്റാണ്ടായി പെപ്‌സികോയുടെ പ്രധാന ഉല്‍പ്പന്നമാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവയില്‍ നിന്ന് വരുന്നത്. മധുരത്തിന്റെ അളവ് കൂടിയ ഡ്രിങ്കുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ മധുരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ കമ്പനി കൂടുതല്‍ ഇറക്കുന്നത്. സാധാരണ പെപ്‌സിയേക്കാള്‍ 30 ശതമാനം മധുരം കുറച്ചാണ് ഇത് തയാറാക്കുന്നത്. മധുരം തീരെ ചേര്‍ക്കാത്ത ഡയറ്റ് പെപ്‌സികളും വിപണിയില്‍ ലഭ്യമാണ്.

2025 ആകുമ്പോഴേക്കും കമ്പനിയുടെ പാനിയങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലും 100 കലോറി ആക്കുമെന്നും 350 മില്ലി ലിറ്ററില്‍ ചേര്‍ക്കുന്ന മധുരത്തിന്റെ അളവ് കുറയ്ക്കുമെന്നും ഒക്‌റ്റോബറില്‍ പെപ്‌സികോ പറഞ്ഞിരുന്നു. സമൂഹത്തില്‍ മാറ്റമുണ്ടാവുകയും ആളുകളുടെ രുചിയില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ക്കും മാറേണ്ടതായി വരുമെന്ന് നൂയി പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ വീക്ഷിച്ച് അതിനനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ മാറ്റംകൊണ്ടുവരാന്‍ കമ്പനിക്ക് സാധിക്കണമെന്നും അവര്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy, World