ഒപിഎസ് വിഭാഗം ഇപിഎസ് വിഭാഗവുമായി അടുക്കുന്നു : തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു

ഒപിഎസ് വിഭാഗം ഇപിഎസ് വിഭാഗവുമായി അടുക്കുന്നു : തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു

ഒ പനീര്‍സെല്‍വം (ഒപിഎസ്) ഇടപ്പാടി പളനിസ്വാമി (ഇപിഎസ്) വിഭാഗങ്ങള്‍ അടുക്കുന്നുണ്ടെന്ന സൂചനയാണു തമിഴ്‌നാട്ടില്‍നിന്നും കേള്‍ക്കുന്നത്. ഇരുവിഭാഗങ്ങളും ഒരുമിച്ചാല്‍ ശശികലയുടെയും ബന്ധു ദിനകരന്റെയും രാഷ്ട്രീയ ഭാവി ഇരുണ്ടതാകും. എന്നാല്‍ ശശികലയെ അനുകൂലിക്കുന്ന 40-ാളം എംഎല്‍എമാര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നത് ഒപിഎസ്, ഇപിഎസ് വിഭാഗങ്ങള്‍ക്കു ഭീഷണി തന്നെയാണ്.

ഒരിടവേളയ്ക്കു ശേഷം തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. തിങ്കളാഴ്ച രാത്രി തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ മന്ത്രിസഭയിലെ അംഗങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും അടിയന്തരയോഗം ചേരുകയുണ്ടായി. ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ പാര്‍ട്ടി മുന്നേറിയതു പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒ പനീര്‍സെല്‍വവുമായി സഹകരിക്കണമെന്ന അഭിപ്രായമാണു തിങ്കളാഴ്ച രാത്രി പളനിസ്വാമി മന്ത്രിസഭയിലെ 25 മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്നെടുത്തത്. യോഗത്തിലെടുത്ത തീരുമാനം നടപ്പിലാവുകയാണെങ്കില്‍ മുഖ്യമന്ത്രിയായ പളനിസ്വാമിക്കു ഭാവിയില്‍ അത് വന്‍ നേട്ടമാകുമെന്ന കാര്യവും ഉറപ്പായിരിക്കുന്നു. എഐഎഡിഎംകെ പാര്‍ട്ടി, ഇപ്പോള്‍ രണ്ട് വിഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ശശികല നേതൃത്വം കൊടുക്കുന്ന അണ്ണാ ഡിഎംകെ(അമ്മ) ഒരുവശത്തും ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(പുരട്ചി തലൈവി അമ്മ) മറുവശത്തും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ശശികല ശിക്ഷയനുഭവിക്കാന്‍ ബെംഗളുരുവിലെ ജയിലിലേക്കു പോയപ്പോള്‍ മുഖ്യമന്ത്രിയായി പളനിസ്വാമിയെ നിര്‍ദേശിച്ചതും വിശ്വസ്തതയുടെ പേരിലാണ്. തമിഴ്‌നാട്ടിലെ കൊങ് എന്ന പ്രദേശമാണു പളനിസ്വാമിയുടെ ജന്മദേശം. ഇവിടെ ഗൗണ്ടര്‍ സമുദായം പ്രബല ശക്തിയാണ്. ഗൗണ്ടര്‍ സമുദായക്കാരനാണു പളനിസ്വാമിയും. കോയമ്പത്തൂര്‍, ഈറോഡ്, സേലം, നമക്കല്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണു കൊങ്. ഈ പ്രദേശത്തുനിന്നുള്ള എംഎല്‍എമാരും മന്ത്രിമാരുമാണു പനീര്‍സെല്‍വം വിഭാഗവുമായി ഒരുമിച്ചു പോകണമെന്ന നിര്‍ദേശം തിങ്കളാഴ്ചത്തെ യോഗത്തില്‍ മുന്നോട്ടുവച്ചത്. പളനിസ്വാമി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഭാവിയില്‍ പളനിസ്വാമിയുടെ സഹകരണം അത്യാവശമാണെന്നു പാര്‍ട്ടിയിലെ ഭൂരിഭാഗം പേര്‍ക്കുമറിയാം. ഈ സാഹചര്യത്തിലാണു പനീര്‍സെല്‍വവുമായി സഹകരിക്കാന്‍ തയാറായി അവര്‍ മുന്നോട്ടുവന്നതും.

തേവര്‍ സമുദായക്കാരനായ പനീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ അധ്യക്ഷനാക്കണമെന്നാണു തിങ്കളാഴ്ച പളനിസ്വാമി വിഭാഗം നടത്തിയ യോഗത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഗൗണ്ടര്‍ സമുദായക്കാരനായ പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുമ്പോള്‍ തേവര്‍ സമുദായക്കാരനായ പനീര്‍സെല്‍വം പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരട്ടെയെന്നും നിര്‍ദേശമുയര്‍ന്നു. നിലവില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനമലങ്കരിക്കുന്ന ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദമലങ്കരിക്കുന്ന ശശികലയുടെ ബന്ധു ടിടിവി ദിനകരനെയും ഒഴിവാക്കാനാണ് അണിയറയില്‍ നീക്കം നടത്തുന്നത്. ശശികലയും ദിനകരനും തേവര്‍ സമുദായക്കാരാണ്. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലയില്‍ തേവര്‍ സമുദായം ശക്തരാണ്. പ്രത്യേകിച്ച് മധുരൈ, തിരുനെല്‍വേലി, രാമനാഥപുരം ജില്ലയില്‍ തേവര്‍ വിഭാഗക്കാരാണ് പ്രബലര്‍. ഇവരാകട്ടെ എന്നും എഐഎഡിഎംകെ പാര്‍ട്ടിയെ പിന്തുണച്ചിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനു ജയലളിത മരിച്ചതിനു ശേഷം തമിഴ്‌നാടിന്റെ താത്കാലിക മുഖ്യമന്ത്രിയായി പനീര്‍സെല്‍വവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയും അധികാരമേറ്റത് ചിലരെ അമര്‍ഷം കൊള്ളിച്ചിരുന്നു. ഇരുവരും തേവര്‍ സമുദായക്കാരാണെന്നതായിരുന്നു അതിനുള്ള കാരണം. പിന്നീട് ശശികലയ്‌ക്കെതിരേ പനീര്‍സെല്‍വം വിമതനായി അവതരിച്ചപ്പോള്‍ ഗൗണ്ടര്‍ സമുദായക്കാരനായ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിച്ച് ശശികല തന്ത്രപരമായ നീക്കം നടത്തി. ശശികല നടപ്പിലാക്കിയ തന്ത്രം തന്നെയാണ് ഇപ്പോള്‍ ശശികല ക്യാംപിലുള്ളവര്‍ അവരെ പുറത്താക്കാന്‍ നടത്തുന്നത്. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി പളനിസ്വാമിയുടെ വിശ്വസ്തര്‍ നടത്തിയ യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങളോടു പനീര്‍സെല്‍വത്തിനെ അനുകൂലിക്കുന്ന വിഭാഗക്കാര്‍ക്കും യോജിപ്പുണ്ടെന്നാണു സൂചന.

ശശികലയുടെ ബന്ധുവും ആര്‍കെ നഗറില്‍ സ്ഥാനാര്‍ഥിയുമായ ദിനകരനെതിരേ സമീപകാലത്ത് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാരെയും എംഎല്‍എമാരെയും ശശികല ക്യാംപിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ദിനകരനെ അനുകൂലിക്കുന്ന ആരോഗ്യമന്ത്രി വിജയ ഭാസ്‌ക്കറിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടികൂടിയ രേഖകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 89 കോടി രൂപ ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍കെ നഗറില്‍ ഈ മാസം 12നു നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയും ചെയ്തു. ഈയൊരു സംഭവം ദിനകരന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുകയുണ്ടായി. കഴിഞ്ഞയാഴ്ച ദക്ഷിണ ഡല്‍ഹിയിലുള്ള ഹോട്ടലില്‍നിന്നും സുകേഷ് ചന്ദ്രശേഖറെന്ന 27-കാരനെ ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയതും ദിനകരന് തിരിച്ചടിയായിരിക്കുകയാണ്.

രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ദിനകരന്‍ ഇലക്ഷന്‍ കമ്മിഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണു സുകേഷ് പൊലീസിനോടു പറഞ്ഞത്. താന്‍ അതിനായി നിയോഗിക്കപ്പെട്ട വ്യക്തിയാണെന്നും സുകേഷ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ദിനകരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പാണ്. 2011ല്‍ ദിനകരനെ എഐഎഡിഎംകെയില്‍നിന്നും ജയലളിത പുറത്താക്കിയിരുന്നു. ജയലളിതയുടെ അന്ത്യം വരെ ദിനകരനെ പാര്‍ട്ടിക്കു പുറത്തുനിറുത്തുകയും ചെയ്തു. എന്നാല്‍ ജയലളിതയുടെ കാലശേഷം ശശികലയാണു ദിനകരനെ പാര്‍ട്ടിയിലേക്കു തിരിച്ചെടുത്തത്. ഇത്തരം പശ്ചാത്തലമുള്ള ദിനകരന്‍ പാര്‍ട്ടിയില്‍ സ്വാധീനമുറപ്പാക്കുന്നത് തടയാന്‍ ശശികല ക്യാംപിലെ ഭൂരിഭാഗം എംഎല്‍എമാരും ആഗ്രഹിക്കുന്നുണ്ട്. ഇതാണ് അവരെ ഒപിഎസുമായി അടുക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.

Comments

comments

Categories: Politics, Top Stories

Related Articles