‘ലീഫ്’ ഇലക്ട്രിക് കാറിന്റെ ഇന്ത്യന്‍ സാധ്യതകള്‍ നിസ്സാന്‍ പരിശോധിക്കും

‘ലീഫ്’ ഇലക്ട്രിക് കാറിന്റെ ഇന്ത്യന്‍ സാധ്യതകള്‍ നിസ്സാന്‍ പരിശോധിക്കും

ഇന്ത്യയില്‍ ഈ വര്‍ഷം ലീഫ് കാറിന്റെ പരീക്ഷണ ഓട്ടം നടത്തും

ന്യൂ ഡെല്‍ഹി : ലീഫ് (ലീഡിംഗ് എന്‍വിയോണ്‍മെന്റലി-ഫ്രണ്ട്‌ലി അഫോഡബ്ള്‍ ഫാമിലി) ഇലക്ട്രിക് കാറിന് ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനി ആരായുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ലീഫ് കാറുകള്‍ വില്‍പ്പന നടത്താനാണ് നിസ്സാന്‍ കരുക്കള്‍ നീക്കുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം ലീഫ് കാറിന്റെ പരീക്ഷണ ഓട്ടം നടത്തുമെന്ന് നിസ്സാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഗ്വില്ലോം സികാര്‍ഡ് അറിയിച്ചു.

ലോകത്ത് മികച്ച വില്‍പ്പന നടക്കുന്ന ഇലക്ട്രിക് വാഹനമാണ് ലീഫ് എന്ന് സികാര്‍ഡ് അവകാശപ്പെട്ടു. ഇതുവരെ രണ്ടര ലക്ഷത്തിലധികം ലീഫ് കാറുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്. ഇന്ത്യന്‍ പാതകളിലും കാലാവസ്ഥകളിലും കാറിന്റെ പെര്‍ഫോമന്‍സും ബാറ്ററി ശേഷിയും പരിശോധിക്കുന്നതിനാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇന്ത്യയില്‍ ലീഫ് കാറുകളുടെ വില്‍പ്പന ഉഷാറാക്കുന്നതിന് നിസ്സാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കാമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുശേഷം കാര്‍ ഇവിടെ അസ്സംബ്ള്‍ ചെയ്യുന്നതിനും പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള സാധ്യതകള്‍ ആരായും.

പ്രാദേശികമായി ലീഫ് കാറുകള്‍ അസ്സംബ്ള്‍ ചെയ്യാനുള്ള തീരുമാനം നിസ്സാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് രാജ്യമെന്ന ലക്ഷ്യം ആഗ്രഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമാകും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ക്ഷണിച്ചെങ്കിലും ഇലോണ്‍ മസ്‌ക് തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. വിവിധ ആനുകൂല്യങ്ങള്‍ക്കൊപ്പം കയറ്റുമതി സുഗമമാക്കുന്നതിന് പ്രധാന തുറമുഖത്തിന് സമീപം സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സികാര്‍ഡ് മനസ്സ് തുറന്നില്ല. എന്നാല്‍ തദ്ദേശീയമായി കാറുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരുകളുടെ പിന്തുണ വളരെ വലുതാണെന്ന് ഗ്വില്ലോം സികാര്‍ഡ് വ്യക്തമാക്കി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തങ്ങളുടെ ബാറ്ററി ഏതുവിധത്തില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ജാപ്പനീസ് കമ്പനിയുടെ വലിയ ആശങ്കയെന്ന് ഇക്കാര്യങ്ങള്‍ അടുത്തറിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ ബാറ്ററിയുടെ പ്രവര്‍ത്തനശേഷി പരിശോധിക്കപ്പെടണം.

Comments

comments

Categories: Auto