ന്യൂ-ജെന്‍ സ്‌കോര്‍പ്പിയോ വരുന്നു

ന്യൂ-ജെന്‍ സ്‌കോര്‍പ്പിയോ വരുന്നു

ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ വാഹനം നിരത്തുകളിലെത്തിക്കും

മുംബൈ : പുത്തന്‍ തലമുറ സ്‌കോര്‍പ്പിയോയുടെ പണിപ്പുരയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്റര്‍. ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ ഈ വാഹനം നിരത്തുകളിലെത്തിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

നിലവിലെ വേര്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ മാതൃകയിലും രൂപഭംഗിയിലുമായിരിക്കും നാലാം-തലമുറ സ്‌കോര്‍പ്പിയോ വരിക. വികസിത രാജ്യങ്ങളിലെ വിപണികളില്‍ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാന്‍ പോന്നതായിരിക്കും വാഹനത്തിന്റെ രൂപകല്‍പ്പനയും സവിശേഷതകളും. ഒരു എസ്‌യുവിയും പിക്കപ്പ് ട്രക്കും നിര്‍മ്മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.

സ്‌കോര്‍പ്പിയോ അടിസ്ഥാനമാക്കിയ ചെറിയ പിക്കപ്പ് ട്രക്കുമായി അമേരിക്കന്‍ വിപണിയിലേക്ക് ഓടിക്കയറണമെന്ന് കാലങ്ങളായി മഹീന്ദ്ര പറഞ്ഞുകേള്‍ക്കുന്നതാണ്. പുതിയ വാഹനം വടക്കന്‍ അമേരിക്ക, യൂറോപ്പ് എന്നീ വികസിത വിപണികളില്‍ മഹീന്ദ്രയുടെ കൊടികെട്ടിയ വാഹനമായിരിക്കുമെന്ന് മാത്രമല്ല, ഘടാഘടിയന്‍മാരുടെ മത്സരം നടക്കുന്ന ആഭ്യന്തര എസ്‌യുവി വിപണിയിലേക്കുള്ള മഹീന്ദ്രയുടെ തുറുപ്പുചീട്ട് കൂടിയായിരിക്കും ഈ നിര്‍ദ്ദിഷ്ട വാഹനം. പുത്തന്‍ തലമുറ സ്‌കോര്‍പ്പിയോ നിര്‍മ്മിച്ചുതുടങ്ങുന്നതായി മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ വധേര ഈയിടെ സ്ഥിരീകരിച്ചിരുന്നു.

Z101 എന്നാണ് വാഹനത്തിന് കോഡ്‌നാമം നല്‍കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിനാണ് കണ്‍സെപ്റ്റ് ഡിസൈന്റെ ഉത്തരവാദിത്തം. തുടര്‍ന്ന് എന്‍ജിനീയറിംഗ്, ഇന്റഗ്രേഷന്‍ ജോലികള്‍ ചെന്നൈയിലെ ഗവേഷണ-വികസന കേന്ദ്രമായ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ നടക്കും.

റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രേറ്റ എന്നിവയില്‍നിന്ന് ശക്തമായ മത്സരം നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിലവില്‍ പ്രതിമാസം 3,000 ലധികം സ്‌കോര്‍പ്പിയോ വിറ്റുപോകുന്നുണ്ട്. കമ്പനിയെ ലാഭത്തിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും സ്‌കോര്‍പ്പിയോ തന്നെ.

Comments

comments

Categories: Auto