കുരുന്നുകള്‍ക്കൊരു കൂട് ‘ ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടന്‍’

കുരുന്നുകള്‍ക്കൊരു കൂട് ‘ ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടന്‍’
കുരുന്നുകള്‍ക്ക് സ്‌നേഹവും അറിവും ഒരു പോലെ പകര്‍ന്ന് നല്‍കുന്ന നേഴ്‌സറി 
വിദ്യാലയങ്ങളാണ് നമ്മുടെ സമൂഹത്തിനാവശ്യം

ഷാലുജ സോമന്‍

നമ്മുടെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ആദ്യമായി അക്ഷരങ്ങളും കൊച്ച് കൊച്ച് അറിവുകളും പകര്‍ന്ന് നല്‍കുന്നത് വിവിധ പ്ലേ സ്‌കൂളുകളിലെ അധ്യാപികമാരും ആയമാരും ചേര്‍ന്നാണ്. കുഞ്ഞ് ജനിച്ചു രണ്ട് വയസു തികയുമ്പോള്‍ തന്നെ വിവിധ പ്ലേ സ്‌കൂളുകളില്‍ അയയ്ക്കുന്ന മതാപിതാക്കളാണ് ഇന്ന് ഭൂരിഭാഗവും. എന്നാല്‍ നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് വിവിധ പ്ലേ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. കൊച്ചു കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വ്വം അക്ഷരങ്ങള്‍ പകര്‍ന്നു നല്‍േകണ്ട അധ്യാപകരില്‍ നിന്നു തന്നെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം എത്രത്തോളം ഭീകരമായ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ…

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ പ്ലേ സ്‌കൂളുകളും മാതൃകയാക്കേണ്ട ഒരു നേഴ്‌സറി വിദ്യാലയത്തെ നമുക്ക് പരിചയപ്പെടാം. ഇതാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ഡന്‍. 2000- ലാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടന്‍ ആരംഭിക്കുന്നത്. വിജയകരമായ പതിനേഴ് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്ന ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടന്റെ വളര്‍ച്ചയ്ക്കു പിന്നിലുള്ള പെണ്‍കരുത്തിനെ പരിചയപ്പെടാം. ലീനയാണ് ഈ നേഴ്‌സറി വിദ്യാലയത്തിന്റെ വിജയത്തിനുപിന്നിലെ ശക്തി. സ്‌കൂളിന്റെ ആരംഭത്തെക്കുറിച്ച് ലീന പറയുന്നത് ഇങ്ങനെ.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ഒരു ഏകാന്ത ജീവിതത്തില്‍ അകപ്പെട്ടു പോയേക്കാവുന്ന സാഹചര്യത്തിലാണ് ആദ്യം ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് വീടിനോട് ചേര്‍ന്ന് അച്ഛന്‍ ഒരു കെട്ടിടം നിര്‍മ്മിച്ചത്. ഇത് ഒരു വീടിന്റെ പ്ലാനിലാണ് നിര്‍മ്മിച്ചിരുന്നത് അഥവാ എന്തെങ്കിലും സാഹചര്യത്താല്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിക്കാതിരുന്നാല്‍ വാടകയ്ക്ക് കൊടുക്കാം എന്നായിരുന്നു പദ്ധതി. പിന്നീട് ഒരു പ്ലേ സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. തുടക്കത്തില്‍ വെറും അഞ്ചുകുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഓരോ വര്‍ഷവും കുട്ടികള്‍ കൂടിക്കൊണ്ടേയിരുന്നു. ഇപ്പോള്‍ 120-ല്‍പ്പരം കുട്ടികള്‍ ഉണ്ട്.

രണ്ട് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എല്‍കെജി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ 12.30 വരെയും യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് 12.30 മുതല്‍ 3.30 വരെയും പ്ലേ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് രാവിലെ 10.00 മുതല്‍ 12 വരെയും ആണ് ക്ലാസുകള്‍. ആദ്യം പ്ലേ സ്‌കൂള്‍ മാത്രമായിരുന്നു. പിന്നീട് രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് എല്‍കെജിയും യുകെജിയും കൂടി ഉള്‍പ്പെടുത്തിയത്. ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത് പരസ്പരം പറഞ്ഞും കേട്ടും ആണെന്നു ലീന അറിയിച്ചു. ”ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് അറിഞ്ഞ് ബന്ധുക്കളും അയല്‍വാസികളും കുട്ടികളെ ചേര്‍ക്കാറുണ്ട്. ഇതുതന്നെയാണ് ഞങ്ങളുടെ ആത്മധൈര്യവും.

മറ്റുള്ള നേഴ്‌സറി വിദ്യാലയത്തില്‍ പഠിപ്പിക്കുന്ന രീതികള്‍ ഒന്നും അവലംബിക്കാതെയാണ് ഇവിടെ ക്ലാസുകള്‍ നടത്തുന്നത്. മറ്റുള്ള സ്‌കൂളുകളില്‍ ‘എ ഫോര്‍ ആപ്പിള്‍’ എന്നു പഠിപ്പിക്കുമ്പോള്‍ ഇവിടെ ഓരോ വാക്കിന്റെയും ഉച്ചാരണ രീതിയാണ് പഠിപ്പിക്കുന്നത്. ഓരോ കാര്യവും പഠിപ്പിക്കുമ്പോഴും അതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആന എന്നു പറയുമ്പോള്‍ ആനയുടെ ചിത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി അവരോട് അത് ക്രമീകരിക്കുവാന്‍ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു തന്നെ കുട്ടികള്‍ക്ക് ആനയെക്കുറിച്ചും അതിന്റെ ശരീരഘടനയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഇവിടെ കുട്ടികളെ മാനസികമായി കൂടുതല്‍ കഴിവുള്ളവരാക്കി മാറ്റുകയാണ് ചെയ്യാറുള്ളത്. കൂടാതെ ചെറുപ്രായത്തില്‍ കുട്ടികളെ തനിയെ ഭക്ഷണം കഴിക്കുന്നതിനും തനിയെ ബാത്‌റൂമില്‍ പോകുന്നതിനുമെല്ലാം പഠിപ്പിക്കുന്നതിന് ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇവിടെ ഇംഗ്ലീഷ് ഭാഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്. കുട്ടികളോട് സംസാരിക്കുമ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് തന്നെയാണ്. ഇവിടെ എട്ട് ജീവനക്കാരുണ്ട്. അതില്‍ നാല് പേര്‍ അധ്യാപകരും നാല് പേര്‍ ആയ മാരുമാണ്. ഈ സ്‌കൂള്‍ തുടങ്ങിയത് മുതലുള്ള അധ്യാപകരും ആയമാരും തന്നെയാണ് ഇവിടെ ഇപ്പോഴും ഉള്ളത്.

ഞങ്ങള്‍ വളരെയധികം സ്‌നേഹത്തോടുകൂടിയാണ് കുട്ടികളെ പഠിപ്പിക്കുന്നതും അവരെ സംരക്ഷിക്കുന്നതും. ഇവിടെയുള്ള 120 കുട്ടികളുടെയും അമ്മമാര്‍ അവരെ എങ്ങനെ സംരക്ഷിക്കുന്നോ അതുപോലെതന്നെയാണ് ഇവിടുത്തെ അധ്യാപകരും ആയമാരും കുട്ടികളെ സംരക്ഷിക്കുന്നതും ശ്രദ്ധിക്കുന്നതും. ഇവിടെ വിദ്യാര്‍ത്ഥികളെ പാചകവും പഠിപ്പിക്കുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ തനിയെ ഭക്ഷണം കഴിക്കുന്നതിനും മറ്റും പഠിപ്പിക്കുന്നതില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ” ലീനപറയുന്നു.

ലിറ്റില്‍ ഹാര്‍ട്ട് പ്ലേ സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത റഷ്യന്‍അധ്യാപികയുടെ സേവനമാണ്. അന്റോണിനോ കുറഷോവ എന്ന റഷ്യന്‍ വനിത രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇവിടെ എത്തുകയും 7 മാസത്തോളം ഇവിടെ നിന്ന് കുട്ടികളെയും അധ്യാപകരെയും പഠിപ്പിക്കുകയും ചെയ്യുന്നു. അന്റോണിനോ കുറഷോവ തനിച്ചല്ല കേരളത്തിലെത്തുന്നത് കൂടെ അന്റോണിനോയുടെ പ്രിയ വളര്‍ത്തു നായ ആയ ഷാരൂഖും കേരളത്തിലെത്താറുണ്ട്. റഷ്യയും കോഴിക്കോട്ടെ നേഴ്‌സറി വിദ്യാലയവും തമ്മില്‍ എന്തു ബന്ധമാണുള്ളത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ലിറ്റില്‍ ഹാര്‍ട്ട് കിന്റര്‍കിന്റര്‍ഗാര്‍ട്ടനിലെ പ്രധാന അധ്യാപികയായ ലീനയുടെ പ്രിയസുഹൃത്താണ് അന്റോണിനോ കുറഷോവ.

വിവിധ രാഷ്ടങ്ങളിലെ ഭാഷകളെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ലീന, അന്റോണിനോ റഷ്യയില്‍ നടത്തുന്ന പ്ലേ സ്‌കൂളില്‍ നിന്നാണ് കുട്ടികളെക്കുറിച്ചും അവരോട് ഇടപഴകേണ്ട രീതികളെക്കുറിച്ചുമെല്ലാം പഠിക്കുന്നത്. ഈ സൗഹൃദമാണ് ഇപ്പോള്‍ അന്റോണിനോയെ കേരളത്തിലെത്തിക്കുന്നത്. ഇവിടെ മലയാളം,ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്ങിണി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍ പഠിക്കുന്നുണ്ട്. എല്ലാ ഭാഷകളും കൈകാര്യം ചെയ്യാന്‍ ഇവിടത്തെ ടീച്ചര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് ഇവിടത്തെ പ്രധാന അധ്യാപികയും പ്രിന്‍സിപ്പാളുമായ ലീന തന്നെയാണ്. വിവിധ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നതുകൊണ്ടു തന്നെ ലീനക്ക് തന്റെ പ്ലേ സ്‌കൂളിലെത്തുന്ന കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാവാറില്ല.

 ” കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് ഒരിക്കലും ഒരു ബിസിനസ്സായി കാണരുത്. പ്ലേ സ്‌കൂളുകളും മറ്റും നടത്തുന്നത് ലാഭം പ്രതീക്ഷിച്ചുകൊണ്ട് മാത്രം ആകരുത് “

ലീന
പ്രിന്‍സിപ്പാള്‍
ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടന്‍

Comments

comments

Categories: FK Special, Life