റെയ്ല്‍വേയുടെ ടിക്കറ്റ് ഇതര വരുമാനം ഉയര്‍ന്നു

റെയ്ല്‍വേയുടെ ടിക്കറ്റ്  ഇതര വരുമാനം ഉയര്‍ന്നു
അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരക്ക് ഇതര വരുമാനമെന്ന നിലയില്‍ 18,450 കോടി രൂപ 
നേടാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ ടിക്കറ്റ് ഇതര വരുമാനം (നോണ്‍ ഫെയര്‍ റെവന്യു, എന്‍എഫ്ആര്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70 ശതമാനം ഉയര്‍ന്ന് 10,181 കോടി രൂപയായി. 2016-17 കാലയളവില്‍ 1,72,000 കോടി രൂപയുടെ മൊത്തം വരുമാന ലക്ഷ്യത്തില്‍ 1,65,068 കോടി രൂപയും റെയ്ല്‍വേ നേടിയെടുത്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രാ വിഭാഗം 46,279 കോടി രൂപയുടേയും ചരക്ക് വിഭാഗം 1,04,310 കോടി രൂപയുടെയും വരുമാനമാണ് കൈവരിച്ചത്. 48,000 കോടി രൂപയുടെയും 1,08,900 കോടി രൂപയുടെയും വരുമാനമാണ് യാത്ര- ചരക്ക് വിഭാഗങ്ങളില്‍ ലക്ഷ്യമിട്ടിരുന്നത്. റെയ്ല്‍വേയുടെ നിരക്ക് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു വിവിധ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഔട്ട് ഓഫ് ഹോം പരസ്യം, ട്രെയ്ന്‍ ബ്രാന്‍ഡിംഗ്, എടിഎം പോളിസി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

റെയ്ല്‍ റേഡിയോ, സംയോജിത മൊബീല്‍ ആപ്പ്, റെയ്ല്‍വേ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്ക് എന്നിങ്ങനെയുള്ള ടിക്കറ്റ് ഇതര സംരംഭങ്ങളിലൂടെ ഓരോ വര്‍ഷവും 3,475 കോടി രൂപ നേടാമെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരക്ക് ഇതര വരുമാനമെന്ന നിലയില്‍ 18,450 കോടി രൂപ നേടാന്‍ സാധിക്കുമെന്നും കണക്കുകൂട്ടപ്പെടുന്നു.

കഴിഞ്ഞ ധനകാര്യ വര്‍ഷം റെയ്ല്‍വേ തെരഞ്ഞെടുത്ത പ്രീമിയം ട്രെയ്‌നുകളില്‍ വ്യത്യസ്ത നിരക്ക് അവതരിപ്പിച്ചിരുന്നു. യാത്രക്കാരില്‍ നിന്നുള്ള വരുമാനം അധികമാക്കുക ലക്ഷ്യമിട്ട് പുതിയ ട്രെയ്‌നുകളില്‍ 1.01 കോടി ബെര്‍ത്തുകളും കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം, ദീര്‍ഘദൂരത്തേക്ക് കൊണ്ടുപോകുന്ന ചരക്കുകള്‍ക്ക് ആനുകൂല്യം, സമയകൃത്യതയുള്ള ട്രെയ്‌നുകള്‍, പോര്‍ട്ട് കണ്‍ജെക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കുക പോലുള്ള നടപടികളും റെയ്ല്‍വേ സ്വീകരിക്കുകയുണ്ടായി. ഇന്ത്യന്‍ റെയ്ല്‍വേ കഴിഞ്ഞ വര്‍ഷം ഏകദേശം 8,219 മില്ല്യണ്‍ യാത്രക്കാരെയാണ് വഹിച്ചത്. 8,182 മില്ല്യണായിരുന്നു ലക്ഷ്യം.

Comments

comments

Categories: Top Stories