ഇന്ത്യന്‍ ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് സര്‍ക്കാര്‍ ട്രേഡ്മാര്‍ക്ക് നല്‍കിയേക്കും

ഇന്ത്യന്‍ ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് സര്‍ക്കാര്‍ ട്രേഡ്മാര്‍ക്ക് നല്‍കിയേക്കും

ഹാന്‍ഡ്‌മെയ്ഡ് ചവിട്ടി കയറ്റുമതിയില്‍ 40 ശതമാനം വിഹിതം ഇന്ത്യയുടേതാണ്

ന്യൂഡെല്‍ഹി: കൈകൊണ്ടുണ്ടാക്കുന്ന കാര്‍പെറ്റുകളുടെ വിപണിയിലെ ഇന്ത്യയുടെ സ്ഥാനം തിരികെപ്പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് ട്രേഡ്മാര്‍ക്ക് നല്‍കുന്നതിനും ഗുണമേന്മയുടെ ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കമ്പിളിക്ക് ഉയര്‍ന്ന ഗുണമേന്മ ഉറപ്പ് നല്‍കുന്ന ഓസ്‌ട്രേലിയയുടെ വൂള്‍മാര്‍ക്ക് പോലെ ഇന്ത്യന്‍ ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ ടെക്‌സ്റ്റൈല്‍സ് മന്ത്രാലയും ആരംഭിച്ച് കഴിഞ്ഞു.

”ഞങ്ങള്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ്. സംഘടന നിശ്ചയിച്ചിട്ടുള്ള നിലവാരം കാത്തുസൂക്ഷിക്കുന്നതാണ് ഉല്‍പ്പന്നം എന്ന് വ്യക്തമാക്കാന്‍ ട്രേഡ്മാര്‍ക്ക് വഴി കഴിയും,” കാര്‍പെറ്റ് കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് ശര്‍മ പറഞ്ഞു. വിറ്റുവരവ്, തൊഴില്‍ശേഷി, നിര്‍മാണ രീതി എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ വിവിധ മാനദണ്ഡങ്ങള്‍ തയാറാക്കാന്‍  രണ്ടോ മൂന്നോ വര്‍ഷമെടുക്കും. ലോകത്തിലെ ഹാന്‍ഡ്‌മെയ്ഡ് ചവിട്ടി കയറ്റുമതിയില്‍ 40 ശതമാനം വിഹിതം ഇന്ത്യയുടേതാണ്. ഇത് ഏകദേശം 9,000 കോടി രൂപയോളം വരും. കയറ്റുമതിയില്‍ പ്രതിവര്‍ഷം ഏകദേശം 10 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. ആഗോള കാര്‍പെറ്റ് വിപണിയില്‍ ഇറാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍ എന്നിവരാണ് പ്രധാനികള്‍. മൊത്തം കയറ്റുമതിയില്‍ ഏകദേശം 20-25 ശതമാനം ഇറാന്റേതാണ്. ചൈനയ്ക്ക് 20 ശതമാനവും നേപ്പാളിന് ഏതാണ്ട് 10 ശതമാനവും കയറ്റുമതിയുണ്ട്. ചൈനയുടെ കാര്‍പെറ്റുകളില്‍ ഭൂരിഭാഗവും മെഷിന്‍ വഴി നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവരാണ് മറ്റ് പ്രധാന കയറ്റുമതിക്കാര്‍. മുഖ്യ ഇറക്കുമതിക്കാര്‍ യൂറോപ്പും അമേരിക്കയുമാണ്. മൊത്തം ഇറക്കുമതിയുടെ 95 ശതമാനവും ഇവിടങ്ങളിലേക്കാണ്. റഷ്യ, ചൈന, ബ്രസീല്‍, ചിലി എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണവും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. കാശ്മീര്‍, മിര്‍സപൂര്‍, ഭദൊഹി, വാരണാസി എന്നവിടങ്ങളില്‍ നിന്നുള്ള ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകളില്‍ നിലവിലുള്ള ഭൗമ സവിശേഷതാ അടയാളങ്ങള്‍ ഉപയോഗിക്കാനാണ് പദ്ധതി. നെയ്ത്ത്കാര്‍ക്ക് പരിശീലനം നല്‍കാനും കൗണ്‍സിലിന് പദ്ധതിയുണ്ട്.

മെഷീന്‍ നിര്‍മിത കാര്‍പെറ്റുകൡ മത്സരം വര്‍ധിച്ച് വരികയാണ്. ആഗോള മെഷിന്‍ നിര്‍മിത ചവിട്ടികളില്‍ ഇന്ത്യയ്ക്ക് 1 ശതമാനത്തില്‍ താഴെയാണ് വിഹിതം. അതിനാല്‍ തന്നെ ഇന്ത്യയുടെ ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റ് വിപണിയെ കൂടുതല്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കലിനനുസരിച്ച് ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ നല്‍കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രതാപ് ശര്‍മ പറഞ്ഞു.

Comments

comments

Categories: Business & Economy