മാര്‍ച്ചില്‍ രാജ്യത്തെ മൊത്തം നിയമനങ്ങളില്‍ വര്‍ധന

മാര്‍ച്ചില്‍ രാജ്യത്തെ മൊത്തം നിയമനങ്ങളില്‍ വര്‍ധന

വന്‍ നഗരങ്ങളിലെ നിയമനങ്ങളില്‍ ഇടിവ്

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം രാജ്യത്ത് നടന്നിട്ടുള്ള മൊത്തം നിയമനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നൗക്രി ജോബ്‌സ്പീക്ക് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തൊട്ടു മുന്‍ വര്‍ഷത്തെ മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്നിട്ടുള്ള മൊത്തം നിയമനങ്ങളില്‍ അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ മൊത്തം നിയമനങ്ങളില്‍ വളര്‍ച്ച നിരീക്ഷിക്കാനായിട്ടുണ്ടെങ്കിലും രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളില്‍ അഞ്ച് നഗരങ്ങളിലും നിയമന പ്രവര്‍ത്തനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലും, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും, ടെക് ഹബ്ബ് എന്നറിയപ്പെടുന്ന ബെംഗളൂരുവിലും നടന്നിട്ടുള്ള നിയമനങ്ങളില്‍ യഥാക്രമം 15 ശതമാനത്തിന്റെയും 12 ശതമാനത്തിന്റെയും നാല് ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ മാര്‍ച്ചില്‍ നിയമനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് നൗക്രി ജോബ് പോര്‍ട്ടലിന്റെ ജോബ്‌സ്പീക്ക് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. കൊല്‍ക്കത്തയിലെ നിയമനങ്ങളില്‍ 10 ശതമാനത്തിന്റെ വര്‍ധനയും അഹമ്മദാബാദിലെ നിയമനങ്ങലില്‍ 9 ശതമാനത്തിന്റെ വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്നിട്ടുള്ള നിയമനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

ചെന്നൈയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു വര്‍ഷം മാര്‍ച്ചില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ ഇടിവ് നിരീക്ഷിച്ചിട്ടുണ്ട്. പത്ത് ശതമാനത്തിന്റെ കുറവാണ് ചെന്നൈ നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പൂനെയില്‍ ഈ വര്‍ഷം നടന്നിട്ടുള്ള നിയമനങ്ങളില്‍ മുന്‍വര്‍ഷത്തേതില്‍ നിന്നും മാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഈ രംഗത്തെ നിയമനങ്ങളില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

നിര്‍മാണം, ബിപിഒ തുടങ്ങിയ രാജ്യത്തെ പ്രധാന വ്യാവസായിക മേഖലകളില്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ മാര്‍ച്ചില്‍ 9 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഐടി സോഫ്റ്റ്‌വെയര്‍ രംഗം ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിയമനങ്ങളിലെ വളര്‍ച്ച വരുമാസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മാണം, ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ നിയമനങ്ങളില്‍ കാര്യമായ വര്‍ധന നിരീക്ഷിക്കാനായത് മികച്ച സൂചനയാണെന്ന് നൗക്രി ഡോട്ട് കോം ചീഫ് സെയ്ല്‍സ് ഓഫീസര്‍ വി സുരേഷ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Life