ഡാബര്‍ ആയൂര്‍വേദ കോള്‍ സെന്ററിന് നീക്കമിടുന്നു

ഡാബര്‍ ആയൂര്‍വേദ കോള്‍ സെന്ററിന് നീക്കമിടുന്നു
പുതു തലമുറയ്ക്കിടയില്‍ ആയൂര്‍വേദത്തെ പ്രചരിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള 
പരിശ്രമത്തിന്റെ ഭാഗമാണ് കോള്‍ സെന്റര്‍

ന്യൂഡെല്‍ഹി: ആയൂര്‍വേദ മരുന്നുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മാതാക്കളായ ഡാബര്‍ ആയൂര്‍വേദ കോള്‍ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ഉപഭോക്താക്കള്‍ക്ക്് ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഉപദേശം നല്‍കുകയാണ് കോള്‍ സെന്ററിന്റെ ലക്ഷ്യം. ഡോക്റ്റര്‍മാരില്‍ നിന്ന് ആരോഗ്യ സംബന്ധിയായ ഉപദേശം തേടുന്നതിന് വേദിയൊരുക്കുന്ന സംവിധാനം പരീക്ഷണ ഘട്ടമെന്ന നിലയില്‍ ഒഡീഷയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യത്തെയും ആയൂര്‍വേദത്തേയും പറ്റിയുള്ള ഉപയോക്താക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് പുറമെ, ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സും ഡോക്റ്റര്‍മാരും കോള്‍ സെന്ററിലൂടെ മരുന്നുകളും നിര്‍ദേശിക്കും. പുതു തലമുറയ്ക്കിടയില്‍ ആയൂര്‍വേദത്തെ പ്രചരിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണ് കോള്‍ സെന്റര്‍ പ്ലാറ്റ്‌ഫോമെന്ന് അധികൃതര്‍ പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബക്കു ഉടമസ്ഥതയിലെ, ചൈനീസ് പാരമ്പര്യ മരുന്നുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയായ ആലിഹെല്‍ത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഡാബര്‍ തങ്ങളുടെ സംരംഭത്തിന് ആസ്‌ക് ഡാബര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരോഗ്യപരിരക്ഷാ വിഭാഗത്തിലെ ഇ- സ്റ്റോറായ ലൈവ്‌വേദ ഡാബര്‍ ആരംഭിച്ചിരുന്നു. ലൈവ് വേദയേയും ആസ്‌ക് ഡാബറിനേയും ലയിപ്പിച്ചേക്കുമെന്നും പറയപ്പെടുന്നു.

Comments

comments

Categories: Business & Economy