വല്ലഭന് പുല്ലും ആയുധം ; കാര്‍ നിര്‍മ്മാണത്തിന് ഫോര്‍ഡ് മുള ഉപയോഗിക്കും

വല്ലഭന് പുല്ലും ആയുധം ; കാര്‍ നിര്‍മ്മാണത്തിന് ഫോര്‍ഡ് മുള ഉപയോഗിക്കും
ഇന്റീരിയറിന്റെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുളയുടെയും പ്ലാസ്റ്റിക്കിന്റെയും 
മിശ്രണം അധികം വൈകാതെ ഉപയോഗിച്ചുതുടങ്ങും

നാന്‍ജിംഗ്, ചൈന : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലോകത്തെ ബലമേറിയ പ്രകൃതിദത്ത വസ്തുക്കളിലൊന്നായ മുള ഉപയോഗിക്കും. വാഹനങ്ങളുടെ ഇന്റീരിയറിന്റെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുളയുടെയും പ്ലാസ്റ്റിക്കിന്റെയും മിശ്രണം അധികം വൈകാതെ ഉപയോഗിച്ചുതുടങ്ങുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘സൂപ്പര്‍ ഹാര്‍ഡ് മെറ്റീരിയല്‍’ നിര്‍മ്മിക്കുന്നതിനാണ് മുളയും പ്ലാസ്റ്റിക്കും ഒന്നിച്ചുചേര്‍ക്കുന്നത്.

മുള വളരെയധികം ആശ്ചര്യപ്പെടുത്തുന്നതായി ഫോര്‍ഡിന്റെ നാന്‍ജിംഗ് റിസര്‍ച്ച് ആന്‍ഡ് എന്‍ജിനീയറിംഗ് സെന്ററിലെ മെറ്റീരിയല്‍സ് എന്‍ജിനീയറിംഗ് സൂപ്പര്‍വൈസര്‍ ജാനറ്റ് യിന്‍ പറഞ്ഞു. ബലമേറിയതും അതേസമയം വളയുന്നതും വഴങ്ങുന്നതും പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്നതുമാണ് മുള. മാത്രമല്ല, ചൈനയിലും എഷ്യയിലെ മറ്റ് പല പ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്നതുമാണെന്നും അവര്‍ പറഞ്ഞു.

വാഹനത്തിന്റെ ഉള്‍വശത്ത് മുള ഉപയോഗിക്കുന്നതിന്റെ പ്രായോഗികത പഠിക്കുന്നതിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫോര്‍ഡ് വാഹനഘടക നിര്‍മ്മാതാക്കളുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുള പ്ലാസ്റ്റിക്കുമായി ചേര്‍ത്ത് എക്‌സ്ട്രാ സ്‌ട്രോംഗ് പാര്‍ട്‌സ് നിര്‍മ്മിക്കുന്നതിനാണ് ഇവര്‍ സഹകരിച്ചുവന്നത്. കൃത്രിമ, പ്രകൃതിദത്ത നാരുകളേക്കാള്‍ മികച്ച രീതിയില്‍ മുള പ്രവര്‍ത്തിക്കുന്നതായി സംഘം കണ്ടെത്തിയതെന്ന് ഫോര്‍ഡ് വ്യക്തമാക്കി. 212 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂടാക്കിയപ്പോഴും അതിന്റെ സ്വഭാവദാര്‍ഢ്യം നഷ്ടപ്പെട്ടില്ല.

മുളയില്‍ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍തന്നെ ലോക പ്രശസ്ത ടെക്വില ബ്രാന്‍ഡായ ഹോസെ ക്യുര്‍വോയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതായി ഫോര്‍ഡ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ടെക്വില കര്‍ഷകരുടെ എഗാവി ചെടിയില്‍നിന്നുള്ള ഉപോല്‍പ്പന്നം ഉപയോഗിച്ച് കൂടുതല്‍ സുസ്ഥിരമായ ബയോപ്ലാസ്റ്റിക്‌സ് നിര്‍മ്മിക്കാന്‍ കഴിയുമോയെന്നാണ് ഫോര്‍ഡ് അന്വേഷിക്കുന്നത്.

നിലവില്‍ ഫോര്‍ഡ് തങ്ങളുടെ വാഹനങ്ങളില്‍ നിരവധി സുസ്ഥിര വസ്തുക്കള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫോര്‍ഡ് എസ്‌കേപ്പിന്റെ ഡോര്‍ ബോള്‍സ്റ്ററുകളില്‍ പരുത്തി വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയായ കെനാഫും അരിമണികളില്‍നിന്നെടുക്കുന്ന ഉമി ഫോര്‍ഡ് F-150 ലും ഗോതമ്പ് വയ്‌ക്കോല്‍ ഫോര്‍ഡ് ഫ്‌ളെക്‌സിലും ഉപയോഗിച്ചിരുന്നു.

 

Comments

comments

Categories: Auto