കൃത്രിമ ബുദ്ധിയുടെ വരവും തൊഴില്‍ നഷ്ടമെന്ന ഭീതിയും

കൃത്രിമ ബുദ്ധിയുടെ വരവും തൊഴില്‍ നഷ്ടമെന്ന ഭീതിയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ കൃത്രിമ ബുദ്ധി, എവിടെയും ചര്‍ച്ചാ വിഷയം അതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമാകുന്നതോടെ വന്‍തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ പലതും ഊതിപ്പെരുപ്പിച്ച കണക്കുകളല്ലേ എന്ന് സംശയിക്കേണ്ടതുണ്ട്

ഇടയ്ക്കിടെ ഇപ്പോള്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, വരാനിരിക്കുന്നത് വന്‍ തൊഴില്‍ നഷ്ടം. ഇതായിരിക്കും മിക്ക പഠനങ്ങളെയും അധികരിച്ച് മാധ്യമങ്ങളില്‍ വരുന്ന തലക്കെട്ടുകള്‍. ഓക്‌സ്‌ഫോഡ് സര്‍വകലാശാല നാല് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ പറയുന്നത്. ലോകത്തിലെ 47 ശതമാനം തൊഴിലുകളും 2033 ആകുമ്പോഴേക്കും മെഷിനുകള്‍ കൈയടക്കുമെന്നാണ്. ഓട്ടോമേഷന്‍ അത്രമാത്രം വേഗത്തില്‍ വ്യാപകമാകുമെന്നാണ് പഠനം പറഞ്ഞത്.

ഒരു റോബോട്ടിന് 100 ജീവനക്കാര്‍ക്കു പകരമാകാന്‍ കഴിയുമെന്നാണ് ചില സാങ്കേതിക വിദഗ്ധരുടെ വാദം. അടുത്തിടെ ഫ്യൂച്ചര്‍ കേരള പത്രത്തില്‍ തന്നെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് നോക്കുക, ‘ഡിജിറ്റല്‍ ഓട്ടോമേഷന്‍ അമ്പത് ശതമാനത്തോളം ഇന്ത്യന്‍ ഐടി കമ്പനികളെ ബാധിച്ചേക്കും. 2017, 2018 വര്‍ഷങ്ങളിലായി 200 ബില്യണ്‍ ഡോളറിന്റെ ഐടി കരാറുകളാണ് പുതുക്കേണ്ടത്. ഡിജിറ്റല്‍ ഓട്ടോമേഷന്‍ ഈ കരാറുകളുടെ മൂന്നിലൊരു ഭാഗം അപഹരിക്കും. മാത്രമല്ല അമ്പത് ശതമാനത്തോളം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അവരുടെ നല്ലൊരു ഭാഗം കരാറുകള്‍ നഷ്ടപ്പെടും.’

കഴിഞ്ഞ ഒക്‌റ്റോബറില്‍ ലോക ബാങ്ക് നല്‍കിയ മുന്നറിയിപ്പനുസരിച്ച് ഇന്ത്യന്‍ തൊഴില്‍മേഖലയിലെ 69 ശതമാനവും ചൈനയിലെ 77 ശതമാനവും ജോലികള്‍ക്ക് ഓട്ടോമേഷന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ്. എത്യോപ്യയില്‍ 85 ശതമാനത്തോളം തൊഴിലുകള്‍ ഓട്ടോമേഷന്റെ വരവോടെ നഷ്ടമാകുമെന്നും അതേ പഠനത്തില്‍ പറയുന്നതായി ഈ പത്രം തന്നെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) നടത്തിയ ഗവേഷണത്തില്‍ നിന്നും വ്യക്തമായത് തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായിട്ടുള്ള 21 രാജ്യങ്ങളിലെ 9 ശതമാനം ജോലിയും ഓട്ടോമേഷന്‍ കവര്‍ന്നെടുക്കുമെന്നാണ്. ഈ വര്‍ഷം ജനുവരിയില്‍ മെക്കിന്‍സെ നടത്തിയ പഠനത്തില്‍ പറയുന്നത് കൃത്രിമ ബുദ്ധി കവര്‍ന്നെടുക്കുക 5 ശതമാനം തൊഴിലുകളാണെന്നാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നടത്തിയ സര്‍വെ പ്രവചിക്കുന്നത് 2020 ആകുന്നതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗപ്പെടുത്തുന്നതിന്റെ ഫലമായി നാല് മുതല്‍ ഏഴ് ശതമാനം വരെ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നാണ്.

നിലവില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കാതെ തന്നെ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി കൂടുതല്‍ ഉല്‍പ്പന്നങ്ങളും വരുമാനവും എങ്ങനെയുണ്ടാക്കമെന്നതിലാണ് കമ്പനികള്‍ ശ്രദ്ധവെക്കേണ്ടത്. വെറുതെ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് പേടിപ്പിക്കുന്ന പ്രത്യയശാസ്ത്രമല്ല വേണ്ടത്

മുകളില്‍ പറഞ്ഞ കണക്കുകളില്‍ ചിലത് എഐ എന്ന് ചുരുക്കിവിളിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമാകുന്നതോടെ ഉണ്ടായേക്കാവുന്ന തൊഴില്‍ നഷ്ടം ഊതിപ്പെരുപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കമ്പനികള്‍ എത്രമാത്രം എഐ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. അവര്‍ ഈ സാങ്കേതിക മുന്നേറ്റത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സമയത്തിനനുസരിച്ച് മാത്രമേ ഇതുമൂലമുള്ള തൊഴില്‍ നഷ്ടകണക്കുകളുടെ ചിത്രം വ്യക്തമാകൂ. പലരും, പ്രത്യേകിച്ച് ഐടി സെക്യൂരിറ്റി മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എഐ ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ജോലിയുടെ മൂല്യം കൂട്ടാന്‍ വേണ്ടിയിട്ടാണ് എന്നതും ശ്രദ്ധേയമാണ്.

ഐടി മേഖലയാണ് പ്രധാനമായും എഐയെ സ്വാംശീകരിക്കുന്നതില്‍ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. കംപ്യൂട്ടര്‍ ടു കംപ്യൂട്ടര്‍ ഇടപാടുകള്‍, ഉപഭോക്താക്കളുടെ വാങ്ങല്‍ രീതികള്‍ പ്രവചിക്കുക, ഓണ്‍ലൈന്‍ ട്രേഡിംഗ് തുടങ്ങിയ മേഖലകളിലും ഇത് സജീവമാകുന്നുണ്ട്.

ടിസിഎസ് നടത്തിയ സര്‍വെയില്‍ വ്യക്തമായത് ആഗോളതലത്തില്‍ 34-64 ശതമാനം കമ്പനികള്‍ അവരുടെ ഐടി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എഐ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. അത് കൂടുതല്‍ മെഷീന്‍ ടു മെഷീന്‍ പ്രവര്‍ത്തനങ്ങളിലാണ്.

നിലവിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി പകരം കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്ന കമ്പനികളുടെ എണ്ണം വളരെ കുറവാണെന്നാണ് അടുത്തിടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഡിജിറ്റല്‍ എന്റര്‍പ്രൈസ് ഗ്രൂപ്പ് മേധാവി സത്യ രാമസ്വാമി പറഞ്ഞത്.

ഉല്‍പ്പാദന, സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഏഴ് ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രൊഡക്ഷന്‍ സ്റ്റേജില്‍ എഐ ഉപയോഗപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ തൊഴില്‍ നഷ്ടമെന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കപ്പുറം, കമ്പനിയുടെ വരുമാനം പെട്ടെന്ന് കൂട്ടുന്ന തരത്തിലുള്ള മൂല്യവര്‍ധിത സേവനങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്തുന്നതാണ് സമീപകാലത്തേക്ക് നല്ലതെന്നാണ് ഒരുകൂട്ടം സാങ്കേതിക വിദഗ്ധരുടെ വാദം. അങ്ങനെ വന്നാല്‍ തൊഴില്‍ നഷ്ടത്തിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമത്രെ. സത്യ രാമസ്വാമി ഇതിനൊരു ഉദാഹരണവും പറയുന്നു.

ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണില്‍ ജോസഫ് സിറോഷ് എന്ന വിദഗ്ധന്‍ 2004ലാണ് ജോയ്ന്‍ ചെയ്തത്. തട്ടിപ്പ്, കിട്ടാക്കടം, ബുക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്ത ഉപഭോക്താക്കളുടെ എണ്ണം, പണം ലഭിക്കാത്ത വിതരണക്കാര്‍-ഈ വിഷയങ്ങളില്‍ എഐ ഉപയോഗപ്പെടുത്തി എങ്ങനെ പരിഹാരങ്ങള്‍ കണ്ടെത്താം എന്നതായിരുന്നു അദ്ദേഹം ഫോക്കസ് ചെയ്തത്. അതിനായി 35 പേരടങ്ങിയ ടീമായിരുന്നു ആമസോണിന്റേത്. എന്നാല്‍ 2013ല്‍ സിറോഷ് ആമസോണ്‍ വിടുന്ന സമയത്ത് മുകളില്‍ പറഞ്ഞ വിഷയങ്ങളിലെല്ലാം കമ്പനിയുടെ പ്രകടനം വലിയ തോതില്‍ മെച്ചപ്പെട്ടു, കാര്യക്ഷമമായി.

കഴിഞ്ഞ ഒക്‌റ്റോബറില്‍ ലോക ബാങ്ക് നല്‍കിയ മുന്നറിയിപ്പനുസരിച്ച് ഇന്ത്യന്‍ തൊഴില്‍മേഖലയിലെ 69 ശതമാനവും ചൈനയിലെ 77 ശതമാനവും ജോലികള്‍ക്ക് ഓട്ടോമേഷന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ്. എത്യോപ്യയില്‍ 85 ശതമാനത്തോളം തൊഴിലുകള്‍ ഓട്ടോമേഷന്റെ വരവോടെ നഷ്ടമാകുമെന്നും അതേ പഠനത്തില്‍ പറയുന്നതായി ഫ്യൂച്ചര്‍ കേരള തന്നെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

ആ ടീമിലുണ്ടായിരുന്നവരുടെ എണ്ണം 35 പേരില്‍ നിന്ന് 1,000 പേരിലേക്ക് എത്തുകയും ചെയ്തു. കമ്പനിയുടെ വരുമാനത്തില്‍ 10 മടങ്ങ് വര്‍ധനയാണുണ്ടായതെന്നാണ് കണക്കുകള്‍. ഇങ്ങനെ വേണം എഐ ഉപയോഗപ്പെടുത്തേണ്ടതെന്ന് വാദിക്കുന്നവരുടെ എണ്ണം കൂടുകയാണ് ഇപ്പോള്‍.

നിലവില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കാതെ തന്നെ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി കൂടുതല്‍ ഉല്‍പ്പന്നങ്ങളും വരുമാനവും എങ്ങനെയുണ്ടാക്കമെന്നതിലാണ് കമ്പനികള്‍ ശ്രദ്ധവെക്കേണ്ടത്. വെറുതെ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് പേടിപ്പിക്കുന്ന പ്രത്യയശാസ്ത്രമല്ല വേണ്ടത്, മറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് തൊഴിലിനെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രചരിപ്പിക്കുന്ന ആശയങ്ങളാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും മെഷീന്‍ ലേണിംഗും വിര്‍ച്ച്വല്‍ റിയാലിറ്റിയുമെല്ലാം നമ്മുടെ ജീവിതം മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനെ എങ്ങനെയാണ് കമ്പനികള്‍ ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിനാണ് പ്രസക്തി. രാമസ്വാമി പറഞ്ഞതുപോലെ തുടക്കത്തില്‍ മെഷീന്‍ ടു മെഷീന്‍ സംവിധാനങ്ങളില്‍ അത് പരീക്ഷിക്കുന്നത് തന്നെയാണ് ഉചിതം.

 

Comments

comments

Categories: FK Special, Top Stories