കമ്പനി ബോര്‍ഡുകളില്‍ ചേരുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

കമ്പനി ബോര്‍ഡുകളില്‍ ചേരുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ഡിഐഎന്‍ സ്വന്തമാക്കുന്നതിന് ആധാര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും

ന്യൂഡെല്‍ഹി: കമ്പനീസ് ആക്റ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ നിര്‍ബന്ധമാക്കുന്നു. കമ്പനി ബോര്‍ഡിന്റെ ഡയറക്റ്ററാകുന്നതിന്, ചാര്‍ട്ടേഡ് എക്കൗണ്ടന്റുകള്‍ക്കോ കമ്പനി സെക്രട്ടറിമാര്‍ക്കോ് കമ്പനിയുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് തുടങ്ങിവയ്‌ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്. വിവിധ സാഹചര്യങ്ങളില്‍ തങ്ങളുടെ അറിവില്ലാതെ വിവിധ കമ്പനികളുടെ ബോര്‍ഡ് ഡയറക്റ്റര്‍മാരായി ഉള്‍പ്പെടുത്തിയെന്ന് കാണിച്ചും ബോര്‍ഡില്‍ അംഗത്വം നേടുന്നതിനുള്ള ഡയറക്റ്റര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിഐഎന്‍) ലഭിക്കുന്നതിന് വ്യാജ ഒപ്പുകള്‍ നല്‍കിയെന്ന് കാണിച്ചും നിരവധി പരാതികളാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ മുന്‍പാകെ വന്നിട്ടുള്ളത്.

വരും മാസങ്ങളില്‍ ഡിഐഎന്‍ സ്വന്തമാക്കുന്നതിന് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നവര്‍ അവരുടെ ബയോമെട്രിക് തിരിച്ചറിയല്‍ രേഖകളും നല്‍കേണ്ടി വരും. കമ്പനി ബോര്‍ഡുകളിലേക്ക് സര്‍ക്കാര്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ശുപാര്‍ശ ചെയ്യുന്ന വ്യക്തികളും ബയോമെട്രിക് ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്. ഇതേ സംവിധാനങ്ങള്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടുകള്‍ക്കും കമ്പനി സെക്രട്ടറിമാര്‍ക്കും നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ സാങ്കേതികതയുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസിലെ ഒരു സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡിഐഎന്‍ നല്‍കുന്നതിനു നടപ്പാക്കുന്ന പദ്ധതി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേറ്റ് മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലേക്കും വ്യാപിപ്പിക്കും. ആധാറിന് അനര്‍ഹരായ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ ഉണ്ടാകും. നിര്‍ദ്ദിഷ്ട സംവിധാനത്തിന് തടസങ്ങളോ കാലതാമസമോ ഉണ്ടാകില്ലെന്നാണ് കോര്‍പ്പറേറ്റ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

മൊബീല്‍ കണക്ഷനുകള്‍ ആധാര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതാണെന്ന് സ്വമേധയാ നിര്‍ദേശിച്ചുകൊണ്ടും ബാങ്കുകളും നികുതി വകുപ്പും യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നമ്പര്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടും സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.  ഈ വര്‍ഷം മുതല്‍ പെര്‍മനന്റ് എക്കൗണ്ട് നമ്പറുകള്‍ക്ക് (പാന്‍) ആദായനികുതി വകുപ്പ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതിയില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിയമവിരുദ്ധ പ്രവര്‍ത്തി തടയുന്നത് ലക്ഷ്യമിട്ടാണിത്.

Comments

comments

Categories: Top Stories