നടപ്പു വര്‍ഷം ലയന-ഏറ്റെടുക്കല്‍ കരാറുകള്‍ക്ക് ടവര്‍ ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കും

നടപ്പു വര്‍ഷം ലയന-ഏറ്റെടുക്കല്‍ കരാറുകള്‍ക്ക് ടവര്‍ ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കും

ന്യൂഡെല്‍ഹി: ടെലികോം ടവര്‍ ഇന്‍ഡസ്ട്രി മാറ്റങ്ങള്‍ക്കും ഏകീകരണങ്ങള്‍ക്കും 2017ല്‍ സാക്ഷിയാകുമെന്ന് ടവേഴ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ (ടിഎഐപിഎ) വൃത്തങ്ങള്‍ അറിയിച്ചു. ടവര്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഇന്നൊവേഷന്റെയും പരിവര്‍ത്തനത്തിന്റെയും വര്‍ഷമായിരിക്കും 2017 എന്നും, ലയന-ഏറ്റെടുക്കലുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ടിഎഐപിഎ ഡയറക്റ്റര്‍ ജനറല്‍ തിലക് രാജ് ദുവ പറഞ്ഞു.

യൂനിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നുള്ള (യുഎസ്ഒഎഫ്) രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഗ്രാമീണ മേഖലയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കും. ഗ്രാമീണ-നഗര മേഖലകള്‍ തമ്മിലുള്ള ഡിജിറ്റല്‍ വിടവ് കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.. ടെലികോം അടിസ്ഥാനസൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള നിക്ഷേപം വര്‍ധിക്കുമെന്നും പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ വൈഫൈ സേവനങ്ങള്‍ ലഭ്യമാകുമെന്നും തിലക് രാജ് ചൂണ്ടിക്കാട്ടി.

ഐസിടി, 4ജി, പബ്ലിക് വൈ ഫൈ തുടങ്ങിയ സൗകര്യങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള ടെലികോം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം സാധരണക്കാരിലേക്ക് മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിന് വഴിയൊരുക്കും. 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം, ഡാറ്റ ആവശ്യകതയിലുണ്ടായ വര്‍ധനവ് തുടങ്ങിയ ഘടകങ്ങള്‍ ടെലികോം ടവര്‍ ഇന്‍ഡസ്ട്രിക്കു മുന്നില്‍ പുതിയ അവസരങ്ങളാണ് തുറക്കുന്നത്. മൂലധന ചെലവിനൊപ്പം വാടക, ഊര്‍ജ ചെലവുകളും കുറയ്ക്കുന്നതിന് ഈ അവസരങ്ങള്‍ വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിദിനം 1500 ബിടിഎസ് (ബേസ് ട്രാന്‍സീവര്‍ സ്റ്റേഷന്‍സ്) കൂട്ടിച്ചേര്‍ത്തുകൊണ്ട് കോള്‍ മുറിയല്‍ പ്രശ്‌നത്തിന് ഇന്ത്യന്‍ ടെലികോം രംഗം പരിഹാരം കാണുമെന്നും തിലക് രാജ് വിലയിരുത്തുന്നു. 2016 ജൂണ്‍ മുതല്‍ 2017 ഫെബ്രുവരി വരെ രാജ്യത്തുടനീളം ഇത്തരത്തിലുള്ള 2,12,917 സ്റ്റേഷനുകളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ രാജ്യത്ത് ആകെ 1.5 മില്യണ്‍ ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സേവന നിലവാരം ഉറപ്പുവരുത്തുന്നതിനും കണക്റ്റിവിറ്റി സുഗമമാക്കുന്നതിനും സ്‌പെക്ട്രം കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം ഏകദേശം 100,000 ടവറുകള്‍ വേണ്ടി വരുമെന്നാണ് നിഗമനം. ടവറുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടെന്നാണ് ടവേഴ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.

Comments

comments

Categories: Business & Economy