റോള്‍സും റോയ്‌സും ചേര്‍ന്നപ്പോള്‍

റോള്‍സും റോയ്‌സും ചേര്‍ന്നപ്പോള്‍

ലോകത്ത് ഏറ്റവും പ്രചാരം നേടിയ ആഡംബര കാറുകളിലൊന്നാണ് റോള്‍സ് റോയ്‌സ്. രണ്ടു പ്രതിഭകളുടെ സംഗമമാണ് ആ വമ്പന്‍ ബ്രാന്‍ഡിന്റെ പിറവിയിലേക്ക് നയിച്ചത്. ഫ്രെഡറിക് ഹെന്‍ട്രി റോയ്‌സും ചാള്‍സ് സ്റ്റിയുവര്‍ട്ട് റോള്‍സുമാണവര്‍. ഇംഗ്ലണ്ടില്‍ ജനിച്ച ഫ്രെഡറിക് റോയ്‌സ് നിരവധി ജോലികള്‍ നോക്കിവന്നു. ഒടുവില്‍ അദ്ദേഹം ഒരു ഇലക്ട്രീഷ്യനായി മാറി. 1880തുകളുടെ മധ്യത്തില്‍ ഇലക്ട്രിക് ക്രെയ്‌നുകളും ജനറേറ്ററുകളും നിര്‍മ്മിക്കുന്ന കമ്പനി തുടങ്ങി. 1900ത്തിന്റെ ആരംഭത്തിലാണ് റോയ്‌സ് സ്വന്തം നിലയില്‍ കാറുകളുടെ രൂപകല്‍പ്പന ആരംഭിച്ചത്.

ഇതിനിടെ ബ്രിട്ടീഷ് വാഹന ഡീലറായ റോള്‍സിനെ റോയ്‌സ് കണ്ടുമുട്ടി. റോയ്‌സിന്റെ കാറുകള്‍ വിറ്റുകൊടുക്കാമെന്ന്് റോള്‍സ് സമ്മതിച്ചു. അങ്ങനെ റോള്‍സ് റോയ്‌സ് എന്ന കമ്പനി പിറവിയെടുത്തു. 1910ല്‍ റോള്‍സ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും റോയ്‌സ് കമ്പനിയെ മുന്നോട്ടുകൊണ്ടുപോയി. ഒന്നാം ലോക മഹായുദ്ധ കാലത്ത് റോയ്‌സ് സഖ്യകക്ഷികള്‍ക്കുവേണ്ടി വിമാന എന്‍ജിനുകള്‍ നിര്‍മ്മിച്ചു നല്‍കി.

യുദ്ധാനന്തരം കാര്‍ നിര്‍മ്മാണത്തിലേക്ക് മടങ്ങിവന്ന റോയ്‌സ് ഫാന്റം 1 എന്ന വിഖ്യാത മോഡല്‍ പുറത്തിറക്കുകയും ചെയ്തു. 1931ല്‍ ബെന്റ്‌ലിയെ റോള്‍സ് റോയ്‌സ് ഏറ്റെടുത്തു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഹെന്‍ട്രി റോയ്‌സും ലോകത്തോട് വിടപറഞ്ഞു. എങ്കിലും റോള്‍സ് റോയ്‌സ് കമ്പനിയുടെ പെരുമ കാലാതീതമായി തുടര്‍ന്നു. തൊണ്ണൂറുകളുടെ അവസാനം റോള്‍സ് റോയ്‌സിന്റെ ഫാക്റ്ററികളെ ഫോക്‌സ്‌വാഗണും ബ്രാന്‍ഡ് നെയിം ബിഎംഡബ്ല്യൂവും സ്വന്തമാക്കിയതും അതുകൊണ്ട് തന്നെയാണ്.

Comments

comments

Categories: Auto, World