ജനറിക് മരുന്നുകള്‍ നല്‍കുന്നതിന് ഡോക്റ്റര്‍മാരുടെ പ്രിസ്‌ക്രിപ്ഷന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന

ജനറിക് മരുന്നുകള്‍ നല്‍കുന്നതിന് ഡോക്റ്റര്‍മാരുടെ പ്രിസ്‌ക്രിപ്ഷന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന
ജനറിക് മരുന്നുകള്‍ വാങ്ങാന്‍ രോഗികളെ സഹായിക്കുന്ന തരത്തിലാകും ചട്ടക്കുടൊരുക്കുക

സൂറത്ത്: തതുല്യമായ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ച് നല്‍കുന്നതിന് ഡോക്റ്റര്‍മാരെ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമ ചട്ടക്കൂടൊരുക്കിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ മരുന്ന് ലഭ്യമാക്കുന്നതിനു വേണ്ടി മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ധന്‍ ഔഷധിയില്‍ കൂടിയാണ് ജനറിക് മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്.

15 വര്‍ഷത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പോളിസി കൊണ്ടുവന്നതായും മരുന്നുകളുടെ നിരക്ക് പിടിച്ചുനിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. ഇത് ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. സൂറത്തില്‍ ചാരിറ്റബ്ള്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരായ ആളുകള്‍ മുന്നോട്ടുവന്ന് ആവശ്യക്കാരായിട്ടുള്ള ജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. രാജക്കന്മാരും നേതാക്കന്മാരും മാത്രമല്ല ഈ രാജ്യത്തിന്റെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അതില്‍ ജനങ്ങളുടെ ശക്തി കൂടിയുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത രീതിയിലാണ് ഡോക്റ്റര്‍മാര്‍ മരുന്ന് കുറിപ്പ് എഴുതുന്നത്. ഇത് ഏതാണെന്നു മനസിലാക്കാതെ ഇത്തരം മരുന്നുകള്‍ കൂടിയ വിലയില്‍ സ്വകാര്യ സ്‌റ്റോറുകളില്‍ നിന്നും വാങ്ങേണ്ടി വരുന്നതായും മോദി ചൂണ്ടിക്കാട്ടി. രോഗികളെ ജനറിക് മരുന്നുകള്‍ വാങ്ങാന്‍ സഹായിക്കുന്ന രീതിയില്‍ കൂടി മരുന്ന് കുറിപ്പ് എഴുതി നല്‍കുന്നതിന് ഡോക്റ്റര്‍മാര്‍ക്കായുള്ള നിയമ നിര്‍ദേശം കൊണ്ടുവരാനാണ് ഉദ്യേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഡോക്റ്റര്‍മാരുടെയും ഹോസ്പിറ്റലുകളുടെും എണ്ണം കുറവാണ്. മരുന്നുകള്‍ക്ക് വില താരതമ്യേന കൂടുതലുമാണ്. മധ്യവര്‍ഗത്തില്‍ ഉള്‍പ്പെട്ട ഒരു കുടുംബത്തിലെ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ ആ കുടുംബത്തിന്റെ സാമ്പത്തികാരോഗ്യം തകരുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാവര്‍ക്കും മിനിമം നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories