ഡെല്‍ഹിയില്‍ യുബര്‍, ഒല ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തില്‍

ഡെല്‍ഹിയില്‍ യുബര്‍, ഒല ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തില്‍

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബറിന്റെയും ഒലയുടെയും ഡ്രൈവര്‍മാര്‍ നാളെ രാവിലെ 11 മണി മുതല്‍ രാജ്യ തലസ്ഥാനത്ത് വീണ്ടും സമരം നടത്തുന്നു. ഡെല്‍ഹിയിലെ സര്‍വോദയ ഡ്രൈവര്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ന്യൂഡെല്‍ഹിയില്‍ ആയിരക്കണക്കിന് യാത്രികരാണ് യുബര്‍, ഒല സേവനങ്ങളെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സമരം ജനങ്ങളെ ദുരിതത്തിലാക്കും. വേതന നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് അസോസിയേഷന്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഡെല്‍ഹി സര്‍ക്കാരില്‍ നിന്നോ കമ്പനിയില്‍ നിന്നോ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ എസ് പി സോണി പറഞ്ഞു. നേരത്തെ സമാധാനപരമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും, ചൊവ്വാഴ്ച തങ്ങള്‍ റോഡുകള്‍ സ്തംഭിപ്പിക്കുമെന്നും ഒറ്റ ടാക്‌സിയോ ഓട്ടോയോ നിരത്തിലിറങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെല്‍ഹിയിലെ മജ്‌നു കാ ടില്ലാ എന്ന ടിബറ്റന്‍ കോളനിയില്‍ തമ്പടിക്കുന്ന സമരക്കാര്‍ പിന്നീട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്. മറ്റ് ടാക്‌സി അസോസിയേഷനുകളും സമരത്തെ പിന്തുണയ്ക്കുന്നതായും ഡെല്‍ഹി നിരത്തില്‍ വാഹനങ്ങള്‍ ഇറക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പറഞ്ഞു.

അതേസമയം യുബറും ഒലയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ചുരുക്കം ചില ഡ്രൈവര്‍മാര്‍ മാത്രമാണ് ഇതിന്റെ പിന്നിലെന്നും വന്‍കിട ടാക്‌സി ഓപ്പറേറ്റര്‍മാരാണ് അസോസിയേഷനു പിന്നിലെന്നുമാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

Comments

comments

Categories: Top Stories

Related Articles