നുമലിഗഡ് റിഫൈനറി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പിട്ടു

നുമലിഗഡ് റിഫൈനറി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പിട്ടു
പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ക്കും ഒഡീഷയില്‍ 1,000 കോടി 
രൂപയുടെ നിക്ഷേപത്തിനും വഴിയൊരുക്കും

ദിസ്പൂര്‍: അസമിലെ നുമലിഗഡ് റിഫൈനറിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, അസം ധനകാര്യ മന്ത്രി എച്ച് ബി ശര്‍മ, വാണിജ്യ- വ്യവസായ മന്ത്രി സി എം പട്ടോവാരി എന്നിവരുടെ സാന്നിധ്യത്തില്‍ പാരാദ്വീപ് പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), നുമലിഗഡ് റിഫൈനറി ലിമിറ്റഡ് തുടങ്ങിയവയാണ് വിപുലീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടത്.

വിപുലീകരണ പദ്ധതിക്ക് കീഴില്‍ ഒഡീഷയിലെ പാരാദ്വീപ് തുറമുഖത്ത് നിന്ന് നുമലിഗഡിലേക്ക് പ്രതിവര്‍ഷം ആറ് മില്ല്യണ്‍ മെട്രിക് ടണ്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ കടത്തുന്നതിന് 28 ഇഞ്ച് ഡയാംറ്റര്‍, 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്‌ലൈന്‍ എന്നിവ സ്ഥാപിക്കും. ക്രൂഡ് സംഭരണ ടാങ്കുകള്‍, പമ്പ് ഹൗസ്, ടൗണ്‍ഷിപ്പ് എന്നിവ സ്ഥാപിക്കുന്നതിന് പാരാദ്വീപില്‍ ഐഒസിയുടെ കീഴിലുള്ള എസ്പിഎം(സിംഗിള്‍ പോയിന്റ് മൂറിംഗ്) ശേഷി പ്രയോജനപ്പെടുത്തും. പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ക്കും ഒഡീഷയില്‍ 1,000 കോടി രൂപയുടെ നിക്ഷേപത്തിനും നുമലിഗഡ് റിഫൈനറി വിപുലീകരണം വഴിയൊരുക്കുമെന്ന് ഗഡ്കരി സൂചിപ്പിച്ചു.

അതേസമയം, പാരാദ്വീപ് തുറമുഖത്തിന്റെ ശേഷി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് പ്രധാന്‍ പറഞ്ഞു. കിഴക്കന്‍ ഏഷ്യയിലെ എണ്ണ ആവശ്യകതകള്‍ക്കായി ഉപയോഗിക്കാവുന്ന ഓയില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy