എല്‍ആന്‍ഡ്ടി യൂണിറ്റിന് 2,694 കോടിയുടെ കരാര്‍

എല്‍ആന്‍ഡ്ടി യൂണിറ്റിന് 2,694 കോടിയുടെ കരാര്‍

ജല സംസ്‌കരണ, മലിനജലശുദ്ധീകരണ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്

ന്യൂഡെല്‍ഹി: ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോ(എല്‍ആന്‍ഡ്ടി)യുടെ നിര്‍മാണ വിഭാഗം വിവിധ ബിസിനസുകളില്‍ നിന്നായി 2,694 കോടി രൂപയുടെ കരാര്‍ നേടിയെടുത്തു. കമ്പനിയുടെ ജല സംസ്‌കരണ, മലിനജലശുദ്ധീകരണ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. ഈ വിഭാഗം 2,227 കോടിരൂപയുടെ എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ കരാര്‍ ഉറപ്പിച്ചു. നര്‍മ്മദ വാട്ടര്‍ റിസോഴ്‌സ് സപ്ലെ ആന്‍ഡ് കല്‍പ്‌സര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കക്രാപര്‍- ഗോര്‍ധ-വാഡ്‌ലൈഫ് ഇറിഗേഷന്‍, കഡ്‌ല-പാദദുഗ്രി ലിഫ്റ്റ് ഇറിഗേഷന്‍, സൗനി യോജന ലിങ്ക്-2 തുടങ്ങിയവ എല്‍ആന്‍ഡ്ടി കരാര്‍ സ്വന്തമാക്കിയ പദ്ധതികളില്‍പ്പെടുന്നു. ഇതോടൊപ്പം, നന്ദവാഗഡി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി കര്‍ണ്ണാടകയിലെ കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡില്‍ നിന്നും കമ്പനി മറ്റൊരു കരാര്‍ നേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

എല്‍ആന്‍ഡ്ടി സ്മാര്‍ട്ട് വേള്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിസിനസ് ഗ്രേറ്റര്‍ വിശാഖപട്ടണം സ്മാര്‍ട്ട്‌സിറ്റി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് 180 കോടി രൂപയുടെ ഓര്‍ഡര്‍ സ്വീകരിച്ചു. സ്മാര്‍ട്ട്‌സിറ്റി മിഷനു കീഴില്‍ വിശാഖപട്ടണം നഗരത്തില്‍ സ്മാര്‍ട്ട്‌സിറ്റി സൊലൂഷന്‍ നടപ്പിലാക്കുന്ന സംവിധാനമാണിത്. നഗരത്തിലുടനീളം നിരീക്ഷണ സംവിധാനം, വിവിധ സന്ദേശ ബോര്‍ഡുകള്‍, പൊതു അഡ്രസ് സംവിധാനങ്ങള്‍, വൈഫൈ ആക്‌സസ് പോയിന്റ്‌സ്, ദുരന്ത നിവാരണ കേന്ദ്രവും കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും ഉള്‍പ്പെടുന്ന ഡാറ്റ സെന്റര്‍ അടക്കമുള്ളവ ഈ കരാറിന് കീഴില്‍ സ്ഥാപിക്കും.

മഹാരാഷ്ട്രയിലെ എന്‍എച്ച് 166 ഇയിലെ ഹെല്‍വാക് കെറാഡ് സെക്ഷനെ ഇരട്ടപ്പാതയാക്കുന്നതിന് റോഡ്- ഗതാഗത ഹൈവേ മന്ത്രാലയത്തില്‍ നിന്ന് കമ്പനിയുടെ ഗതാഗത ബിസിനസ് വിഭാഗം 287 കോടി രൂപയുടെ കരാറും നേടിയെടുത്തു. 48.4 കിലോമീറ്ററിന്റെ രണ്ടുവരിപ്പാത, ഒരു പ്രധാന പാലം, 14 ചെറു പാലങ്ങള്‍ മറ്റ് അനുബന്ധ ജോലികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പുതിയ കരാറുകളുടെ പശ്ചാത്തലത്തില്‍ എല്‍ആന്‍ഡ്ടിയുടെ ഓഹരി വിപണി പ്രകടനത്തില്‍ മുന്നേറ്റമുണ്ടായി.

Comments

comments

Categories: Business & Economy