ജാഗ്വാറിന്റെ വില്‍പ്പന ഉയര്‍ന്നു

ജാഗ്വാറിന്റെ വില്‍പ്പന ഉയര്‍ന്നു

മാര്‍ച്ചില്‍ മാത്രം  21 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു

മുംബൈ: ബഹുരാഷ്ട്ര വാഹനനിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) റീട്ടെയ്ല്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി തട്ടിക്കുമ്പോള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജെഎല്‍ആറിന്റെ വില്‍പ്പന 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

വിവിധ മേഖലകളില്‍ ജെഎല്‍ആര്‍ ശക്തമായ ഇരട്ടയക്ക വളര്‍ച്ചയാണ് സ്വന്തമാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ ഡിസ്‌കവറി മോഡലിന്റെ വില്‍പ്പന തുടക്കത്തില്‍ തന്നെ ബ്രിട്ടനില്‍ 27 ശതമാനം വളര്‍ച്ച നേടിയെടുത്തു. ഇതുകൂടാതെ, ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേയും റീട്ടെയ്ല്‍ വില്‍പ്പന 19-21 ശതമാനം വര്‍ധിച്ചു. ഡിസ്‌കവറി മോഡലിന്റെ നിര്‍മാണം ഉയര്‍ത്തിയും പുതിയ മോഡലുകള്‍ പുറത്തിറക്കിയും അടുത്ത രണ്ടുവര്‍ഷങ്ങളിലും റീട്ടെയ്ല്‍ വില്‍പ്പന വളര്‍ച്ച ശക്തമായി തന്നെ നിലനിര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഒരുവര്‍ഷം ലാഭക്ഷമത മെച്ചപ്പെടുത്തിയാല്‍ ഓഹരികളുടെ നിലവാരം ഉയരുമെന്നാണ് ജാഗ്വാറിന്റെ വിലയിരുത്തല്‍.

എഫ്-പേസ് പുറത്തിറക്കിയതോടെ ജാഗ്വാറിന്റെ വില്‍പ്പന 83 ശതമാനം വര്‍ധിച്ചു. ലാന്‍ഡ് റോവറിന്റെ വില്‍പ്പന അഞ്ച് ശതമാനം ഉയരുകയും ചെയ്തു. രണ്ടും ചേര്‍ന്ന് ജെഎല്‍ആറിന്റെ റീട്ടെയ്ല്‍ വില്‍പ്പന കഴിഞ്ഞ മാസം 90, 838 യൂണിറ്റിലെത്തിച്ചു. കമ്പനിയുടെ മോഡലുകളില്‍ ജാഗ്വാര്‍ എഫ്- പേസിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും വില്‍പ്പന ശക്തമായി തുടര്‍ന്നു. ഡിസ്‌കവറി സ്‌പോര്‍ട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ച നേടി.

ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ഏകദേശം 5,000 യൂണിറ്റ് വിറ്റുപോയി. എല്ലാ പ്രമുഖ വിപണികളിലും പുറത്തിറക്കാനായതിനാല്‍ അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ ഡിസ്‌കവറിയുടെ വില്‍പ്പന വളര്‍ച്ച വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഡിസ്‌കവറിയുടെ വില്‍പ്പന കൂട്ടിയും ഇടത്തരം റേഞ്ച് റോവര്‍ വെല്ലാര്‍ പുറത്തിറക്കിയും 2017-19 കാലയളവില്‍ വളര്‍ച്ചാ പ്രകടനം ശക്തമായി നിലനിര്‍ത്തി 11 ശതമാനം കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ് (സിഎജിആര്‍) ജാഗ്വര്‍ ലാന്‍ഡ് റോവര്‍ നേടിയെടുക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

Comments

comments

Categories: Auto, Business & Economy