ഐഡിയ പേമെന്റ്‌സ് ബാങ്ക് ജൂണില്‍

ഐഡിയ പേമെന്റ്‌സ്  ബാങ്ക്  ജൂണില്‍
ടെലികോം സേവനത്തിനു കീഴില്‍ നിലവില്‍ 20 കോടി ഉപഭോക്തൃ അടിത്തറയുണ്ട് 
ഐഡിയയ്ക്ക്

മുംബൈ: പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം ജൂണില്‍ തുടങ്ങുമെന്ന് ഐഡിയ സെല്ലുലാര്‍. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയ അടുത്തിടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ നിന്ന് പേമെന്റ്‌സ് ബാങ്കിനുള്ള അന്തിമാനുമതി നേടിയത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും ആര്‍ബിഐയുമായും പേമെന്റ്‌സ് ബാങ്കിംഗ് സംവിധാനം സംയോജിപ്പിക്കുന്നതിനുള്ള പ്രക്രിയയിലാണ് കമ്പനി. ടെലികോം വരിക്കാരില്‍ പകുതിയിലധികവും തങ്ങളുടെ ബാങ്കിംഗ് സേവനത്തില്‍ അംഗങ്ങളാകുമെന്നാണ് ഐഡിയ പ്രതീക്ഷിക്കുന്നത്.

ടെലികോം സേവനത്തിനു കീഴില്‍ നിലവില്‍ 20 കോടി ഉപഭോക്തൃ അടിത്തറയുണ്ട് ഐഡിയയ്ക്ക്. ഇത്തരത്തില്‍ വലിയൊരു ഉപഭോക്തൃ അടിത്തറ കമ്പനിയുടെ പേമെന്റ് ബിസിനസിന് അനുകൂല ഘടകമാണെന്ന് ആദിത്യ ബിര്‍ള ഐഡിയ പേമെന്റ്‌സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവായ സുധാകര്‍ രാമസുബ്രഹ്മണ്യന്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സേവനം നല്‍കുന്നതിന് രാജ്യത്തുടനീളമുള്ള കമ്പനിയുടെ 20 ലക്ഷം റീട്ടെയ്ല്‍ ബിസിനസിനെ ബാങ്കിംഗിലേക്ക് രൂപമാറ്റം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പേമെന്റ്‌സ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കില്ല. എന്നാല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, പണമടയ്ക്കല്‍ സൗകര്യം, പേമെന്റ്‌സ് വിതരണം എന്നിവ സാധ്യമാകും. ഇതുവരെ ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ വരാത്തവരെ ഉള്‍ക്കൊള്ളിക്കുന്നതിനുവേണ്ടിയാണ് ആര്‍ബിഐ പേമെന്റ്‌സ് ബാങ്കുകളും ചെറു ബാങ്കുകളും ആവിഷ്‌കരിച്ചത്. ടെലികോം വിപണിയിലെ മറ്റൊരു പ്രമുഖരായ എയര്‍ടെല്‍ ജനുവരിയില്‍ പേമെന്റ്‌സ് ബാങ്ക് ആരംഭിച്ചിരുന്നു.

Comments

comments