നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ ദുബായ് ഡ്യൂട്ടി ഫ്രീ

നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ ദുബായ് ഡ്യൂട്ടി ഫ്രീ
ദുബായില്‍ നിന്ന് നികുതി നല്‍കി സാധനങ്ങള്‍ വാങ്ങുന്ന വിദേശികള്‍ക്ക് അവരുടെ പണം 
റീഫണ്ട് ചെയ്ത് നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് അധികൃതര്‍. 2018 
ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് യുഎഇ

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) എന്ന് കമ്പനിയുടെ ഫിനാന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ബര്‍ണാര്‍ഡ് ക്രീഡ്. 2018 ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് യുഎഇ.

ദുബായിലെ വിമാനത്താവളത്തില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് ഉചിതമായ കാര്യമല്ലെന്നാണ് ഡിഡിഎഫിന്റെ കാഴ്ചപ്പാടെന്ന് ക്രീഡ് പറഞ്ഞു. വിമാനത്താവളങ്ങളിലെ ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി എയര്‍പോര്‍ട്ട് അധികാരികളും വിദേശകാര്യ നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ മന്ത്രിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതിന്റെ മുന്നോടിയായി വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായുടെ കീഴിലുള്ള എയര്‍പോര്‍ട്ട് റീട്ടെയ്‌ലറും ദുബായ് എയര്‍പോര്‍ട്ടും വിദേശകാര്യ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വില്‍പ്പനയില്‍ അധികനികുതി ചുമത്തുന്നതിലൂടെയുണ്ടാകാന്‍ പോകുന്ന നഷ്ടം എത്രയായിരിക്കുമെന്ന് ഇതുവരെ കണക്കുകൂട്ടിയിട്ടില്ലെന്ന് ക്രീഡ് പറഞ്ഞു. എന്നാല്‍ നികുതി കൊണ്ടുവരുന്നതിന് മുന്‍പ് നിരവധി കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. നികുതി ആരംഭിക്കുന്ന ദിവസം, നിരക്ക്, ആഭ്യന്തരമാര്‍ക്കറ്റില്‍ വാറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ അവസ്ഥ എന്നിവയില്‍ വ്യക്തത വരാത്തിടത്തോളം കാലം ടാക്‌സ് ഈടാക്കുന്നതുമൂലം ബിസിനസില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നഷ്ടം കണക്കാക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം 1.8 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൗം ഇന്റര്‍നാഷണലില്‍ നിന്നുമായി 27.1 മില്യണിന്റെ വില്‍പ്പന ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ചില്‍ ആദ്യമായി നടന്ന വാറ്റ് ബ്രീഫിംഗില്‍ ടൂറിസ്റ്റ് റീഫണ്ട് സ്‌കീമിന്റെ സാധ്യതകളെക്കുറിച്ച് ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സിനോട് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിരുന്നു. ദുബായില്‍ നിന്ന് വാറ്റില്‍ സാധനങ്ങള്‍ വാങ്ങുന്ന ടൂറിസ്റ്റുകള്‍ക്ക് അവര്‍ നല്‍കിയ അധിക തുക റീഫണ്ട് ചെയ്തു നല്‍കുന്ന തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ക്രീഡ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy, World