വീട്ടുമുറ്റത്ത് ഈ പറക്കും തളിക

വീട്ടുമുറ്റത്ത് ഈ പറക്കും തളിക

പി ഡി ശങ്കരനാരായണന്‍

കൃഷ്ണം നിയാനം ഹരയ: സുപര്‍ണാ അപോ വസാനാ ദിവമുത്പതന്തി
ത ആവവൃത്രന്‍സദനാദൃതസ്യാദിദ്ഘൃതേന പൃഥിവീ വ്യുദ്യതേ
ദ്വാദശ പ്രധയശ്ചക്രമേകം ത്രീണി നഭ്യാനി ക ഉ തച്ചികേത
തസ്മിന്‍ത്സാകം ത്രിശതാ ന ശങ്തവേയാര്‍പിതാ: ഷഷ്ഠിര്‍ന ചാലാചാലാസ:

(ഋഗ്വേദം മണ്ഡലം 1 സൂക്തം 164 ഋക്ക് 4748)

‘പന്ത്രണ്ട് സ്തംഭങ്ങളും ഒരു ചക്രവും മൂന്ന് യന്ത്രങ്ങളും 300 ചുഴിക്കുറ്റികളും അറുപത് ഉപകരണങ്ങളും ചേര്‍ത്ത്, ജലവും അഗ്‌നിയും ഉപയോഗിച്ച് ഗഗനത്തിലേക്ക് കുതിച്ചുയരുന്ന, മൂന്ന് ദിനരാത്രങ്ങള്‍ കൊണ്ട് ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലെത്താന്‍ മഹാ ബുദ്ധിമാന്മാര്‍ നിര്‍മിച്ച യാനപാത്രങ്ങള്‍’ എന്നാണ് സ്വാമി ദയാനന്ദ സരസ്വതി ഈ സൂക്തങ്ങള്‍ക്ക് ഭാഷാര്‍ത്ഥഭേദം നല്‍കിയിരിക്കുന്നത്.

ബ്രഹ്മാവിന് പ്രൈവറ്റ് ജറ്റായി ഉപയോഗിക്കുവാന്‍ വേണ്ടി വിശ്വകര്‍മ്മാവ് നിര്‍മിച്ച് നല്‍കിയതാണ് പുഷ്പക വിമാനം. ഇത് ബ്രഹ്മാവ് ദേവേന്ദ്രന് ഉപഹാരമായി നല്‍കി. ദേവേന്ദ്രന്റെ കയ്യില്‍ നിന്ന് രാവണന്‍ വിമാനം തട്ടിയെടുത്തു. ഇതാണ് ഹൈന്ദവ ഇതിഹാസങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. കല്‍പ്പസൂത്രം പോലുള്ള ജൈന ഇതിഹാസങ്ങളില്‍ ജയന്തവിമാനം, വിജയവിമാനം, പുഷ്‌പോത്തര വിമാനം തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്. മനുഷ്യന് പക്ഷികളെപ്പോലെ പറക്കാനുള്ള ആഗ്രഹം ആദിമകാലം മുതലുണ്ടായിരുന്നെങ്കിലും അവ മൂര്‍ത്തവല്‍ക്കരിക്കപ്പെട്ടത് ഭാരതീയ സങ്കല്‍പ്പങ്ങളിലാണ്. റൈറ്റ് സഹോദരന്മാര്‍ വിമാനം എന്ന ഭൗതികയന്ത്രം കണ്ടുപിടിച്ചതോടെ മനുഷ്യന്റെ വലിയൊരാഗ്രഹം സഫലമായി. ഇന്ന് യാത്രാവിമാനങ്ങള്‍ എവിടെയും സര്‍വസാധാരണമായി; അതിസമ്പന്നര്‍ക്ക് പ്രൈവറ്റ് ജെറ്റും.

എന്നാല്‍, ഒരു ഒല ടാക്‌സിയോ യൂബര്‍ ടാക്‌സിയോ വിളിക്കുന്നത് പോലെ, ഒരു വിമാനം വീട്ടുമുറ്റത്ത് വിളിച്ചിറക്കിയാലോ? അക്കാലം വിദൂരമല്ലെന്നാണ് ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഇവോളോ പറയുന്നത്. അടുത്ത വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഫഌയിങ് ടാക്‌സി സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ഇവോളോ.

2011 മുതല്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ ഇവോളോ നടത്തിവരികയായിരുന്നു. ഒരു റണ്‍വേയുടെ ആവശ്യമില്ലാതെ, നേരെ മുകളില്‍ നിന്ന് ഊര്‍ന്നിറങ്ങാനും നേരെ മുകളിലേയ്ക്ക് പറന്നുയരാനും കഴിയുന്ന VTOL (vertical takeoff and landing) ചെറുവിമാനം നിര്‍മിക്കാനായുള്ള പദ്ധതിയാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. വോളോകോപ്റ്റര്‍2X എന്ന് പേരിട്ടിരിക്കുന്ന ഈ മള്‍ട്ടികോപ്റ്റര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പതിനെട്ട് ചെറുപങ്കകളാല്‍ ചലിപ്പിക്കപ്പെടുന്ന ഈ വിമാനത്തിന് ശബ്ദം ഒട്ടുംതന്നെ ഇല്ലെന്ന് പറയാം. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വോളോകോപ്റ്റര്‍2X നിയന്ത്രിക്കുന്നത് ഒരു ചെറിയ ജോയ്‌സ്റ്റിക് മാത്രം ഉപയോഗിച്ചാണ്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ യന്ത്രവേഗമുണ്ടെങ്കിലും 69 കിലോമീറ്ററാണ് പരമാവധി യാത്രാവേഗമായി കമ്പനി കണക്കാക്കുന്നത്.

ആദ്യമാദ്യം പൈലറ്റിന്റെ സഹായത്തോടെ പറത്തുന്ന വോളോകോപ്റ്റര്‍2X പിന്നീട് പൈലറ്റില്ലാ വിമാനമാക്കാനാണ് നിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ നാവിഗേറ്റര്‍ സ്‌ക്രീനുണ്ട്. ഇപ്പോള്‍ ഒന്‍പത് ബാറ്ററികളാണുള്ളത്. ഇവയോരോന്നിന്റേയും ചാര്‍ജ് നിലവാരവും ഡാഷ്‌ബോര്‍ഡില്‍ വ്യക്തമാണ്. ജര്‍മനിയില്‍ അള്‍ട്രാലൈറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള (സ്‌പോര്‍ട്ഫഌയിങ് ലൈസന്‍സുള്ള ആര്‍ക്കും അവിടെ അള്‍ട്രാലൈറ്റ് എയര്‍ക്രാഫ്റ്റ് പറത്താം) വോളോകോപ്റ്റര്‍2X യൂറോപ്പിലും അമേരിക്കയിലും പിന്നീട് അന്താരാഷ്ട്രതലത്തിലും അംഗീകാരം നേടാനുള്ള തയാറെടുപ്പിലാണ്.

ഇവോളോ മാത്രമല്ല ഇക്കാര്യത്തില്‍ ഒരുകൈ നോക്കാനിറങ്ങുന്നത്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ നന്റുക്കെറ്റ് ദ്വീപില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഒരു സമ്മേളനത്തില്‍ യൂബര്‍ ഉല്‍പ്പാദനവിഭാഗം തലവനായ ജെഫ് ഹോള്‍ഡന്‍ യൂബറിന്റെ VTOL ഗവേഷണങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഫഌയിങ് ടാക്‌സി നടപ്പാക്കുന്നതിനെ പറ്റിയുള്ള യൂബറിന്റെ പദ്ധതികളെക്കുറിച്ച് ഒക്‌റ്റോബറില്‍ യൂബര്‍ ഒരു 98 പേജുള്ള ധവളപത്രവും ഇറക്കിയിരുന്നു.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും വന്‍കിടക്കാരും ഒരുപോലെ ഈ രംഗത്തെ അവസരങ്ങള്‍ മുതലാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സിലെ എയര്‍ബസ് കമ്പനി തങ്ങളുടെ ഫഌയിങ് ടാക്‌സി ആശയത്തിന് ഇട്ടിരിക്കുന്ന പേര് ‘പ്രോജക്റ്റ് വാഹന’ (ഒരു ഭാരതീയത അവിടെ കാണാമോ?) എന്നാണ്. നിര്‍മിതബുദ്ധിയാല്‍ (artificial intelligence) സ്വയം നിയന്ത്രിക്കപ്പെടുന്ന, ഒരേ സമയം നിരവധി പേര്‍ക്ക് സഞ്ചരിക്കാവുന്ന, ടൗണ്‍ബസ് പോലെ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പ്രോജക്റ്റ് വാഹന വിഭാവനം ചെയ്യുന്നതെന്നാണ് എയര്‍ബസ് തലവന്‍ ടോം എന്‍ഡേര്‍സ് ഈ ജനുവരിയില്‍ മ്യൂണിക്കില്‍ വച്ച് നടന്ന ഡിഎല്‍ഡി ഡിജിറ്റല്‍ ടെക് സമ്മേളനത്തില്‍ പറഞ്ഞത്. ഈ വര്‍ഷം പ്രവര്‍ത്യുന്മുഖമായ മാതൃക നിര്‍മിക്കാനും 2021ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കാനുമാണ് എയര്‍ബസിന്റെ പ്രോജക്റ്റ് വാഹന ലക്ഷ്യമിടുന്നത്. എയര്‍ബസ് എ3 വാഹന ആണ് യൂബര്‍ ആദ്യം ഉപയോഗിക്കാന്‍ സാധ്യത.

ഇസ്രായേല്‍ കമ്പനിയായ അര്‍ബന്‍ എയ്‌റോനോട്ടിക്‌സ് 500 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന കോര്‍മോറന്റ് എന്ന പാസഞ്ചര്‍ ഡ്രോണ്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് സൈനിക ആവശ്യത്തിനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

എയ്‌റോമൊബീല്‍ എന്ന സ്ലോവാക്യന്‍ കമ്പനി റോഡിലും ആകാശത്തും ഓടിക്കാവുന്ന എയ്‌റോമൊബീല്‍3 എന്ന ‘ഉഭയജീവി’യെ ഈ വര്‍ഷം വിപണിയിലെത്തിക്കുന്നുണ്ട്. ഇരുപത് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2013ല്‍ എയ്‌റോമൊബീല്‍2.5 ആദ്യ പരീക്ഷണ പറക്കല്‍ നടത്തി. അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എയ്‌റോമൊബീല്‍3. 2014ല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന പയനിയര്‍ ഫെസ്റ്റിവലിലാണ് എയ്‌റോമൊബീല്‍3 ആദ്യം അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, 2015 മെയ് 8ന് പടിഞ്ഞാറന്‍ സ്ലോവാക്യയിലെ നിത്ര വിമാനത്താവളത്തില്‍ എയ്‌റോമൊബീല്‍3 തകര്‍ന്നുവീണു. ആ സംഭവം ഈ പറക്കുംകാറിന്റെ വ്യാവസായിക ഉല്‍പ്പദനം താമസിപ്പിച്ചു. രണ്ട് വൈമാനികരേയും രണ്ട് യാത്രക്കാരേയും വഹിക്കാവുന്ന ഈ വാഹനത്തിന് റോഡില്‍ 160 കിലോമീറ്റര്‍ വരെയും ആകാശത്ത് 200 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കാനാവും. ചിറകുകള്‍ വിടര്‍ത്തിയാല്‍ 27 അടി വീതിയും ചിറകുകള്‍ മടക്കുമ്പോള്‍ 7 അടി വീതിയും ഇതിനുണ്ട്. ഭാരം 600 കിലോഗ്രാം. എന്നാല്‍ മറ്റ് പറക്കും തളികകളെ അപേക്ഷിച്ച് ഇതിന് രണ്ട് കുറവുകളുണ്ട്. ഒന്ന്: മറ്റുള്ളവയെപ്പോലെ ഇതില്‍ വൈദ്യുതോര്‍ജം അല്ല ഉപയോഗിക്കുന്നത്; ഏവിയേഷന്‍ ഫ്യുവല്‍ തന്നെയാണ്. രണ്ട്: ഇത് VTOL അല്ല; അതായത് കുത്തനെ ഇറങ്ങാനും പറന്നുയരാനും കഴിയില്ല.

കാലിഫോര്‍ണിയയിലെ സാന്താക്രൂസിലുള്ള ജോബി ഏവിയേഷന്റെ ജോബിഎസ്2 എന്ന ചെറുവിമാനം ഇവോളോയുമായി സാങ്കേതികമായി നിരവധി സാദൃശ്യങ്ങളുള്ളതാണ്. പത്ത് ചെറുപങ്കകളാണ് ഇതിനുള്ളത്. VTOL സാധ്യമാണ്. രണ്ടും ഇലക്ട്രിക് വിമാനങ്ങളാണ്. പക്ഷേ, ഇവോള വൃത്താകൃതിയിലാവുമ്പോള്‍ ജോബിഎസ്2 സാധാരണ വിമാനത്തിന്റെ തന്നെ രൂപത്തിലാണ്. ചിറക് വിസ്തൃതി 54 ചതുരശ്ര അടിയും ചിറകുവീതി 30 അടിയും മാത്രമേ ഉള്ളൂ. അതിനാല്‍ താരതമ്യേന ചെറിയ ഇടങ്ങളിലും ഇറക്കാനാവും. (ഇവോളോയുടെ ചിറക് വീതി 42 അടിയോളം വരുന്നത് കാരണം കൂടുതല്‍ സ്ഥലമുള്ളിടത്തേ ഇറക്കാനാവൂ എന്നത് ഒരു പരിമിതിയാണ്).

ആകാശകാറുകളിലെ കുഞ്ഞന്‍ ഒരുപക്ഷേ ഫ്രാന്‍സിലെ മൈക്കിള്‍ അഗ്വില്ലര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എസ്‌പ്ലോറൈര്‍ പിഎക്‌സ്200 ആയിരിക്കും. അതിന്റെ വരവിന് 2030 വരെ കാത്തിരിക്കണം. അന്ന് വില ഏകദേശം 60000 ഡോളര്‍ (40 ലക്ഷം രൂപ മാത്രം!) ആയിരിക്കുമെന്നും അവകാശപ്പെടുന്നു. കേവലം 10 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, 300 കിലോഗ്രാം മാത്രം ഭാരമുള്ള, 640 കിലോമീറ്റര്‍ വരെ വേഗതയുള്ള (സാധാരണ പറക്കലില്‍ 200 കിലോമീറ്റര്‍), നാല് മിനിറ്റുകൊണ്ട് 9000 അടി ഉയരെയെത്തുന്ന, ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എസ്‌പ്ലോറൈര്‍ പിഎക്‌സ്200 ഇരുപത് തെര്‍മോറിയാക്റ്ററുകള്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ദ്രവഇന്ധനമാണ് ഉപയോഗിക്കുന്നത്. VTOL സൗകര്യമുള്ള ഈ വാഹനം ഈ വര്‍ഷം പരീക്ഷണപ്പറക്കലിന് തയാറാവുകയാണ്.

മറ്റൊരു രസകരമായ വസ്തുത, കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമായി ആകാശകാറുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരാളുണ്ടെന്നതാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ 1936ല്‍ ജനിച്ച ഡോക്റ്റര്‍ പോള്‍ സാന്‍ഡ്‌നെര്‍ മൊള്ളര്‍. അദ്ദേഹത്തിന്റെ ജീവിതം പറക്കും കാറുകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചതാണ്; ഇതുവരെ പൂര്‍ണമായും വിജയം കണ്ടില്ലെങ്കിലും. തന്റെ സമ്പാദ്യം മുഴുവന്‍ ഗവേഷണത്തിന് ചെലവഴിച്ച് 2009 ല്‍ അദ്ദേഹം സ്വയം പാപ്പരായി പ്രഖ്യാപിക്കുവാന്‍ അനുമതി തേടി. പക്ഷേ, ഇപ്പോള്‍ 81 വയസ്സുള്ള അദ്ദേഹം തന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 1963ല്‍ മാക് ഗില്‍ സര്‍വകലാശാലയില്‍ നിന്ന് എയറോഡൈനാമിക്‌സില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹം അവകാശപ്പെടുന്നത് തന്റെ VTOL സ്‌കൈകാര്‍ ഉപയോഗ്യമാതൃക തയാറായിക്കഴിഞ്ഞു എന്നാണ്. വെറും 35 ചതുരശ്ര അടി സ്ഥലത്ത് ഇറങ്ങാനും പൊങ്ങാനും കഴിയുന്ന, എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന, നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന, 36000 അടി ഉയരത്തില്‍ പറക്കാവുന്ന, മണിക്കൂറില്‍ 495 കിലോമീറ്റര്‍ വേഗതയുള്ള, ഒരു മിനുട്ട് കൊണ്ട് 4800 അടി ഉയരത്തിലെത്താന്‍ കഴിവുള്ള, 5.9 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന മൊള്ളര്‍ സ്‌കൈകാര്‍400 യാഥാര്‍ഥ്യമാവുകയാണെങ്കില്‍ അത് പറക്കും തളികളിലെ ഏറ്റവും വിസ്മയകരവും വിപ്ലവകരവും ആയിരിക്കും.

കാത്തിരിക്കുക, വീട്ടുമുറ്റത്ത് വിമാനമിറങ്ങുന്ന ദിനത്തിനായി; പക്ഷേ, ഭാരതത്തിലെ പാവപ്പെട്ടവന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ കാര്യമായ ഗവേഷണങ്ങളൊന്നും നടക്കുന്നില്ലെന്ന സങ്കോചത്തോടെ മാത്രം.

(മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special
Tags: Drone