ബ്രാന്‍ഡഡ് ഹോസ്റ്റല്‍ രംഗം വളര്‍ച്ചയില്‍

ബ്രാന്‍ഡഡ് ഹോസ്റ്റല്‍ രംഗം വളര്‍ച്ചയില്‍

ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലെ അധികമാരും കൈവെച്ചിട്ടില്ലാത്ത ഒരു വിപണിയാണ് ഹോസ്റ്റലുകളുടേത്. എന്നാല്‍ ഇന്ന് ഈ മേഖലയിലേക്ക് കടന്നുവന്ന് നിരവധി സ്ഥാപനങ്ങള്‍ നേട്ടം കൊയ്യുകയാണ്

2008ല്‍ ആരുഷ ഹോംസ് എന്ന പേരില്‍ ആദ്യത്തെ ഹോസ്റ്റല്‍ ചെന്നൈയില്‍ തുറക്കുമ്പോള്‍ ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലെ അധികമാരും കൈവെച്ചിട്ടില്ലാത്ത ഒരു വിപണിയിലേക്കാണ് താന്‍ കടന്നു ചെല്ലുന്നതെന്ന് സത്യനാരായണ വെജെല്ലയ്ക്ക് അറിവുണ്ടായിരുന്നില്ല. ഓഫീസ് സ്‌പേസുകള്‍, റെസിഡെന്‍ഷ്യല്‍ ഹൗസിംഗുകള്‍, വെയര്‍ഹൗസിംഗുകള്‍ എന്നിവയിലേക്കെല്ലാം റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളും നിക്ഷേപകരും ഒഴുകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ബ്രാന്‍ഡഡ് ഹോസ്റ്റലുകളും ഹൗസിംഗുകളും തീര്‍ത്തും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി തുടര്‍ന്നു.

ഇന്ത്യയിലെ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും പ്രധാനമായും വാടകവീടുകള്‍, പെയിംഗ് ഗസ്റ്റ് (പിജി) സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കുന്ന താമസ സൗകര്യങ്ങള്‍ അല്ലെങ്കില്‍ ഹോസ്റ്റലുകള്‍ എന്നിവയെയാണ് താമസത്തിനായി ആശ്രയിക്കുന്നത് ഇന്റര്‍നെറ്റ്, ഭക്ഷണം, ലോണ്‍ഡ്രി എന്നിവയെല്ലാം ഇവിങ്ങളില്‍ ഉറപ്പാക്കേണ്ട അവശ്യം അടിസ്ഥാന സൗകര്യങ്ങളാണ്. എന്നാല്‍ ഇത്തരത്തിലുള്ള ക്രമീകരണങ്ങളെല്ലാം താല്‍ക്കാലികം മാത്രമായിരുന്നു.

സുരക്ഷാപ്രശ്‌നങ്ങളും മികച്ച സേവനങ്ങളുടെ അഭാവവും സ്ഥിരം കാഴ്ചകളാണ്. വിപണിയില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ക്കായി ആവശ്യക്കാര്‍ ഏറെയുള്ളതിനാലും അതിനനുസരിച്ച വിതരണം നടക്കാത്തതിനാലും സാഹചര്യം ഇത്തരക്കാര്‍ വളരെയധികം ചൂഷണം ചെയ്തു. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നീ രണ്ട് ബിസിനസുകളുടെയും മിശ്രിതമാണെന്നതിനാല്‍ തന്നെ ഇത് ഏറെ കൗശലങ്ങള്‍ നിറഞ്ഞ ഒരു വിപണിയാണെന്ന് എജ്യുവിഷേഴ്‌സ് എന്ന വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഭരത് പാമര്‍ പറയുന്നു.

എജ്യുവിഷേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹൗസിംഗും തൊഴിലാളികള്‍ക്കായുള്ള ഹോസ്റ്റലുകളും കൂടി 200 ബില്യണിന്റെ ആസ്തിയാണുള്ളത്. പെന്‍ഷന്‍ ഫണ്ട്, സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍, സോവറീന്‍ വെല്‍ത്ത് ഫണ്ട് എന്നിവയില്‍ നിന്നെല്ലാം ഈ മേഖലയിലേക്ക് മൂലധനം ആകര്‍ഷിക്കപ്പെടുന്നുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ഇത് താരതമ്യേന ഒരു പുതിയ മേഖല തന്നെയാണ്. വളരെ കുറഞ്ഞ വിഭാഗം മാത്രമേ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുന്നുള്ളൂ. ഇതില്‍ ഭൂരിഭാഗവും അസംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ക്കായി തങ്ങളുടെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവരാണ് ഇക്കൂട്ടര്‍. സംഘടിതമാവാന്‍ വേണ്ടി ഏറെ രോദനമുയര്‍ത്തുന്ന വിപണിയാണിതെന്ന് ന്യൂഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്യാംപസിന്റെ സഹസ്ഥാപകനായ ശോഭിത് മലേത്ത പറയുന്നു. ഡെറാഡൂണില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആദ്യത്തെ ഹോസ്റ്റല്‍ ഈ വര്‍ഷം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് ഇന്‍ഡിക്യാംപസ്. ഹിമാചല്‍പ്രദേശിലെ സോളനിലും ഇത്തരത്തിലുള്ള ഒരു പദ്ധതി ഇവര്‍ വിഭാവനം ചെയ്യുന്നുണ്ട്.

ഇന്‍ഡിക്യാംപസ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ മേഖലയില്‍ സജീവമാകുന്നുണ്ടെന്ന് സംരംഭകര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ഡസനോളം ഹോസ്റ്റല്‍ ശൃംഖലകള്‍ ഉയര്‍ന്നുവരുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇത് പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടമായായിരിക്കും സ്ഥാപിതമാവുക, രാജസ്ഥാനിലെ കോട്ട ഇത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. ഗുഡ്ഗാവ്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി വര്‍ക്കിംഗ് പ്രൊഫഷണലുകളുടെ എണ്ണം വളരെ കൂടുതലുള്ള നഗരങ്ങളും ഈ മേഖലയിലേക്ക് കടക്കുന്നവര്‍ കണ്ണുവെക്കുന്നു.

ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹൗസിംഗിലും വെയര്‍ഹൗസിംഗുകളിലും നിക്ഷേപം നടത്തുന്നതിന് 500 കോടി രൂപയുടെ ഫണ്ടാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലാന്‍ഡ്മാര്‍ക്ക് കാപ്പിറ്റല്‍ അഡൈ്വസേഴ്‌സ് തുല്യമായി ക്രമീകരിക്കുന്നത്. ഈ വിപണിയെ കുറിച്ച് കൂടുതല്‍ പഠിച്ച അദ്ദേഹം സാധ്യതകള്‍ മനസിലാക്കിയപ്പോള്‍ തീര്‍ത്തും അത്ഭുതപ്പെടുകയായിരുന്നു. മുറികള്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കളുടെ നിരക്ക് വര്‍ഷം മുഴുവന്‍ 95 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുമാസത്തെ അവധിക്കാലം ഉണ്ടെങ്കില്‍പ്പോലും അവരുടെ ഒരു വര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂട്ടി അടച്ചു തീര്‍ത്തിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിന് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധമായി നിലവിലുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ലാന്‍ഡ്മാര്‍ക്ക് കാപ്പിറ്റല്‍ അഡൈ്വസേഴ്‌സിന് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഹോസ്റ്റല്‍ ഫീസുകളെ കോഴ്‌സ് ഫീസുമായി സംയോജിപ്പിക്കാനും സ്ഥാപനത്തിന്റെ ബ്രാന്‍ഡിന് കീഴില്‍ ഹോസ്റ്റലുകളെ നിലനിര്‍ത്താനും ഇവര്‍ ആലോചിക്കുന്നു. മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും തങ്ങളുടെ ഹോസ്റ്റലുകളുടെ നടത്തിപ്പ് പുറമേ നിന്നുള്ള കരാറുകാര്‍ക്ക് നല്‍കാന്‍ തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹോസ്റ്റലിനായി ഒരു വിദ്യാര്‍ത്ഥി എത്ര ചാര്‍ജ്ജ് വരെ നല്‍കണം എന്നതിനെ കുറിച്ച് ഇന്‍ഡിക്യാംപസിന്റെ മലേത്തയ്ക്ക് വ്യക്തമായ ധാരണയുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാര്‍ഷികവിദ്യാഭ്യാസ ഫീസിന് ആനുപാതികമായി മാത്രമേ ഹോസ്റ്റലിനും ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. അതില്‍ക്കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് സൗകര്യപ്രദമായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് ഒരു മൂല്യമേറിയ സ്വകാര്യ സര്‍വ്വകലാശാലയാണെങ്കില്‍ അതിനനുസരിച്ച് ഹോസ്റ്റലുകളിലും എയര്‍കണ്ടീഷന്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജ് ഈടാക്കാം.

സാധാരണ സര്‍ക്കാര്‍ കോളെജുകളില്‍ അതിനനുസരിച്ചുള്ള ചാര്‍ജുകളാണ് ഹോസ്റ്റലുകള്‍ ഈടാക്കേണ്ടത്. വൈഫൈ, ഭക്ഷണം, സുരക്ഷ, ഹോസ്റ്റലുകളുടെ മേല്‍നോട്ടം എന്നിവയൊക്കെയാണ് ഇന്ന് ഏറെ പ്രതീക്ഷിക്കപ്പെടുന്ന ഘടകങ്ങള്‍. വിദ്യാഭ്യാസത്തിന് ശേഷവും ഹൗസിംഗിനുള്ള ആവശ്യകത അവസാനിക്കുന്നില്ല. യുവ പ്രൊഫഷണലുകള്‍ക്കും ഇത്തരത്തിലുള്ള ഹൗസിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. രണ്ടോ നാലോ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് വീട് വാടകയ്‌ക്കെടുത്ത് താമസിക്കാനാണ് ഇവരിലേറെയും ആഗ്രഹിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ ഉറപ്പുവരുത്തുന്ന സ്ഥാപനമാണ് ആരുഷ. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളിലെ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഐടി പ്രൊഫഷണലുകള്‍, ബിപിഒ ജീവനക്കാര്‍, വ്യവസായതൊഴിലാളികള്‍ എന്നിവരെ ഉന്നം വച്ചുകൊണ്ടുള്ളതാണ് തങ്ങളുടെ ബിസിനസ് മോഡലെന്ന് വെജെല്ല പറയുന്നു. ഇവരുടെ ഹോസ്റ്റല്‍ ശൃംഖലയിലെ വ്യവസായതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു ഹോസ്റ്റല്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.

പൂനെയിലെ ഒരു വ്യാവസായിക മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന ഈ ഹോസ്റ്റല്‍ അവിടെയുള്ള ഓട്ടോമൊബീല്‍ കമ്പനികളിലെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് അടച്ചിടേണ്ടിവന്നത്. നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കായി റെന്റ് വൗച്ചറുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രൊപ്പോസലിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ബിസിനസിന് ഇത് വീണ്ടും നേട്ടമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇന്ന് പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന 20 ഹോസ്റ്റലുകളിലായി ആരുഷ എന്ന ബ്രാന്‍ഡിന് 4,300 കിടക്കകളാണ് ഉള്ളത്. അക്യുമെന്‍, കാസ്പിയന്‍ അഡൈ്വസേഴ്്‌സ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നായാണ് ഇവര്‍ മൂലധനം സ്വരൂപിച്ചത്.

ബെംഗളൂരു, പൂനെ, കോട്ട എന്നിവിടങ്ങളില്‍ ഹോസ്റ്റലുകള്‍ സ്ഥാപിച്ച് 3,000 കിടക്കകള്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഒരുക്കുന്ന സംരംഭകരാണ് സോളോ സ്‌റ്റേയ്‌സ്. ഇതൊരു പരിഭ്രമിപ്പിക്കുന്ന വിപണിയാണെന്നും എന്തുകൊണ്ട് ഒരു സംയോജിത ബിസിനസ് മോഡല്‍ ഇവിടെ പ്രാവര്‍ത്തികമാകുന്നില്ല എന്നും സോളോ സ്‌റ്റേയ്‌സിന്റെ സഹസ്ഥാപകനായ നികില്‍ സിക്രി വിശദീകരിക്കുന്നു. 2016ല്‍ സ്ഥാപിതമായ സോളോ സ്‌റ്റേയ്‌സ് പ്രതിമാസം 6,000- 8,000 രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ആരുഷ ഹോംസ് ഈടാക്കുന്നതിന് ഏതാണ്ട് സമാനതുകയാണിത്. പ്രദേശത്തെ മറ്റ് ഇടങ്ങളിലെ വാടക നിരക്ക് അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്. ഹൗസ്‌കീപ്പിംഗ് ഉള്‍പ്പടെയുള്ള മറ്റ് സേവനങ്ങളും ഇവര്‍ പ്രദാനം ചെയ്യുന്നുണ്ട്.

ആത്യന്തികമായി, കൃത്യമായി ആസ്തി തിരിച്ചു ലഭിക്കുന്ന ഒരു സംവിധാനമാണ് ഇത് എന്നുവിലയിരുത്താം. അതുകൊണ്ടുതന്നെയാണ് ഈ മേഖല നിക്ഷേപകരുടെ താല്‍പര്യം ആകര്‍ഷിക്കുന്നതും. എല്ലാ ചെലവുകള്‍ക്ക് ശേഷവും ശരാശരി 14 മുതല്‍ 15 ശതമാനം വരെ തിരിച്ച് നേട്ടം തങ്ങള്‍ക്ക് ലഭിക്കുന്നതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special