എല്ലാ കലകളും ഒരുമിച്ച് പകര്‍ന്നു നല്‍കുകയാണ് കോഴിക്കോട്ടുകാരി മിനിജ

എല്ലാ കലകളും ഒരുമിച്ച് പകര്‍ന്നു നല്‍കുകയാണ് കോഴിക്കോട്ടുകാരി മിനിജ
നൃത്തവും സംഗീതവും ചിത്രരചനയുമെല്ലാം ഒരുമിച്ച് സൗജന്യമായി പഠിക്കണമെങ്കില്‍ 
മിനിജയുടെ ചേലപ്രം ബദിരൂരിലെ കോവാണ്ടടത്തില്‍ വീട്ടിലെത്തിയാല്‍ മതി. അറിയാവുന്ന 
എന്തും ആര്‍ക്കും പകര്‍ന്നു നല്‍കാനായി ഒരു ടീച്ചര്‍ അവിടെ എന്നും ഉണ്ട്. പ്രതിഫലം ഒന്നും 
തന്നെ പ്രതീക്ഷിക്കാതെ. ബദിരൂരുകാരുടെ മിനിജ ടീച്ചര്‍. സംഗീതം പഠിക്കേണ്ടവര്‍ക്ക് സംഗീതം,
ചിത്രരചന പഠിക്കേണ്ടവര്‍ക്ക് അതിനുള്ള പരിശീലനം, പാടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ 
അതിനും ഇവിടെ അവസരങ്ങള്‍ ഉണ്ട്.. ഇനി എല്ലാം കൂടെ പഠിക്കാന്‍ 
താല്‍പര്യമുള്ളവരാണെങ്കില്‍ അതിനും മിനിജ ടീച്ചര്‍ റെഡിയാണ്....

ആര്യചന്ദ്രന്‍

ഇതെല്ലാം മിനിജ കുട്ടികളെ പഠിപ്പിക്കുന്നത് യാതൊരു ഫീസും ഈടാക്കാതെയാണ് എന്നതാണ് കൗതുകം. തികച്ചും സൗജന്യമാണ് ഇവിടത്തെ പരിശീലനം. ആശിച്ച സമയത്തു സഫലമാകാത്ത ആഗ്രഹങ്ങള്‍, മറ്റുള്ളവര്‍ക്ക് നേടിക്കൊടുക്കാന്‍ പണിപ്പെടുകയാണ് മിനിജ ടീച്ചര്‍. പൂക്കാട് കലാലയത്തില്‍ ആണ് മിനിജ പഠനം പൂര്‍ത്തിയാക്കിത്. അന്നു തൊട്ടു പറ്റാവുന്നവിധം ക്ലാസുകള്‍ എടുത്തു കൊടുക്കാറുണ്ടായിരുന്നു.

എട്ടാം ക്ലാസ് ജീവിതത്തില്‍ തുടങ്ങിയതാണ് ഇത്തരം പരിശീലനങ്ങള്‍. ചെറിയ ക്ലാസുകളില്‍ മോണോ ആക്റ്റിലും നാടകത്തിലുമടക്കം മത്സരങ്ങളില്‍ എല്ലാറ്റിലും നിറസാന്നിധ്യമായിരുന്ന മിനിജ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഒപ്പം സ്വന്തമായി പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുകയും തന്റേതായ ശൈലിയില്‍ മികവ് പകര്‍ന്ന് കൊടുക്കുകയും ചെയ്തു. നന്നേ ചെറുപ്പത്തില്‍ തന്നെ മിനിജ നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം നിര്‍വ്വഹിച്ച പല നാടകങ്ങളും ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഉള്ളിലുള്ള കഴിവുകള്‍ മറ്റുള്ളവരിലെത്തിച്ച് ആനന്ദം കണ്ടെത്താന്‍ ചെറുപ്പത്തില്‍ തന്നെ ശ്രമിച്ചിരുന്നു. മിനിജ ഇന്ന് മിനി ബദിരൂര്‍ എന്നാണ് അറിയപ്പെടുന്നത്.

തികച്ചും കഠിനമായ സാഹചര്യങ്ങളിലാണ് മിനിജ പഠിച്ചതും വളര്‍ന്നതും. കുട്ടിക്കാലം തൊട്ടേ കലയോട് കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നെങ്കിലും അത് പഠിക്കാനുള്ള സാഹചര്യം അന്ന് ലഭിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ പഠിക്കാനായി പോവുമ്പോഴും അത് കണ്ടു നില്‍ക്കാനേ അന്ന് മിനി ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പിന്നെ പല സ്ഥലങ്ങളില്‍ നിന്നു സ്വയം സമ്പാദിച്ച കഴിവാണ് മിനിയെ ഇന്ന് മിനി ബദിരൂര്‍ എന്ന നൃത്ത സംഗീത ചിത്രരചനാ അധ്യാപികയാക്കി മാറ്റിയത്. സാഹചര്യങ്ങളുടെ പേരില്‍ ഒരിക്കല്‍ തനിക്ക് നഷ്ടമായതും സ്വായത്തമാക്കാന്‍ കഴിയാതെ പോയതും ശിഷ്യര്‍ക്ക് ലഭ്യമാക്കണമെന്ന ഒരു തീരുമാനമാണ് മിനിജയെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ ഇടയായത്.

കലാവൈഭവമുള്ള കുട്ടികളില്‍ പലരും പണമില്ലാത്തതു കൊണ്ടോ അവസരങ്ങള്‍ കിട്ടാതെയോ തഴയപ്പെടുകയാണ്. അവര്‍ക്ക് തുണയും താങ്ങുമായി നിന്ന് സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത് അവരുടെ സന്തോഷത്തിലൂടെ നിര്‍വൃതി കണ്ടെത്താനാണ് മിനിജയ്ക്ക് ഇഷ്ടം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഏപ്രില്‍ ഒന്നിന് സേവ് ഇലക്ട്രിസിറ്റി ഡേയുടെ ഭാഗമായി രാത്രി ഒരു മണിക്കൂര്‍ ലൈറ്റുകള്‍ എല്ലാം ഓഫ് ചെയ്തു കൊണ്ട് ഒരു മത്സരവും ഇവര്‍ നടത്തിവരുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ നടത്താന്‍ പ്രചോദനമാവുകയാണ് മിനിജ ടീച്ചര്‍.

മിനിജ ബദിരൂര്‍

പ്രശസ്തിയോ പണമോ ആഗ്രഹിച്ചിട്ടില്ലെന്ന് മിനിജ ബദിരൂര്‍ പറയുന്നു. ചിത്രം വരയ്ക്കുമ്പോള്‍ അല്ലെങ്കില്‍ നൃത്തം ചെയ്യുമ്പോള്‍ ഓരോ കുട്ടിയുടെയും മുഖത്ത് വിരുന്ന ചിരി മാത്രമാണ് സമ്പാദ്യമെന്ന പക്ഷക്കാരിയാണ് ഇവര്‍. തന്റെ സംരംഭത്തിന് റൈസ് ടാന്റേഴ്‌സ് ക്ലബ്ബ് എന്നാണ് മിനിജ പേരു നല്‍കിയിട്ടുള്ളത്. 2016 ജൂലൈയില്‍ ആയിരുന്നു ക്ലബ്ബ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കുള്ള പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം പിന്നിട്ടെങ്കിലും സ്ഥിരമായ ക്ലാസുകള്‍ തുടങ്ങിയിട്ട് 12 വര്‍ഷം ആകുന്നേയുള്ളൂ. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് പല ഇടങ്ങളിലായി അധ്യാപകജോലി ചെയ്യുന്നുണ്ട്.

പാവണ്ടൂരില്‍ 60 കുട്ടികളും ബദിരൂരില്‍ 80 കുട്ടികളും അടക്കം 140- ല്‍പ്പരം കുട്ടികളാണ് ഇന്നു ക്ലബ്ബിനു കീഴില്‍ പഠിക്കുന്നത്. മൂന്നു വയസ്സു മുതല്‍ പതിനഞ്ച് വയസ്സു വരെയുള്ള കുട്ടികളാണ് ഇവിടെ പരിശീലത്തിനായി എത്തുന്നത്. കുട്ടികള്‍ക്കു പുറമെ 25- ഓളം മുതിര്‍ന്നവരും ഇവിടെ പഠിക്കാനായി എത്തുന്നുണ്ട് ഇവര്‍ക്കാവശ്യമായ ഡ്രോയിംങ് ബുക്കുകള്‍ അടക്കം പഠനത്തിനാവശ്യമായ വസ്തുക്കള്‍ എല്ലാം നല്‍കുന്നത് മിനിജ തന്നെയാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഓരോ കുട്ടികളില്‍ നിന്നും വാങ്ങുന്ന 250 രൂപ മാത്രമാണ് ആകെയുള്ള വരുമാന മാര്‍ഗം.

ക്ലബ്ബ് നടത്തി കൊണ്ടു പോകാനായി പണം കൂടുതല്‍ ആവശ്യമായി വന്നതോടെ മിനിജ പുസ്തകങ്ങള്‍ എഴുതാനും തുടങ്ങി. അങ്ങനെ ‘മുത്തുമണികള്‍’ എന്ന കുട്ടി കവിതാ സമാഹാരവും ‘അമ്പിളിയുടെ പുസ്തകങ്ങള്‍’ എന്ന ബാല നോവലും എഴുതി. അത് സ്വന്തമായി പ്രസിദ്ധീകരിച്ച് അവ വീടുകളില്‍ കൊണ്ടു ചെന്ന് വിറ്റ് പണം ശേഖരിച്ചു. 85 രൂപയാണ് രണ്ട് ബുക്കിന്റെയും കൂടി വില എങ്കിലും ആളുകള്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത വിധം അവ രണ്ടും കൂടി 50 രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. ഇന്നും പണമില്ലാതെ വരുമ്പോള്‍ മിനിജ കുറച്ച് പുസ്തകങ്ങളുമായി ഇറങ്ങും. ഒപ്പം സഹായത്തിന് ഭര്‍ത്താവ് സുധീര്‍ കുമാറും ഉണ്ട്. ഇനിയും പ്രസിദ്ധീകരരണത്തിനായി കാത്തിരിക്കുന്ന പുസ്തകങ്ങളും ഉണ്ട്.

കുട്ടികളില്‍ പലര്‍ക്കും മലയാളം ഒട്ടും അറിയാത്ത ഒരു അവസ്ഥ തുടങ്ങിയത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവോടു കൂടിയാണെന്ന വിമര്‍ശനം വ്യാപകമാണ്. ഇതിനു ചെറിയ പ്രതിവിധിയും മിനിജ ടീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കവിതകളും കഥകളും എഴുതാം. മനസ്സില്‍ തോന്നുന്നതൊക്കയും കടലാസിലേക്കു പകര്‍ത്താം. മലയാള ഭാഷ പഠിക്കാന്‍ കൂടി അവസരമൊരുക്കുകയാണ് ഇവിടെ. ഇവയെല്ലാം ‘അമ്മ മലയാളത്തിന് ഒരു മയില്‍പ്പീലിത്തുണ്ട്’ എന്ന പദ്ധതി പ്രകാരം ഒരു കൈയെഴുത്ത് മാസികയായി പ്രസിദ്ധീകരിക്കാറുമുണ്ട്. മാത്രവുമല്ല തെരഞ്ഞെടുക്കുന്ന മികച്ച രചനകള്‍ക്ക് സമ്മാനവും നല്‍കും.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ശനിയാഴ്ച പാവണ്ടൂരിലും ഞാറാഴ്ച മിനിജയുടെ വീട്ടില്‍ വച്ചുമാണ് ക്ലാസുകള്‍ നടത്തി വരുന്നത്. ഒരു ആഴ്ച നൃത്തമാണെങ്കില്‍ അടുത്ത ആഴ്ച സംഗീതം എന്ന കണക്കെയാണ് ക്ലാസുകള്‍ നടന്നു വരുന്നത്. ഇതിനിടയില്‍ കുട്ടികളിലെ സര്‍ഗവാസനകള്‍ ഉണര്‍ത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും വായന ദിനം പോലുള്ളവ ആഘോഷിക്കാനും സമയം കണ്ടെത്താറുണ്ട്. ഒപ്പം പഠനയാത്രകളും നടത്താറുണ്ട്.

കലാവിദ്യാലയത്തിനോട് ചേര്‍ന്ന് 800-ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറിയും ഇവര്‍ക്കുണ്ട്, ഒരാഴ്ചത്തേക്ക് ഒരു രൂപ നല്‍കിയാണ് കുട്ടികള്‍ ഇവിടെ നിന്നും പുസ്തകങ്ങള്‍ വായിക്കാന്‍ എടുക്കുന്നത്. പണമുള്ളപ്പോള്‍ താന്‍ തന്നെ വാങ്ങിയ കുറച്ച് പുസ്തകങ്ങളും പിന്നെ ആരെങ്കിലും ലൈബ്രറിയിലേക്കായി സംഭാവന തരുന്ന പുസ്തകങ്ങളുമാണ് അവിടെയുള്ളതെന്നാണ് മിനിജ ടീച്ചര്‍ പറയുന്നത്.

പ്രായമായ അമ്മമാര്‍ക്കും അംഗവൈകല്യമുള്ള കുട്ടികള്‍ക്കും 70 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും ധനസഹായം നല്‍കുക, പുസ്തകങ്ങള്‍ ഇനിയും കൂടുതല്‍ ശേഖരിച്ച് ഇപ്പോള്‍ ഉള്ള ലൈബ്രറി മികച്ചതാക്കുക, പാവണ്ടൂരില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി അവിടെയൊരു പഠന ക്ലാസ് ആരംഭിക്കുക, ബദിരൂരില്‍ നടക്കുന്ന ക്ലാസിനായി ഒരു കെട്ടിടം പണിയുക, വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള അവസരമൊരുക്കുക എന്നിങ്ങനെയാണ് മിനിജ ടീച്ചറുടെ ഇനിയുള്ള ആഗ്രഹങ്ങള്‍.

ഇതിനുള്ള പണം കണ്ടെത്താനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ് മിനിജയും ഭര്‍ത്താവ് സുധീര്‍ കുമാറും. കോഴിക്കോട് ദൃശ്യ കലാ ആര്‍ട്ട്‌സ് എന്ന സ്ഥാപനം നടത്തി വരികയാണ് സുധീര്‍ കുമാര്‍. പ്രൊവിഡന്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മകള്‍ അശ്വതി പൂര്‍ണപിന്തുണയുമായി അച്ഛനും അമ്മയ്ക്കും ഒപ്പമുണ്ട്. അമ്മയെപ്പോലെ ഡാന്‍സിലും പാട്ടിലും ഒക്കെ കഴിവുതെളിയിച്ച കുട്ടിയാണ് അശ്വതിയും. നന്നായി എഴുതുകയും ചെയ്യും.

ശിശുദിനത്തിന് ചില ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായിരുക്കും അവാര്‍ഡ് നല്‍കുക. ഇങ്ങനെ സമൂഹത്തിലെ വ്യത്യസ്തമായ ഇടപെടലുകള്‍ കൊണ്ട് കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരി ആവുകയാണ് മിനിജ ടീച്ചര്‍.

Comments

comments

Categories: FK Special, Life, World