ജൂവല്‍റി മേഖലയ്ക്ക് സര്‍വകലാശാല വരുന്നു

ജൂവല്‍റി മേഖലയ്ക്ക് സര്‍വകലാശാല വരുന്നു
20 കോടി രൂപയുടെ നിക്ഷേപത്തില്‍ വാരാണസിയിലാണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്

വാരാണസി: ജൂവല്‍റി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈദഗ്ധ്യമില്ലെന്നുള്ള പരാതികള്‍ക്ക് പരിഹാരമാകുന്നു. ആഭരണ മേഖലയില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വാരാണസിയില്‍ ഒരു സര്‍വകലാശാല വരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജൂവല്‍റി (ഐഐജിജെ) യാണ് 20 കോടി രൂപ മുതല്‍മുടക്കില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്.

ഒരു സമ്പൂര്‍ണ സര്‍വകലാശാലയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഐഐജിജെ ചെയര്‍മാന്‍ കിരിത് ബന്‍സാലി പറഞ്ഞു. 20 കോടി രൂപയുടേതാണ് പദ്ധതി. ഇതിനായി ഞങ്ങള്‍ സ്ഥലം നോക്കിവെച്ചിട്ടുണ്ട്. ജൂവല്‍റി രംഗത്തിന് പേരുകേട്ട നഗരമാണ് വാരാണസിയെങ്കിലും ഈ മേഖലയിലേക്ക് നൈപുണ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് പരിശീലന സ്ഥാപനങ്ങള്‍ ഇവിടില്ല. അത് പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-ബന്‍സാലി വ്യക്തമാക്കി.

ജെംസ് ആന്‍ഡ് ജൂവല്‍റി രംഗത്തിന്റെ നല്ലൊരു ശതമാനവും ഇപ്പോഴും അസംഘടിതമാണ്. മേഖല സംഘടിതമാകേണ്ടതുണ്ട്. അതുകൂടി ലക്ഷ്യമിട്ടാണ് പുതിയ സ്ഥാപനം തുടങ്ങുന്നതെന്ന് ബന്‍സാലി കൂട്ടിച്ചേര്‍ത്തു. ഐഐജിജെക്ക് നിലവില്‍ മുംബൈയില്‍ രണ്ട് സ്‌കൂളുകളുണ്ട്. ആഭരണ നിര്‍മാണ രംഗത്തേക്ക് കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ സംഭാവന ചെയ്യുകയാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം. ജൂവല്‍റി ഡിസൈനിംഗ് കോഴ്‌സുകള്‍ക്കായിരിക്കും പുതിയ സര്‍വകലാശാലയില്‍ പ്രാധാന്യം നല്‍കുക.

പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ പഠനമനുസരിച്ച് ഏകദേശം 4.45 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയിലെ ജെംസ് & ജൂവല്‍റി വ്യവസായം. ജിഡിപിയിലേക്കുള്ള ഈ മേഖലയുടെ സംഭാവന 5.9 ശതമാനം വരും. വന്‍തൊഴിലവസരങ്ങളും ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്നതായാണ് കണക്കുകള്‍.

Comments

comments

Categories: Education, Top Stories