ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ട് നവീകരിക്കാന്‍ റെയ്ല്‍വേ പദ്ധതി

ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ട് നവീകരിക്കാന്‍ റെയ്ല്‍വേ പദ്ധതി

ഒമ്പതു റൂട്ടുകളാണ് സെമി ഹൈ സ്പീഡ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്

ന്യൂഡെല്‍ഹി: വടക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാതയായ ഡെല്‍ഹി-ചണ്ഡീഗഢ് ഇടനാഴി നവീകരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ടില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയ്ന്‍ യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് നീക്കം. ഫ്രഞ്ച് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയ്ന്‍ ഓടിക്കുന്നതിന് റെയ്ല്‍വേ ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ സെമി ഹൈ സ്പീഡ് പ്രൊജക്റ്റാണ് ഇത്.

245 കിലോ മീറ്റര്‍ ദൂരമാണ് ഡെല്‍ഹി-ചണ്ഡീഗഢ് പാതയ്ക്കുള്ളത്. ഡെല്‍ഹി-ആഗ്ര റൂട്ടില്‍ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ നേരത്തെ ഇന്ത്യന്‍ റെയ്ല്‍വേ വിജയകരമായി ട്രെയ്ന്‍ യാത്രാ സൗകര്യമൊരുക്കിയിരുന്നു. വടക്കേ ഇന്ത്യയില്‍ യാത്രക്കാരുടെ തിരക്ക് ഏറ്റവുമധികം അനുഭവപ്പെടുന്ന ഒരു റെയ്ല്‍വേ റൂട്ടാണ് ഡെല്‍ഹി-ചണ്ഡീഗഢ്. സെമി ഹൈ സ്പീഡിലേക്ക് ഉയര്‍ത്തുന്നതിനായി ഒന്‍പത് പ്രധാനപ്പെട്ട ഇടനാഴികളാണ് റെയ്ല്‍വേ തെരഞ്ഞെടുത്തിട്ടുള്ളത്. മൊത്തം 6,400 കിലോ മീറ്റര്‍ ദൂരം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഡെല്‍ഹി-കാണ്‍പ്പൂര്‍, നാഗ്പ്പൂര്‍-ബിലാസ്പ്പൂര്‍, മൈസൂര്‍-ബെംഗളൂരു-ചെന്നൈ, മുംബൈ-ഗോവ, മുംബൈ- അഹമദാബാദ്, ചെന്നൈ-ഹൈദരാബാദ്, നാഗ്പൂര്‍-സെക്കന്തരാബാദ് തുടങ്ങിയ പതാകളാണ് മണിക്കൂറില്‍ 160 അല്ലെങ്കില്‍ 200 കിലോ മീറ്റര്‍ വേഗതയിലേക്ക് നിലവാരമുയര്‍ത്താനായി തെരഞ്ഞെടുത്തിട്ടുള്ള മറ്റ് റൂട്ടുകള്‍. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഘടനയും മാതൃകയും വിശദമായ ചെലവ് വിവരങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഫ്രഞ്ച് റെയ്ല്‍വേ അതോറിറ്റിയായ എസ്എന്‍സിഎഫ് തയാറാക്കി സമര്‍പ്പിക്കും.അന്തിമ റിപ്പോര്‍ട്ട് ഫ്രഞ്ച് ടീം ഒക്‌റ്റോബറോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു.

മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയ്ന്‍ ഓടിക്കുന്നതിന് കിലോമീറ്ററിന് 46 കോടി രൂപ (ഒരു റൂട്ടില്‍ 10,000 കോടി രൂപയിലുമധികം) ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ ശതാബ്ദി എക്‌സ്പ്രസ്സ് 245 കിലോ മീറ്റര്‍ ദൂരം താണ്ടുന്നത് മൂന്ന് മണിക്കൂര്‍ 30 മിനുട്ട് എടുത്താണ്. മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയിലാണ് ശതാബ്ദി എക്‌സ്പ്രസ് ഓടുന്നത്. സെമി ഹൈ സ്പീഡ് പദ്ധതി നടപ്പാക്കുന്നതോടെ ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ടിലെ യാത്രാ സമയം ഒരു മണിക്കൂര്‍ 50 മിനുട്ടായി ചുരുങ്ങും.

Comments

comments

Categories: Top Stories