ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ മുബൈയില്‍ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതി

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ മുബൈയില്‍ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയില്‍ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ തുറമുഖ കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്ര തുറമുഖ ഗതാഗത മന്ത്രാലയം തയാറെടുക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. മുംബൈ തുറമുഖ ട്രസ്റ്റിനു കീഴിലുള്ള ഭൂമിയാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. മുബൈ തുറമുഖ ട്രസ്റ്റിനെ നഗരത്തിലെ ധനികനായ ഭൂവുടമയായാണ് ഗഡ്കരി കാണുന്നത്. വ്യാവസായിക നഗരത്തിലെ തരിശുഭൂമിയില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

മുംബൈയിലെ പ്രമുഖ ഭൂ പ്രഭുക്കന്മാരാണ് മുംബൈ തുറമുഖ ട്രസ്റ്റെന്നും (എംബിപിടി) താജ് ഹോട്ടല്‍, ബല്ലാര്‍ഡ് എസ്‌റ്റേറ്റ്, റിലയന്‍സ് ബില്‍ഡിംഗ് എന്നിവയുടെയെല്ലാം ഉടമകള്‍ എംബിപിടിയാണെന്നും തുറമുഖവുമായി ചേര്‍ത്ത് വലിയ മനോഹരമായ പദ്ധതി മുംബൈയിലുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഏകദേശം 500 ഹെക്റ്ററില്‍ പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തുറമുഖ പ്രവര്‍ത്തനങ്ങള്‍, മറ്റു ബിസിനസുകള്‍, ഓഫീസുകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ്, റീട്ടെയ്ല്‍, വിനോദം, കണ്‍വെണ്‍ഷന്‍ സെന്ററുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ മുബൈയില്‍ നദീത്തടത്തോട് ചേര്‍ന്ന് കെട്ടിടം നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ തയാറായി കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണെന്നും ഗഡ്കരി അറിയിച്ചു.

മുംബൈ മറൈന്‍ ഡ്രൈവിനേക്കാള്‍ മൂന്ന് മടങ്ങ് വലിപ്പമുള്ള സ്മാര്‍ട്ട് റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിസ്ഥിതിയുമായി ഇണങ്ങിനില്‍ക്കുന്ന തരത്തിലാകും നിര്‍മാണം. തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാനും അടിസ്ഥാനസൗകര്യങ്ങളുടെ രൂപരേഖയും തയാറാക്കി സമര്‍പ്പിക്കുന്നതിന് കണ്‍സള്‍ട്ടിംഗ് സംരംഭങ്ങളില്‍ നിന്നും ഇതിനോടകം തന്നെ മുംബൈ പോര്‍ട്ട് ട്രസ്റ്റ് ടെന്‍ണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു.

Comments

comments

Categories: Top Stories