ബിഎസ്എന്‍എലുമായുള്ള ലയനം മല്‍സരക്ഷമത വര്‍ധിപ്പിക്കും: എംടിഎന്‍എല്‍ സിഎംഡി

ബിഎസ്എന്‍എലുമായുള്ള ലയനം മല്‍സരക്ഷമത വര്‍ധിപ്പിക്കും: എംടിഎന്‍എല്‍ സിഎംഡി

ലയനം സംബന്ധിച്ച ശുപാര്‍ശ ജൂണില്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും

ന്യൂഡെല്‍ഹി: ബിഎസ്എന്‍എലും എംടിഎന്‍എലും തമ്മിലുള്ള ലയനം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാനും അഖിലേന്ത്യാ തലത്തില്‍ കടുത്ത പോരാട്ടം നടക്കുന്ന ടെലികോം മേഖലയില്‍ മല്‍സരക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് എംടിഎന്‍എല്‍ സിഎംഡി പികെ പുര്‍വാര്‍ പറയുന്നു. ഇരു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലയനം സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ജൂണോടു കൂടി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനാണ് ടെലികോം മന്ത്രാലയം ഒരുങ്ങുന്നത്. ഏകീകരണ പ്രവണതകള്‍ ടെലികോം മേഖലയിലാകെ വ്യാപകമാകുകയാണ്. ഏതൊരു ഓപ്പറേറ്റര്‍ക്കും ഈ മേഖലയില്‍ മുന്നോട്ടുപോകണമെങ്കില്‍ രാജ്യവ്യാപകമായ പ്രവര്‍ത്തനം അനിവാര്യമാണെന്നും പികെ പുര്‍വാര്‍ ചൂണ്ടിക്കാട്ടി.

ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ ലയനം സംബന്ധിച്ച ഒരു ശുപാര്‍ശയും നിലവില്‍ പരിഗണനയില്‍ ഇല്ലെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ എഴുതി തയാറാക്കിയ മറുപടിയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ലയനത്തിന് അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്നാണ് പികെ പുര്‍വാര്‍ വ്യക്തമാക്കുന്നത്. ഡെല്‍ഹി, മുംബൈ നഗരങ്ങളിലെ ടെലിഫോണ്‍ സേവനങ്ങളാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്( എംടിഎന്‍എല്‍) കീഴിലുള്ളത്. ഇന്ത്യയുടെ ബാക്കിഭാഗങ്ങളിലെ മുഴുവന്‍ പൊതുമേഖലാ ടെലികോം സേവനങ്ങളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡാണ് (ബിഎസ്എന്‍എല്‍) നിര്‍വഹിക്കുന്നത്.

ചെറുകിട ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം മേഖലയില്‍ ഇനി മുന്നോട്ടുപോകുക അത്ര എളുപ്പമാകില്ല. ഇപ്പോഴത്തെ ഏകീകരണ പ്രവണത ടെലികോം മേഖലയ്ക്കാകെ അനിവാര്യമാണെന്നാണ് കരുതുന്നതെന്നും പികെ പുര്‍വാര്‍ പറഞ്ഞു. ഇരു പൊതുമേഖലാ ടെലികോം കമ്പനികളും ഒന്നിക്കുന്നത് ഇവയുടെ ശരിയായ ശേഷി പ്രകടമാക്കുന്നതിന് സഹായകമാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ലയനം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments