20% വിപണി വിഹിതം ലക്ഷ്യമിട്ട് ജെകെ ടയേഴ്‌സ്

20% വിപണി വിഹിതം ലക്ഷ്യമിട്ട് ജെകെ ടയേഴ്‌സ്
അടുത്ത 18 മാസത്തിനുള്ളില്‍ ഇരുചക്ര വാഹന സെഗ്മെന്റിലാണ് വിപണി വിഹിതം കൂട്ടാന്‍ 
കമ്പനി പദ്ധതിയിടുന്നത്

ന്യൂഡെല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ ടയര്‍ ബിസിനസില്‍ വലിയ ലക്ഷ്യവുമായി ജെകെ ടയേഴ്‌സ്. ഈ സെഗ്മെന്റില്‍ അടുത്ത 18 മാസത്തിനുള്ളില്‍ 20 ശതമാനം വിപണി വിഹിതം നേടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം രാജ്യത്തെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ജെകെ ടയേഴ്‌സ് പദ്ധതിയിടുന്നുണ്ട്. ബികെ ബിര്‍ളയുടെ കേസൊറാം ഇന്‍ഡസ്ട്രീസിന്റെ ഹരിദ്വാറിലെ ടയര്‍ നിര്‍മാണ പ്ലാന്റ് ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷമാണ് ജെകെ ടയേഴ്‌സ് ഇരുചക്ര വാഹനങ്ങളുടെ ടയര്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. 2,195 കോടി രൂപയ്ക്കായിരുന്നു ആ ഏറ്റെടുക്കല്‍.

നിലവില്‍ 14 സൈസുകളിലുള്ള ടയറുകളാണ് കമ്പനി വില്‍ക്കുന്നത്. 100-125 സിസി വാഹന വിഭാഗത്തിലാണ് വില്‍പ്പന. 150 സിസി വാഹനങ്ങളുടെ സെഗ്മെന്റിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബ്ലേസ് ബ്രാന്‍ഡിലായിരിക്കും ടയറുകള്‍ പുറത്തിറക്കുക. അടുത്ത ജൂണ്‍ മാസത്തോടു കൂടി പുതിയ ടയറുകള്‍ വിപണിയിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ വിക്രം മല്‍ഹോത്ര പറഞ്ഞു.

കമ്പനിക്ക് ഇപ്പോള്‍ ഏകദേശം 10 ശതമാനത്തിനടുത്ത് ഈ മേഖലയില്‍ വിപണി വിഹിതമുണ്ടെന്നും മല്‍ഹോത്ര വ്യക്തമാക്കി. വിപണിയിലെ ആവശ്യകതയുടെ 95 ശതമാനവും ലഭ്യമാക്കാനാണ് തങ്ങളുടെ ശ്രമമെന്നും മല്‍ഹോത്ര. മുച്ചക്ര വാഹനങ്ങളുടെ ടയറുകളും കമ്പനി വില്‍ക്കുന്നുണ്ട്. ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കുമെന്ന് മല്‍ഹോത്ര പറഞ്ഞു.

Comments

comments

Categories: Business & Economy