ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സാധ്യമായേക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സാധ്യമായേക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഇന്ത്യ കരാറിനായി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ നിലവിലെ സാഹചര്യങ്ങളോട് 
പൊരുത്തപ്പെടുന്നതല്ല

കാന്‍ബെറ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമായേക്കില്ലെന്ന് ഓസ്ട്രലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷമാണ് ടേണ്‍ബുള്‍ ഇക്കാര്യം വിശദീകരിച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കുന്നതിന് അദ്ദേഹം ഇന്ത്യയിലെ ബിസിനസ് നേതാക്കള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാകില്ലെന്ന കാര്യം ഓസ്‌ട്രേലിയന് ബ്രോഡ്കാസ്റ്റിഗ് കോര്‍പ്പറേഷനോടാണ് അദ്ദേഹം പറഞ്ഞത്. ഈ സമയത്ത് കരാറിലെത്തുന്ന കാര്യം സാധ്യമല്ല. ഇന്ത്യ കരാറിനായി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും ഇടയിലുള്ള സംഭാഷണങ്ങള്‍ നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വ്യാപാരത്തെക്കുറിച്ചും സംരക്ഷണവാദത്തെ കുറിച്ചുമുള്ള തങ്ങളുടെ നിലപാടുകള്‍ ആഭ്യന്തരവിശകലനത്തിന് വിധേയമാക്കാന്‍ ഇന്ത്യക്ക് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര കരാറിന്റെ കാര്യത്തില്‍ മതിയായ പുരോഗതിയില്ല. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഏതെല്ലാം കാര്യങ്ങളിലാണ് യോജിപ്പുള്ളതെന്നും അകല്‍ച്ചയുള്ളതെന്നും വ്യക്തമാകാന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കും. നരേന്ദ്ര മോദിയും താനും തങ്ങളുടെ നേതൃപരമായ നിര്‍ദേശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയ്ക്കായി നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന സഹകരണത്തില്‍ ഇരു വിഭാഗവും ശ്രദ്ധി കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ നേരത്തേ ഓസ്‌ട്രേലിയ തള്ളിക്കളഞ്ഞിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് 2014ല്‍ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2015 അവസാനത്തോടെ കരാര്‍ പൂര്‍ണ്ണമാകുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

നിലവില്‍ 20 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ ഉള്ളത്. ഇരു സമ്പദ് വ്യവസ്ഥകള്‍ക്കുമിടയില്‍ സാധ്യമായതിന്റെ എത്രയോ കുറവാണിതെന്നാണ് ടേബുള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Top Stories, World