ബെനോയിറ്റിന്റെ ചരിത്ര നേട്ടങ്ങള്‍

ബെനോയിറ്റിന്റെ ചരിത്ര നേട്ടങ്ങള്‍

കായിക ഇനങ്ങളില്‍ ഏറ്റവും പാരമ്പര്യമുള്ളതാണ് മാരത്തണ്‍. ദീര്‍ഘ ദൂര ഓട്ടങ്ങളുടെ രാജാവെന്ന് മാരത്തണിനെ വിശേഷിപ്പിക്കാം. ആ മാരത്തണില്‍ അപൂര്‍വ നേട്ടങ്ങള്‍ കൊയ്ത അമേരിക്കന്‍ വനിതയാണ് ജോന്‍ ബെനോയിറ്റ്. 1983ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ രണ്ടാം കിരീടം ചൂടിയ ബെനോയിറ്റ് തൊട്ടടുത്ത വര്‍ഷം ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ജേത്രിയായി. അങ്ങനെ ബോസ്റ്റണ്‍ മാരത്തണിലും ഒളിംപിക് മാരത്തണിലും ജയിക്കുന്ന ആദ്യത്തെ താരമെന്ന പെരുമയും അവര്‍ക്ക് വന്നു ചേര്‍ന്നു. അമേരിക്കയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മെയ്‌നില്‍ ജനിച്ച ബെനോയിറ്റ് ഹൈസ്‌കൂള്‍ കാലത്താണ് ദീര്‍ഘദൂര ഓട്ടത്തിലേക്ക് തിരിഞ്ഞത്.

1979ല്‍ ബോസ്റ്റണ്‍ മാരത്തണ്‍ ആദ്യമായി ജയിച്ചുകൊണ്ട് അവര്‍ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം വട്ടം ബോസ്റ്റണില്‍ വിജയിച്ചപ്പോള്‍ 2 മണിക്കൂര്‍ 22 മിനുറ്റ് 43 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് സമയവും ബെനോയിറ്റ് കുറിച്ചു. ലോസ് ആഞ്ചലസ് ഒളിംപിക്‌സിനുശേഷം വിവാഹ ജീവിതത്തിലേക്ക് ബെനോയിറ്റ് കാലെടുത്തുവെച്ചു. എങ്കിലും അവര്‍ കായിക രംഗത്തോടുള്ള ആഭിമുഖ്യം തുടര്‍ന്നു. 1985ല്‍ ചിക്കാഗോ മാരത്തണിലും ബെനോയിറ്റ് വെന്നിക്കൊടി പാറിച്ചു. അന്ന് കുറിച്ച 2:21:21 എന്ന സമയം റെക്കോര്‍ഡ് പുസ്തകത്തില്‍ 21 വര്‍ഷം മായാതെകിടക്കുകയും ചെയ്തു. ഒളിംപിക് മാരത്തണ്‍ ജയിച്ച ഏക അമേരിക്കന്‍ വനിത എന്ന പെരുമ ബെനോയിറ്റ് ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Sports