ഉപേക്ഷിച്ച കാറുകള്‍ക്ക് നല്ല വില കിട്ടും

ഉപേക്ഷിച്ച കാറുകള്‍ക്ക് നല്ല വില കിട്ടും
നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്നാണ് ലോഹ പുനരുപയോഗ നയം 
കൊണ്ടുവരുന്നത്

ന്യൂ ഡെല്‍ഹി : ഉപയോഗശൂന്യമായ പഴയ കാറുകളും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയവയും സൂക്ഷിക്കുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്ന് പുതിയ ലോഹ പുനരുപയോഗ നയം കൊണ്ടുവരികയാണ്. നയം പ്രാബല്യത്തിലാകുന്നതോടെ ഉപയോഗശൂന്യമായ ലോഹ വസ്തുക്കള്‍ രജിസ്‌റ്റേഡ് സ്‌ക്രാപ് ഡീലര്‍മാര്‍ക്ക് വില്‍ക്കുമ്പോള്‍ ശരിയായ വില ലഭിക്കും. ഇവയെല്ലാം വില്‍ക്കുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച വില ലഭിക്കാനുള്ള അവസരമാണ് വരുന്നത്.

ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ലോഹ പുനരുപയോഗ നയം നടപ്പാക്കാനാണ് നീതി ആയോഗിന്റെയും ഉരുക്ക് മന്ത്രാലയത്തിന്റെയും തീരുമാനം. ലോഹ ചവറിന്റെ രൂപത്തില്‍ നമുക്ക് വലിയ സമ്പത്തുണ്ടെന്നും സ്‌ക്രാപ് മാനേജ്‌മെന്റ് മികച്ച രീതിയില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നീതി ആയോഗ് അംഗം വിജയ് കുമാര്‍ സാരസ്വത് പറഞ്ഞു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്രാപ് സെന്ററുകളില്‍ ആളുകള്‍ക്ക് ഉപേക്ഷിച്ച പഴയ കാറുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവ ശരിയായ വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ദേശീയ തലസ്ഥാന മേഖലയില്‍ നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ്-4 അല്ലാത്ത വാഹനങ്ങളുടെ വില്‍പ്പന പാടില്ലെന്ന സുപ്രീം കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തില്‍ ലോഹ പുനരുപയോഗ നയത്തിന് വളരെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ലോഹ ചവറ് പുനരുപയോഗിക്കുന്നത് വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളാണ് ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ, തുര്‍ക്കി, ഓസ്‌ട്രേലിയ, യുഎസ്എ എന്നിവ. ഈ രാജ്യങ്ങളില്‍ ശരാശരി 80 ശതമാനത്തിലധികം പഴയ ലോഹം വീണ്ടും ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 20-25 ശതമാനം മാത്രമാണ്.

Comments

comments

Categories: Auto, Top Stories