മോഡല്‍ എക്‌സിനെതിരെ ഇലക്ട്രിക് ക്രോസ്ഓവറുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു

മോഡല്‍ എക്‌സിനെതിരെ ഇലക്ട്രിക് ക്രോസ്ഓവറുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു
നിര്‍ദ്ദിഷ്ട I.D. ഇലക്ട്രിക് കാര്‍ നിരയിലെ മൂന്നാമത്തേതായിരിക്കും ഈ വാഹനം

ഫ്രാങ്ക്ഫര്‍ട്ട് : ടെസ്‌ലയുടെ മോഡല്‍ എക്‌സിനെ വെല്ലുവിളിക്കാന്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ കോണ്‍സെപ്റ്റുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു. 2020 ഓടെ മലിനീകരണം സൃഷ്ടിക്കാത്ത വാഹനനിര അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ കോണ്‍സെപ്റ്റുമായി രംഗത്തെത്തുന്നത്. നിര്‍ദ്ദിഷ്ട I.D. ഇലക്ട്രിക് കാര്‍ നിരയിലെ ഈ മൂന്നാമത്തെ വാഹനം ആന്തരിക ദഹന എന്‍ജിന്‍ കാറുകളെ വെല്ലുന്ന ബാറ്ററി റേഞ്ച് ഉള്ളതായിരിക്കും. ഓട്ടോണമസ് ഡ്രൈവും സാധ്യമാകും.

അടുത്ത ദശാബ്ദത്തിന്റെ പകുതിയോടെ ഇലക്ട്രിക് വാഹനങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിച്ച് പുറത്തിറക്കുകയാണ് ഫോക്‌സ്‌വാഗണിന്റെ ലക്ഷ്യം. അതായത് 2025 ഓടെ വര്‍ഷം തോറും പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍പ്പന നടത്താന്‍ കമ്പനി ആഗ്രഹിക്കുന്നു. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്നതോടെ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ മലീകരണം സൃഷ്ടിക്കാത്ത വാഹനങ്ങള്‍ നിര്‍മ്മിക്കുകയെന്ന പരിവര്‍ത്തന നാളുകളിലാണ്.

4-ഡോര്‍ കൂപ്പെയുടെയും എസ്‌യുവിയുടെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും I.D. ക്രോസ്ഓവര്‍. വിശാലമായ ഉള്‍വശം കൂടാതെ ഉയര്‍ന്ന സീറ്റുകള്‍ സുഖപ്രദമായ റൈഡും തരും. സ്റ്റിയറിംഗ് വളയത്തിന് മധ്യത്തിലെ VW ബാഡ്ജില്‍ അമര്‍ത്തിയാല്‍ വാഹനം ഓട്ടോണമസ് ഡ്രൈവിംഗ് മോഡിലേക്ക് മാറും. ലേസര്‍ ആന്‍ഡ് അള്‍ട്രാസോണിക് സ്‌കാനര്‍, റഡാര്‍ സെന്‍സര്‍, കാമറ സിഗ്നലുകള്‍ക്കനുസരിച്ച് കാര്‍ പ്രവര്‍ത്തിക്കും.

Comments

comments

Categories: Auto