ചാക്രിക മാള്‍

ചാക്രിക മാള്‍
ആവശ്യങ്ങള്‍ക്കനുസൃതമായ വിഭവങ്ങള്‍ ലഭ്യമല്ല എന്ന പരാതി കൊടുംപിരി കൊള്ളുമ്പോള്‍ 
ലഭ്യമായവ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം ഒരുപാട് പ്രാധാന്യം 
അര്‍ഹിക്കുന്നതാണ്. ഉപയോഗശേഷം വലിച്ചെറിയാതെ പരമാവധി ഉല്‍പ്പന്നങ്ങളെ 
ഉപയുക്തമാക്കി മാറ്റുകയാണ് ഇന്നത്തെ കാലത്ത് അനിവാര്യം. ചാക്രിക സമ്പദ്‌വ്യവസ്ഥ 
പ്രയോഗികതയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു എന്ന് പറയാം. ലോകത്തിന് 
മുഴുവന്‍ മാതൃകയാകുന്ന ഒരു മാളാണ് സ്വീഡിഷ് സിറ്റിയില്‍ ആളുകളെ ആകര്‍ഷിച്ചുകൊണ്ട് 
മുന്നേറുന്ന റെറ്റിയൂണ അറ്റെര്‍ബ്രുക്‌സ്ഗലേരിയ.

സ്വീഡനിലെ എസ്‌കില്‍സ്റ്റ്യുനയിലെ സ്വീഡിഷ് സിറ്റിയില്‍ ഉപഭോക്താക്കള്‍ തിങ്ങിനിറയുന്ന ഒരു മാളുണ്ട്. സാധാരണയില്‍ നിന്ന് അടിമുടി വ്യത്യസ്തമായ മാളാണ് ഇത്. റെറ്റിയൂണ അറ്റെര്‍ബ്രുക്‌സ്ഗലേരിയ എന്ന മാളില്‍ കേടുപാടുകള്‍ പരിഹരിച്ചവയും പുനരുല്‍പ്പാദിപ്പിക്കപ്പെട്ടതുമായ സാധനങ്ങളാണു ലഭിക്കുക.

2015ല്‍ പ്രവര്‍ത്തനമാരംഭിച്ച മാളില്‍ 14 ഷോപ്പുകളും പ്രദര്‍ശനകേന്ദ്രവും കോണ്‍ഫറന്‍സുകള്‍ക്കുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു മാളുകളിലുള്ള പ്രധാന സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണു മാള്‍ പണി കഴിച്ചിരിക്കുന്നത്. പുനരുല്‍പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കാനായി ട്രെയ്‌നിംഗ് കോളെജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

വില്‍പ്പനശാലകളിലേക്കെത്തുന്ന ചരക്കുകളില്‍ പുനരുപയോഗ യോഗ്യമായവ തെരഞ്ഞെടുത്ത് മാറ്റുകയും, ഇവ പിന്നീട് വര്‍ക്ക്‌ഷോപ്പിലേക്കയച്ച് ഉപയോഗപ്രദമാക്കി മാറ്റുകയും ചെയ്യും. പിന്നീട് ഇവ പ്രത്യേക കടകള്‍ വഴി വില്‍പന ചെയ്യും. ഗൃഹോപകരണങ്ങളും നിര്‍മാണ സാധനങ്ങളും മുതല്‍ കംപ്യൂട്ടറുകളും വസ്ത്രങ്ങളും വരെ ഇത്തരത്തില്‍ മാറ്റിയെടുത്ത് ഇവിടെ വില്‍ക്കുന്നുണ്ട്.

ചാക്രിക സമ്പദ്‌വ്യവസ്ഥ

റെറ്റിയൂണ അറ്റെര്‍ബ്രുക്‌സ്ഗലേരിയയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഷോപ്പിംഗില്‍ അഭിമാനിക്കാം. കാരണം, ഈ മാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ അവര്‍ ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കാണു സംഭാവന ചെയ്യുന്നത്. ലോകത്ത് പ്രകൃതിവിഭവങ്ങള്‍ വളരെയധികം ദുര്‍ലഭമായ സാഹചര്യത്തില്‍ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ ഒരു വ്യവസായ മാതൃകയാണ് ചാക്രിക സമ്പദ്‌വ്യവസ്ഥ.

ലോക സാമ്പത്തിക ഫോറം വളരെയധികം ആത്മവിശ്വാസം പ്രകടിപ്പിച്ച ആശയങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇതിനെ പിന്തുണച്ചുകൊണ്ട് നിരന്തരമായി സമ്പത്ത് ഉല്‍പാദിപ്പിക്കാന്‍ ഊര്‍ജ്ജ സ്രോതസ്സുകളെയും മറ്റ് വസ്തുക്കളെയും ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുള്ള ഒരു പുതിയ വ്യവസായമാതൃക ആവശ്യമാണെന്ന് 2014ലെ ടുവേര്‍ഡ്‌സ് ദി സര്‍ക്കുലര്‍ ഇക്കണോമി എന്ന റിപ്പോര്‍ട്ടില്‍ ലോക സാമ്പത്തിക ഫോറം ആവശ്യപ്പെട്ടിരുന്നു. എല്ലെന്‍ മാക്ആര്‍തര്‍ ഫൗണ്ടേഷനുമായി സഹകരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചാക്രികത നാളത്തെ സമ്പദ്‌വ്യവസ്ഥയില്‍ വ്യാവസായിക നവീകരണത്തിനും മൂല്യമേറ്റുന്നതിനും പ്രകടമായ നിയന്ത്രണ ശക്തിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ ഇത്തരം ബിസിനസ് മാതൃകകളായിരിക്കും വിജയകരമാകുക. കാരണം, എടുക്കുക-നിര്‍മ്മിക്കുക-നശിപ്പിക്കുക എന്ന പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി ലഭ്യമാകുന്ന വിഭവങ്ങളുടെ ഓരോ യൂണിറ്റിനും കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്നതാണ് ചാക്രിക സമ്പദ്‌വ്യവസ്ഥ.

പള്‍പ്പ്, പേപ്പര്‍ വ്യവസായങ്ങള്‍ പോലുള്ളവ ഈ പ്രവണതയെ നേരത്തെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മരങ്ങള്‍ ഭൂമിക്ക് എത്രമാത്രം പ്രധാനമാണെന്ന അവബോധം സൃഷ്ടിച്ചെടുത്തതിനാണ് നന്ദി പറയേണ്ടത്. ഇത്തരം വ്യവസായങ്ങള്‍ വളര്‍ച്ചയിലേക്കെത്തുന്നതോടെ മറ്റ് വ്യവസായികളും ഈ മാര്‍ഗം പിന്തുടര്‍ന്നു തുടങ്ങും.

പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വെല്ലുവിളി

ചാക്രിക സമ്പദ്‌വ്യവസ്ഥയില്‍ ഭാഗമാകുന്ന വ്യവസായങ്ങളില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നതും എന്നാല്‍ സാധ്യതകള്‍ നിരവധിയുള്ളതും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയ്ക്കാണ്. ഇന്ന് നമ്മള്‍ വാങ്ങുന്നതും ഏറ്റവുമധികം ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് വസ്തുക്കളാണ്. 2016ല്‍ പുറത്തിറങ്ങിയ ദി ന്യൂ പ്ലാസ്റ്റിക്‌സ് ഇക്കണോമി: റീതിങ്കിംഗ് ദി ഫ്യൂച്ചര്‍ ഓഫ് പ്ലാസ്റ്റിക്‌സില്‍ പറയുന്നത് കഴിഞ്ഞ 50 വര്‍ഷമായി പ്ലാസ്റ്റിക് ഉല്‍പ്പാദനം വര്‍ദ്ധിച്ചുവെന്നാണ്. വലിയ തോതില്‍ പ്ലാസ്റ്റിക് നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്ന ഒരു കടപോലും കണ്ടെത്തുക പ്രയാസകരമായിരുക്കും. റിപ്പോര്‍ട്ട് പ്രകാരം പായ്ക്കിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 14 ശതമാനം മാത്രമാണ് പുനരുപയോഗത്തിനായി ശേഖരിക്കുന്നത്. മലിനീകരണം ഉയരുമെന്നും മൂല്യനഷ്ടം ഉണ്ടാകുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ രൂപകല്‍പന

പ്രകൃതിക്ക് ദോഷകരമാകുന്ന ഈ മഹാവിപത്തിനെ അകറ്റുന്നതിനും പ്ലാസ്റ്റിക്കിന്റെ സാമ്പത്തികസാധ്യത മനസ്സിലാക്കുന്നതിനും ഈ വര്‍ഷം ഒരു പുതിയ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടിരുന്നു. കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുല്‍പ്പാദിപ്പിക്കുക എന്ന പഴയ മന്ത്രത്തില്‍ നിന്ന് മാറ്റി ചിന്തിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണ പ്രക്രിയക്കിടയില്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക് നിര്‍മാണത്തിനിടയില്‍ വ്യാപകമായി അന്യ പദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് പുനരുല്‍പ്പാദന പ്രക്രിയ ക്ലേശകരമാക്കുന്നു. പ്ലാസ്റ്റിക് പായ്‌ക്കേജിംഗ് ഉല്‍പ്പന്നങ്ങളുടെ 50 ശതമാനവും ശരിയായ അടിസ്ഥാന പുനര്‍രൂപകല്‍പന ഇല്ലാതെ പുനരുപയോഗ യോഗ്യമാക്കാന്‍ സാധിക്കാത്തവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍നിര്‍മാണ രീതികള്‍ എളുപ്പത്തിലാക്കാന്‍ പുനര്‍രൂപകല്‍പ്പനയ്ക്കും നവീന ആശയങ്ങള്‍ക്കും സാധിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാക്കിയ കര്‍മ്മപദ്ധതി പ്രകാരം രണ്ട് ആഗോള ഇന്നോവേഷന്‍ ചലഞ്ചുകള്‍ അവതരിപ്പിക്കും.

Comments

comments

Categories: FK Special
Tags: cyclic mall