ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു
പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നല്‍കി വരുന്ന അതേ വാടക നല്‍കി ഇലക്ട്രിക് കാറുകള്‍ 
വിളിക്കും

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം വാഹനങ്ങള്‍ മാത്രം വാടകയ്‌ക്കെടുക്കാന്‍ ആലോചിക്കുന്നു. സാധാരണ ഈ സ്ഥാപനങ്ങള്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയുമാണ് പതിവ്. നിലവില്‍ ആയിരക്കണക്കിന് കാറുകളാണ് കേന്ദ്ര സര്‍ക്കാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും വാടക നല്‍കി ഉപയോഗിച്ചുവരുന്നത്.

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നല്‍കി വരുന്ന അതേ വാടക നല്‍കി ഇലക്ട്രിക് കാറുകള്‍ വിളിക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാഹന മലിനീകരണം രൂക്ഷമായ ഡെല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുന്നത്. 2030 ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നത് മലിനീകരണം കുറയ്ക്കുമെന്ന് മാത്രമല്ല, ഫോസില്‍ ഇന്ധന ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാനും കഴിയും. നിലവിലെ 150 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ ഊര്‍ജ്ജ ഇറക്കുമതിക്ക് 300 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2020 ഓടെ അറുപത് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

2016 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന 37.5 ശതമാനം വര്‍ധിച്ചതായി സൊസൈറ്റി ഓഫ് മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്ക്ള്‍സ് അറിയിച്ചു. 22,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. ഇതില്‍ രണ്ടായിരം എണ്ണം വാഹനങ്ങള്‍ മാത്രമായിരുന്നു നാലുചക്രങ്ങള്‍. ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ക്കായി കേന്ദ്ര ഗതഗാത മന്ത്രാലയം നേരത്തെ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞില്ല.

ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കുകയെന്നത് ഇല്ല സംഗതിയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെല്‍ഹിയില്‍ ഉപയോഗിക്കാനായി ആയിരത്തോളം ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യാ സ്മാര്‍ട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രജി കുമാര്‍ പിള്ള പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി പ്രധാന സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചില പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.

ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ബാറ്ററി വില കുറച്ചുകൊണ്ടുവരിക തുടങ്ങി ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിവരികയാണ്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2020 എപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Comments

comments

Categories: Auto