കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സിബിഐ

കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സിബിഐ
അനധികൃത സ്വത്ത് കണക്കാക്കുന്നതിനുള്ള നിലവിലെ സംവിധാനം അപര്യാപ്തം

ന്യൂഡെല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സുഗമമാക്കാന്‍ സിബിഐ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. ബാങ്കുകള്‍, ആദായ നികുതി വകുപ്പ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങിയ വിവിധ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ കേസിനായി ശേഖരിക്കുന്നതും വിലയിരുത്തുന്നതും ഈ ഓണ്‍ലൈന്‍ സംവിധാനം എളുപ്പത്തിലാക്കും.

അഴിമതിക്കേസുകളില്‍ സിബിഐ യുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മിറ്റിയുടെ പ്രത്യേക സമിതിയാണ് നിലവിലെ സംവിധാനത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് എത്രയുണ്ടെന്ന് കണക്കാക്കുന്ന നിലവിലെ സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം നല്‍കിയതാണെന്നും വേണ്ടത്ര വിവര ശേഖരണത്തിന് സാധ്യതയില്ലാതിരുന്ന കാലത്ത് തുടങ്ങിയ ഈ രീതിക്ക് പരിമിതിയുണ്ടെന്നുമാണ് സിവിസി സമിതി ചൂണ്ടിക്കാട്ടിയത്.

ക്ലേശകരമായ നടപടിക്രമങ്ങള്‍ ചേര്‍ന്നതും ഏറക്കുറെ പൂര്‍ണമായും മനുഷ്യാധ്വാനത്തിലൂടെ നടപ്പാക്കുന്നതുമായ ഈ സംവിധാനം മാറേണ്ടതുണ്ടെന്നാണ് ശുപാര്‍ശ.  അനധികൃത സ്വത്തും അഴിമതിയും ഇല്ലാതാക്കാന്‍ അന്വേഷണ സംവിധാനത്തെ സാങ്കേതികമായി നവീകരിക്കേണ്ടതുണ്ട്. വരുമാനവും ചെലവിടലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ പ്രാപ്തമായ ഒരു സോഫ്റ്റ്‌വെയര്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിവിസി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

അനധികൃത സ്വത്ത് കണക്കാക്കുന്നതിന് ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവിടങ്ങളില്‍ നിന്ന് വിവരം ശേഖരിക്കുക എന്നത് നിലവിലെ സംവിധാന പ്രകാരം നിര്‍ബന്ധിതമായ കാര്യമല്ല. സിവിസി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ സിബിഐ യുടെ പരിഗണനയിലാണ്. സിബിഐ യുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ഇത് നടപ്പാക്കുന്നത്.
673 അഴിമതി കേസുകളാണ് കഴിഞ്ഞവര്‍ഷം സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1300 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Comments

comments

Categories: Top Stories