ഭീം ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും

ഭീം ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും
മറാത്തി, പഞ്ചാബി, അസാമീസ് എന്നിങ്ങനെ മൂന്ന് പ്രാദേശിക ഭാഷകള്‍ കൂടി 
ഉള്‍പ്പെടുത്തിയതോടെ ഭീമില്‍ ഇപ്പോള്‍ മലയാളം അടക്കം 12 ഭാഷകള്‍ ലഭ്യമാണ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പൊതു ആപ്പായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാകും. ഭീമിന്റെ പുതുക്കിയ 1.3 പതിപ്പാണ് ലഭ്യമാകുന്നത്.

ഉപഭോക്താക്കള്‍ക്ക് റഫറല്‍ ബോണസും വ്യാപാരികള്‍ക്ക് ഇന്‍സെന്റീവുകളും നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതാണ് ഭീമിന്റെ പുതിയ പതിപ്പെന്ന് എന്‍പിസിഐ എംഡിയും സിഇഒയുമായ എ പി ഹോത്ത പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ കൂടുതല്‍ ഫീച്ചറുകളോടെ, പുതിയ മൂന്ന് പ്രാദേശിക ഭാഷകള്‍ കൂടി ചേര്‍ത്താണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നതെന്നും ഇത് ഭീം ആപ്പിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറാത്തി, പഞ്ചാബി, അസാമീസ് എന്നിങ്ങനെ മൂന്ന് പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഭീമില്‍ ഇപ്പോള്‍ മലയാളം അടക്കം 12 ഭാഷകള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കു പോലും ഇനി എളുപ്പത്തില്‍ പണം അയയ്ക്കാം. ഭീമില്‍ (BHIM/*99) രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബീല്‍ നമ്പറുകള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.

ഉപഭോക്താക്കള്‍ക്ക് മൊബീല്‍ ഫോണില്‍ സേവ് ചെയ്തിട്ടുള്ള ക്യൂആര്‍ കോഡ് തെരഞ്ഞെടുത്ത് സ്‌കാന്‍ ചെയ്ത് പണമിടപാടു നടത്താനും പുതിയ പതിപ്പില്‍ സൗകര്യമുണ്ട്. ഭീമിന്റെ പുതിയ പതിപ്പ് അനാവശ്യ ഇടപാടുകള്‍ പരമാവധി തടയാന്‍ സാധിക്കുന്നതുമാണ് ഭീമിന്റെ പുതിയ പതിപ്പെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Comments

comments

Categories: Tech, Top Stories