സ്‌കൂട്ടര്‍ വിപണിയില്‍നിന്ന് പിന്‍മാറിയത് ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായി

സ്‌കൂട്ടര്‍ വിപണിയില്‍നിന്ന് പിന്‍മാറിയത് ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായി
ഇരുചക്രവാഹന വിപണിയിലും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലും വിപണി വിഹിതം 
കുറഞ്ഞു

ചെന്നൈ : സ്‌കൂട്ടര്‍ നിര്‍മ്മാണം അവസാനിപ്പിക്കാനുള്ള 2010 ലെ തീരുമാനം ബജാജ് ഓട്ടോയ്ക്ക് കനത്ത തിരിച്ചടിയായി മാറിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹന വിപണിയില്‍ പൊതുവായും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രത്യേകിച്ചും കമ്പനിയുടെ വിപണി വിഹിതം കുറഞ്ഞു. 2010 ലെ 24.3 ശതമാനത്തില്‍നിന്ന് 2017 സാമ്പത്തിക വര്‍ഷത്തോടെ ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ വിപണി വിഹിതം ഏകദേശം 18.3 ശതമാനമായി കുറഞ്ഞതായാണ് സിയാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് വീണ്ടും പുറത്തിറക്കിയ സീറോ മാര്‍ജിന്‍ ഉല്‍പ്പന്നമായ CT 100 ആണ് 18.3 ശതമാനത്തിലെ നാല് ശതമാനം കരസ്ഥമാക്കാന്‍ ബജാജ് ഓട്ടോയെ സഹായിച്ചത്.

ഇരുചക്രവാഹന വിപണിയിലാകെ ബജാജ് ഓട്ടോയുടെ വിഹിതം കുറഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ 27 ശതമാനത്തില്‍നിന്ന് 2017 സാമ്പത്തിക വര്‍ഷം പന്ത്രണ്ട് ശതമാനത്തിലേക്കാണ് വിപണിവിഹിതം കൂപ്പുകുത്തിയത്. ഈ കാലയളവില്‍ പകുതിയില്‍ കൂടുതല്‍ വിപണി വിഹിതം നഷ്ടപ്പെട്ടു. എന്നാല്‍ കമ്പനി വിപണി വിഹിതത്തേക്കാള്‍ ലാഭസാധ്യതയിലാണ് കണ്ണുവെച്ചത്.

ചെറിയ ലാഭം മാത്രം തരുന്ന ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി തങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുന്നില്ലെന്ന് ബജാജ് ഓട്ടോ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് എസ് രവികുമാര്‍ പറഞ്ഞു. ലോകമെങ്ങും 15 ലക്ഷം ബൈക്കുകളും മൂന്നുചക്ര വാഹനങ്ങളും കയറ്റുമതി ചെയ്ത് ബജാജ് ഓട്ടോ വളരെ കൂടുതല്‍ പണമുണ്ടാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന ലാഭസാധ്യതയുള്ള സെഗ്‌മെന്റുകളിലാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള ലോകത്തെ ഏറ്റവും ലാഭകരമായ വാഹന നിര്‍മ്മാണ കമ്പനിയായി ബജാജ് ഓട്ടോ മാറിയതെന്ന് എസ് രവികുമാര്‍ ചൂണ്ടിക്കാട്ടി.

22.4 ശതമാനം വിപണി വിഹിതം നേടിയ 2016 സാമ്പത്തിക വര്‍ഷം ബജാജ് ഓട്ടോയുടെ പ്രവര്‍ത്തന വരുമാനം വാഹന വിപണിയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. 2009 ല്‍ ഇത് 13.6 ശതമാനം മാത്രമായിരുന്നു. കമ്പനിയുടെ അറ്റ ലാഭം 2009 ലെ 656 കോടി രൂപയില്‍നിന്ന് 2016 ല്‍ 3,652 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍ ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്തുതന്നെ ആഭ്യന്തര വിപണിയില്‍ ബജാജ് ഓട്ടോയുടെ വില്‍പ്പന കുറയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡീലര്‍മാരിലൂടെയുള്ള പ്രതിമാസ വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് എന്നിവയ്ക്ക് പിന്നിലാണ് ബജാജ് ഓട്ടോ. ഹീറോ മോട്ടോകോര്‍പ്പ് മാസംതോറും ശരാശരി 600 ഓളം വാഹനങ്ങളും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ 446 വാഹനങ്ങളും വില്‍ക്കുമ്പോള്‍ ബജാജ് ഓട്ടോ വില്‍ക്കുന്നത് ശരാശരി 213 വാഹനങ്ങള്‍ മാത്രമാണ്. ഹോണ്ടയേക്കാള്‍ പകുതിയില്‍ താഴെയും ഹീറോയുടെ മൂന്നിലൊന്നുമാണ് ബജാജ് ഓട്ടോയുടെ വില്‍പ്പന.

പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലും ബജാജ് ഓട്ടോയുടെ പ്രകടനം മെച്ചമല്ല. 2010 ല്‍ 46 ശതമാനമായിരുന്നു വിപണി വിഹിതമെങ്കില്‍ 2017 ല്‍ ഏകദേശം 33 ശതമാനമായി കുറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം ഇതേ കാലയളവില്‍ നാല് ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബജാജ് ഓട്ടോയുടെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനേക്കാള്‍ 14 ശതമാനം കുറഞ്ഞു. 2016 മാര്‍ച്ചില്‍ 1,76,788 വാഹനങ്ങളാണ് വിറ്റെതങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1,51,449 മോട്ടോര്‍സൈക്കിള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ.

Comments

comments

Categories: Auto, Business & Economy