ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ച : യുഎസ്-ചൈന ബന്ധത്തിന്റെ ഭാവി

ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ച : യുഎസ്-ചൈന ബന്ധത്തിന്റെ ഭാവി

2016 വര്‍ഷം ചൈനയെ സംബന്ധിച്ച് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചെന്നു വിശ്വസിക്കുന്ന വര്‍ഷമാണ്. പ്രാദേശികതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രധാന ശക്തിയായി ഉദയം ചെയ്തുവരുന്ന ചൈന, തങ്ങളുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താനും ദൃഢപ്പെടുത്താനും നടത്തിയ തന്ത്രപരമായ നീക്കത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇക്കാര്യം 2017 ജനുവരിയില്‍ ബീജിംഗ് പുറത്തിറക്കിയ നയരേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഏഷ്യ-പസഫിക് സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട ചൈനയുടെ നവീകരിച്ച വിദേശനയങ്ങളിലാണ് പ്രധാനമായും ചൈന കൈവരിച്ച ശക്തിയെക്കുറിച്ചു പരാമര്‍ശിക്കുന്നത്.

ചൈനയുടെ കരുത്ത് പ്രകടമായ വര്‍ഷമായിരുന്നു 2016. ദക്ഷിണ ചൈനാ കടലിന്റെ ഉടമസ്ഥതാ തര്‍ക്കത്തില്‍ ഹേഗിലുള്ള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി കൗശലപൂര്‍വ്വം ക്ഷയിപ്പിക്കാന്‍ ചൈനയ്ക്കു സാധിച്ചു. ദക്ഷിണ ചൈനാ കടലിലുള്ള ദ്വീപുകളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈനയ്‌ക്കെതിരേ തിരിഞ്ഞ യുഎസിന്റെ സഖ്യകക്ഷിയായിരുന്ന ഫിലിപ്പീന്‍സിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ചൈനയ്ക്കു കഴിഞ്ഞു. ഉത്തര കൊറിയയുടെ നിരന്തര ഭീഷണി ചെറുക്കാന്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ THAAD സംവിധാനം വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ തുരങ്കംവച്ചു ഇല്ലാതാക്കാന്‍ ബീജിംഗിനു സാധിച്ചു.

യുഎസ്-ദക്ഷിണ കൊറിയ-ജപ്പാന്‍ ത്രികോണ സഖ്യം ബീജിംഗിനു ഭീഷണിയാണ്. ഈ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബീജിംഗിന്റെ ശ്രമവും ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ചൈനീസ് വന്‍കരയില്‍നിന്നും സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുന്ന തായ്‌വാന്റെ സായ് ഇന്‍വിംഗ് ഭരണകൂടത്തെ അടിച്ചമര്‍ത്തുന്നതില്‍ ബീജിംഗ് വിജയിച്ചു. മാത്രമല്ല ഏഷ്യ-പസഫിക് മേഖലയില്‍ അമേരിക്ക ആസ്വദിച്ചിരുന്ന അപ്രമാദിത്വം ലഘൂകരിക്കാനും ബീജിംഗിനു 2016-ല്‍ സാധിച്ചു. ഇതെല്ലാം യുഎസ്-ചൈന ഉഭയകക്ഷി ബന്ധത്തിന് ഉലച്ചില്‍ തട്ടാതെയായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധാര്‍ഹമായ കാര്യം. ഈ മാസം ആറ്, ഏഴ് തീയതികളില്‍ യുഎസിലെ ഫ്‌ളോറിഡയില്‍ നടന്ന ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ഒട്ടേറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

ചൈന ദീര്‍ഘകാലം പിന്തുടര്‍ന്നിരുന്ന വിദേശനയത്തില്‍നിന്നുള്ള വ്യതിയാനം കൂടിയായിരുന്നു ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ചയിലൂടെ പ്രകടമായത്. ‘hide one’s capabilities and bide one’s time’ എന്നതായിരുന്നു ചൈനയുടെ വിദേശനയം. 1980-കളില്‍ ഡെങ് സിയോപിങാണ് ആദ്യമായി ഈ ശൈലി അവതരിപ്പിച്ചത്. ആദ്യം ശ്രദ്ധിക്കുക, പിന്നീട് നമ്മളുടെ വികാരം പ്രകടപ്പിക്കുക എന്നതാണ് ഈ ശൈലി. ചൈനയുടെ വിദേശനയം ഈ ശൈലി അടിസ്ഥാനമാക്കിയായിരുന്നു കുറേയേറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചത്. ഈ ശൈലി ഇനി പിന്തുടരാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ആഗോളരംഗത്ത് വന്‍ശക്തിയായി അവരോധിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ചയിലൂടെ ചൈന നയതന്ത്ര ലോകത്തിനു നല്‍കിയ സന്ദേശം.

ആഗോളശക്തിയായി ഉദിച്ചുവരുന്ന ചൈനയ്ക്ക് 2017ല്‍ കൂടുതല്‍ വെല്ലുവിളികള്‍ കാത്തിരിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും യൂറോപ്പ് അഭിമുഖീകരിക്കുന്ന തീവ്രവാദ ഭീഷണിയും ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള അസ്ഥിരതയും സാമ്പത്തികമാന്ദ്യവുമൊക്കെ ചൈനയ്ക്കും അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ തന്നെയായിരിക്കും. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്ക സൃഷ്ടിക്കുന്ന പ്രകോപനം വേറൊരു തലവേദനയായിരിക്കും. എന്നാല്‍ ഈ വര്‍ഷം 19ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും പ്രധാനമന്ത്രി ലീ ക്വകിയാങു ഒഴികെയുള്ള ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അഞ്ച് പേരും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചേക്കും. പൊളിറ്റ് ബ്യൂറോയില്‍ ജിന്‍പിങിനു തുടരാന്‍ സാധിക്കുമെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നാണ് ചൈനയില്‍നിന്നും കേള്‍ക്കുന്ന വിവരം. 2022-ലാണു ജിന്‍പിങിന്റെ കാലാവധി അവസാനിക്കുന്നത്. എങ്കിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെടാന്‍ ശ്രമിക്കുന്ന ജിന്‍പിങ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) നിയമാവലികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും തങ്ങളുടെ സ്വാധീനശക്തി പരമാവധി വ്യാപിപ്പിക്കാനുള്ള ശ്രമം ചൈന തുടരുമെന്നു തന്നെയാണു കരുതപ്പെടുന്നത്. 2017 വര്‍ഷം ചൈനയെ സംബന്ധിച്ച് നിര്‍ണായകമാണ്. തങ്ങളുടെ ശക്തി ഈ വര്‍ഷം ലോകത്തിനു മുന്‍പില്‍ തെളിയിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ അതിനു സാധിക്കില്ലെന്നും ചൈന ഉറച്ചു വിശ്വസിക്കുന്നു.

പ്രാദേശികതലത്തിലുള്ള സഖ്യകക്ഷികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും വിധമുള്ള നയങ്ങള്‍ക്കു വാഷിംഗ്ടണ്‍ രൂപം കൊടുക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു നയം നടപ്പിലാകുകയാണെങ്കില്‍ പ്രാദേശിക ശക്തിയായി ഉയര്‍ന്നുവരാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. നയങ്ങള്‍ രൂപീകരിക്കുന്നതിനു പുറമേ യുഎസ് പ്രാദേശികതലത്തില്‍ ഉഭയകക്ഷി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്ന നിര്‍ദേശവും ഉയര്‍ന്നുവരികയാണ്.

Comments

comments

Categories: World