ടവറുകള്‍ സുരക്ഷിതമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ടവറുകള്‍ സുരക്ഷിതമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരണം

ന്യൂഡെല്‍ഹി: മൊബീല്‍ ടവര്‍ റേഡിയേഷനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). മൊബീല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ കാരണം കാന്‍സര്‍ ബാധിതനായെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ ഹര്‍ജിയിലുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിഒഎഐ യുടെ വിശദീകരണം. ഏഴ് ദിവസത്തിനുള്ളില്‍ മൊബീല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ടെലികോം മേഖലയെ സംബന്ധിച്ച് ഉപഭോക്താവിന്റെ ആരോഗ്യം പരമപ്രധാനമായ ഒന്നാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ഇത്തരത്തിലുള്ള നാല് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതില്‍ ഒന്നില്‍ വന്ന ഇടക്കാല ഉത്തരവ് മാത്രമാണ് ഇപ്പോഴത്തേതെന്നും സിഒഎഐ ഡയറകറ്റര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. ചെറിയ അളവിലുള്ള വികിരണങ്ങള്‍ മാത്രമാണ് മൊബീല്‍ ടവറുകള്‍ പുറത്ത് വിടുന്നത് . ഇത് ആശങ്കപ്പെടേണ്ടതല്ല. പൂര്‍ണമായും സുരക്ഷിതമായ രീതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മൊബീല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2002ല്‍ തന്റെ അയല്‍വാസിയുടെ വീടിന് മുകളില്‍ ബിഎസ്എന്‍എന്‍ അനധികൃതമായി ടവര്‍ സ്ഥാപിച്ചുവെന്നും 14 വര്‍ഷമായി താനിതിന്റെ ദോഷം അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഗ്വാളിയാര്‍ ഡാല്‍ ബാസാര്‍ പ്രദേശത്തെ ജോലിക്കാരനായ ഹരീഷ് ചന്ദ് തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, എന്നിവരടങ്ങുന്ന ബെഞ്ച് ഏഴ് ദിവസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു.

മൊബീല്‍ ടവര്‍ റേഡിയേഷനുകള്‍ മനുഷ്യാരോഗ്യത്തിന് ഹാനികരമല്ലെന്ന് നേരത്തെ എട്ട് ഹൈക്കോടതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായി മാത്യൂസ് ചൂണ്ടിക്കാട്ടി. ഇതേകാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ അധികൃതര്‍ കൃത്യമായ നിരീക്ഷണം നടത്തുകയും ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാല്‍ വന്‍ തുക പിഴ ഈടാക്കുകയും ചെയ്യാറുമുണ്ട്.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 25,000 ലേഖനങ്ങള്‍ ലോകാരോഗ്യസംഘടന ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണിത്. ചെറിയ അളവിലുള്ള ഇലക്ട്രോ മാഗ്‌നറ്റിക് വികിരണങ്ങള്‍ ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നാണ് നിലവിലെ തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നന്നാണ് ടെലികോം മന്ത്രാലയം അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

മുന്‍കരുതലെന്ന നിലയില്‍ ടെലികോം മന്ത്രാലയം ഇതിനകം ചില പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കര്‍ക്കശ മാനദണ്ഡങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണിത്. ഫോണ്‍ ഉപയോഗം വഴി ബ്രെയ്ന്‍ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് 2010ല്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. മൊബീല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്.  ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സിഒഎഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ച് കൊണ്ടുള്ളതായിരിക്കും ന്തിമ ഉത്തരവെന്ന് വിശ്വസിക്കുന്നതായും മാത്യൂസ് വ്യക്തമാക്കി.

Comments

comments

Categories: Top Stories