പൂര്‍വ്വ ഗ്രാന്‍ഡെ ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി

പൂര്‍വ്വ ഗ്രാന്‍ഡെ ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി
പൂര്‍വ്വ ഗ്രാന്‍ഡെയില്‍ ചതുരശ്ര അടിക്ക് 22,946 രൂപ നിശ്ചയിച്ച് കര്‍ണ്ണാടക സ്റ്റാമ്പ്‌സ് 
ആന്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ്

ബെംഗളൂരു : ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്ന ബഹുമതി പുറവന്‍കര ലിമിറ്റഡിന്റെ പൂര്‍വ്വ ഗ്രാന്‍ഡെ കരസ്ഥമാക്കി. ലാവല്ലി റോഡിലാണ് പൂര്‍വ്വ ഗ്രാന്‍ഡെ എന്ന ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം തലയെടുപ്പോടെ നില്‍ക്കുന്നത്.

കര്‍ണ്ണാടക സ്റ്റാമ്പ്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തിയ മൂല്യനിര്‍ണ്ണയ പരിശോധനയിലാണ് ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയായി പൂര്‍വ്വ ഗ്രാന്‍ഡെയെ കണ്ടെത്തിയത്. വിത്തല്‍ മല്യ റോഡിലെ യൂബി ടവേഴ്‌സിനെയാണ് പൂര്‍വ്വ ഗ്രാന്‍ഡെ തറപറ്റിച്ചത്. സര്‍ക്കാര്‍ രേഖകളില്‍ യൂബി ടവേഴ്‌സില്‍ ചതുരശ്ര അടിക്ക് 22,388 രൂപയാണെങ്കില്‍ പൂര്‍വ്വ ഗ്രാന്‍ഡെയില്‍ 22,946 രൂപ നല്‍കണം.

പ്രോപ്പര്‍ട്ടി നിരക്കുകളില്‍ വലിയ മാറ്റമൊന്നും വരുത്താതെയാണ് സ്റ്റാമ്പ്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് 2017-18 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും നോട്ട് അസാധുവാക്കലും പരിഗണിച്ച് പ്രോപ്പര്‍ട്ടി വിലയില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാര്‍ നീട്ടിവെയ്ക്കുകയായിരുന്നു. അതേസമയം ചില പുതിയ പ്രോപ്പര്‍ട്ടികളെ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

3 ബിഎച്ച്‌കെ, 4ബിഎച്ച്‌കെ ആഡംബര പാര്‍പ്പിട സമുച്ചയമാണ് ലാവല്ലി റോഡിലെ പൂര്‍വ്വ ഗ്രാന്‍ഡെ. 3,000 ചതുരശ്ര അടി മുതല്‍ 4,350 ചതുരശ്ര അടി വരെ വലുപ്പമുള്ളതാണ് പൂര്‍വ്വ ഗ്രാന്‍ഡെയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍. 13 കോടി രൂപ വരെയാണ് അപ്പാര്‍ട്ട്‌മെന്റ് വില. കഴിഞ്ഞ വര്‍ഷം റേസ് കോഴ്‌സ് റോഡിലെ വിംബ്ള്‍ഡണ്‍ കോര്‍ട്ട് സര്‍ക്കാര്‍ രേഖകളില്‍ യൂബി സിറ്റിയെ പിന്നിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിംബ്ള്‍ഡണ്‍ കോര്‍ട്ടിന്റെ വിലയില്‍ ഇടിവ് തട്ടി. ചതുരശ്ര അടിക്ക് 22,946 രൂപയുമായി സബ്-രജിസ്ട്രാറുടെ പട്ടികയില്‍ ഈ വര്‍ഷമാണ് പൂര്‍വ്വ ഗ്രാന്‍ഡെ കയറിക്കൂടിയത്.

രാജ്ഭവന്‍ റോഡിലെ പ്ലോട്ടുകള്‍ക്ക് ഇപ്പോഴും പൊള്ളുന്ന വിലയാണ്. ചതുരശ്ര അടിക്ക് 25,000 രൂപയാണ് ഇവിടെ നല്‍കേണ്ടത്. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തായിരുന്ന കണ്ണിംഗ്ഹാം റോഡിലെ പ്ലോട്ടുകള്‍ക്ക് ഇപ്പോള്‍ ചതുരശ്ര അടിക്ക് 22,509 രൂപ നല്‍കിയാല്‍ മതി. സാങ്കി റോഡ് – ബെല്ലാരി റോഡില്‍ 22,304 രൂപയാണ് വില. സര്‍ക്കാര്‍ രേഖകളില്‍ ഇടം കണ്ടെത്തിയ മറ്റൊരു പ്രോപ്പര്‍ട്ടിയായ കണ്ണിംഗ്ഹാം റോഡിലെ പ്രെസ്റ്റീജ് എഡ്വേര്‍ഡിയനില്‍ ചതുരശ്ര അടിക്ക് 20,139 രൂപയാണ് വില.

പ്രോപ്പര്‍ട്ടി നിരക്കുകളില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ലെന്നും പുതിയതും ലിസ്റ്റ് ചെയ്യാത്തതുമായ പ്രോപ്പര്‍ട്ടികള്‍ മൂല്യനിര്‍ണ്ണയം നടത്തുകയും വില നിശ്ചയിക്കുകയുമാണ് ചെയ്തതെന്നും രജിസ്‌ട്രേഷന്‍ ഐജിയും സ്റ്റാമ്പ്‌സ് കമ്മീഷണറുമായ മനോജ് കുമാര്‍ മീണ പറഞ്ഞു. തുടര്‍ന്ന് സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രോപ്പര്‍ട്ടി നിരക്കുകള്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു.

Comments

comments

Categories: Business & Economy