ആപ്പിളിന്റെ ആവശ്യം തള്ളിയത് ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍

ആപ്പിളിന്റെ ആവശ്യം തള്ളിയത് ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് നികുതിയിളവ് അനുവദിക്കണമെന്ന ആപ്പിള്‍ ഇന്‍കിന്റെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളിക്കളഞ്ഞത് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി പി പി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു. ജിഎസ്ടി നടപ്പാക്കുന്നതിനാല്‍ നികുതിയിളവിന്റെ കാര്യത്തില്‍ ജിഎസ്ടി കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാലാണ് ആപ്പിളിന്റെ ആവശ്യം നിരസിച്ചത്.

ഈ വര്‍ഷം ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്പിളിന്റെ പദ്ധതി. ആപ്പിളിന്റെ ആവശ്യത്തെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചിരുന്നുവെങ്കിലും തള്ളിക്കളയുകയായിരുന്നു. ജിഎസ്ടിക്ക് കീഴില്‍ ഇത്തരം ആവശ്യങ്ങള്‍ നടപ്പാക്കാനാവില്ല. എല്ലാ ഇറക്കുമതികളും ഐജിഎസ്ടി അഥവാ സംയോജിത നികുതിയുടെ അധീനതയിലായിരിക്കും. സിജിഎസ്ടി (കേന്ദ്ര ജിഎസ്ടി) അല്ലെങ്കില്‍ എസ്ജിഎസ്ടി (സംസ്ഥാന ജിഎസ്ടി) എന്നിവയില്‍ നിന്നുള്ള ഒഴിവാക്കല്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകളോടെ മാത്രമേ നല്‍കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ജീലൈ 1 മുതലാണ് ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കുക. മൊബീല്‍ ഫോണ്‍ ഘടക ഭാഗങ്ങളുടെ ഇറക്കുമതിയെ ബേസിക് കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി), കൗണ്ടര്‍വൈയ്‌ലിംഗ് ഡ്യൂട്ടി (സിവിഡി), സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി (എസ്എഡി) എന്നവയില്‍ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം തന്നെ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുമെന്ന് വാണിജ്യവ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു. യുഎസിനും ചൈനയ്ക്കും പിന്നാലെ ലോകത്തില്‍ വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ആപ്പിള്‍ കണക്കാക്കിയിരിക്കുന്നത് ഇന്ത്യയെയാണ്. അതിനാലാണ് പ്രാദേശികമായി ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ അവര്‍ പദ്ധതിയിടുന്നത്. ചൈന, ജര്‍മനി, യുഎസ്, യുകെ,ഫ്രാന്‍സ് എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ആപ്പിളിന്റെ നേതൃത്വത്തിലുള്ള റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ വഴിയായിരിക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക. നിലവില്‍ വിതരണക്കാര്‍ വഴിയാണ് ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്.

Comments

comments

Categories: Business & Economy