ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ കൂടുതല്‍ ഇഷ്ടം

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ കൂടുതല്‍ ഇഷ്ടം
പ്രീ-ഓണ്‍ഡ് ഓണ്‍ലൈന്‍ കമ്പനികളും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ താല്‍പ്പര്യം 
കാണിച്ചുതുടങ്ങി

ചെന്നൈ : പ്രീ-യൂസ്ഡ് ഇലക്ട്രിക് കാര്‍ വിപണിയുടെ ഭാവി സാധ്യതകള്‍ യൂസ്ഡ്-കാര്‍ കമ്പനികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. യൂസ്ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് ‘മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്’ ബെംഗളൂരുവില്‍ ഷോറൂം തുറന്നുകഴിഞ്ഞു. യൂസ്ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം സര്‍ട്ടിഫിക്കേഷനും വാറണ്ടി സപ്പോര്‍ട്ടും ഇവര്‍ നല്‍കുന്നു. ഡ്രൂം, കാര്‍ട്രേഡ് തുടങ്ങിയവരും ഇപ്പോള്‍ ഈ സെഗ്‌മെന്റിലേക്ക് എടുത്തുചാടിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ ധാരാളം വിറ്റഴിയുന്ന ബെംഗളൂരു പോലുള്ള നഗരങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാര്‍ കണക്റ്റ് എന്ന പേരില്‍ രാജ്യത്തെ ആദ്യ സര്‍ട്ടിഫൈഡ്, പ്രീ-ഓണ്‍ഡ്, ഇലക്ട്രിക് വാഹന ഔട്ട്‌ലെറ്റ് ബെംഗളൂരുവില്‍ തുടങ്ങിയതായി മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് എംഡി ആന്‍ഡ് സിഇഒ നാഗേന്ദ്ര പല്ലെ അറിയിച്ചു. ഡെല്‍ഹി പോലുള്ള മറ്റ് നഗരങ്ങളിലും താമസിയാതെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് ആഗ്രഹിക്കുന്നത്. ബെംഗളൂരുവിലെ ഔട്ട്‌ലെറ്റില്‍ ആദ്യ ദിവസം തന്നെ 8-10 അന്വേഷണങ്ങള്‍ വന്നിരുന്നു. സെക്കന്‍ഡ് വാഹനം ഉപയോഗിച്ച് ചെറിയ യാത്രകള്‍ നടത്തുന്നവര്‍ക്കിടയിലും ടാക്‌സി സെഗ്‌മെന്റിലുമാണ് ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവുകയെന്ന് നാഗേന്ദ്ര പല്ലെ പറഞ്ഞു.

ELEKTRICFIRST എന്ന വാറണ്ടി പ്രോഗ്രാമിലൂടെ ബിസിനസ് വളര്‍ത്താനാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ശ്രമിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നത് കമ്പനി ഇതുവരെ പരിഗണിച്ചിട്ടില്ല. യൂസ്ഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചാല്‍ അക്കാര്യം പരിശോധിക്കുമെന്ന് പല്ലെ പറഞ്ഞു. പ്രീ-ഓണ്‍ഡ് ബിസിനസ്സിലൂടെ തങ്ങളുടെ e2o വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ശ്രമിക്കുന്നത്. പ്രീ-ഓണ്‍ഡ് ഓണ്‍ലൈന്‍ കമ്പനികളും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്.

കമ്പനിയുടെ തുടക്കം മുതല്‍ തന്നെ ഇലക്ട്രിക്, ഹൈബ്രിഡ് പ്രീ-ഓണ്‍ഡ് വാഹനങ്ങളില്‍ താല്‍പ്പര്യമുള്ളതായി ഓണ്‍ലൈന്‍ വാഹന ഷോറൂമായ ഡ്രൂം സ്ഥാപകന്‍ സന്ദീപ് അഗ്ഗര്‍വാള്‍ പറഞ്ഞു. പുതിയ മഹീന്ദ്ര ഇലക്ട്രിക് അര്‍ബന്‍ ഹാച്ച്ബാക്കായ e2o വിന് പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെങ്കില്‍ കാര്‍ കണക്റ്റ് മുഖേന വിറ്റ ആദ്യ പ്രീ-ഓണ്‍ഡ് ഇലക്ട്രിക് വാഹനത്തിന് 3.75 ലക്ഷം രൂപ മാത്രമാണ് വില വന്നത്. ഇന്ധന വിലയും പരിപാലന ചെലവുകളും പരിഗണക്കുമ്പോഴാണ് ഇലക്ട്രിക് വാഹനം വാങ്ങാമെന്ന് ആളുകള്‍ തീരുമാനിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആന്തരിക ദഹന എന്‍ജിന്‍ വാഹനത്തിന് ശരാശരി രണ്ടായിരം പാര്‍ട്‌സ് ഉണ്ടെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ 18 പാര്‍ട്‌സ് മാത്രമാണ്. അതുകൊണ്ടുതന്നെ വാഹനം കൈകാര്യം ചെയ്യുന്നതിന്റെ ചെലവ് ഗണ്യമായി കുറയും. സിയാസ് മൈല്‍ഡ് ഹൈബ്രിഡ്, ഹോണ്ട അക്കോഡ് ഹൈബ്രിഡ്, ടൊയോട്ട കാമ്‌റി ഹൈബ്രിഡ്, പ്രയസ് എന്നിവയോട് വിപണിയില്‍ വലിയ താല്‍പ്പര്യം പ്രകടമാണെന്ന് കാര്‍വെയ്ല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ധ്രുവ് ചോപ്ര വ്യക്തമാക്കി.

Comments

comments

Categories: Auto