യുഎഇയില്‍ വീഡിയോ, ചാറ്റ് സേവനം ലഭ്യമാക്കി സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്

യുഎഇയില്‍ വീഡിയോ, ചാറ്റ് സേവനം ലഭ്യമാക്കി സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്

ആദ്യമായാണ് ഒരു അന്താരാഷ്ട്ര ബാങ്ക് ഈ സേവനം യുഎഇയില്‍ ഉപയോഗിക്കുന്നത്

അബുദാബി: ബാങ്കില്‍ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ മാറ്റം വരുത്തണോ? ഇനി അതിനായി ബാങ്കിലേക്ക് ഓടേണ്ട. വീഡിയോയിലൂടെ ബാങ്ക് നിങ്ങളുടെ മുന്നിലെത്തും. യുഎഇയിലെ ഉപഭോക്താക്കള്‍ക്കായി വീഡിയോ, ചാറ്റ് ബാങ്കിംഗ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാങ്കിംഗ് ഭീമനായ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്. ആദ്യമായാണ് ഒരു അന്താരാഷ്ട്ര ബാങ്ക് ഈ സേവനം യുഎഇയില്‍ ഉപയോഗിക്കുന്നത്.

മലേഷ്യ, സിംഗപ്പൂര്‍, തയ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ 2016ലും ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളില്‍ ഈ വര്‍ഷവും വീഡിയോ, ചാറ്റ് സേവനം കൊണ്ടുവന്നതിനു പിന്നാലെയാണ് യുഎഇയിലും ഇത് ലഭ്യമാക്കാന്‍ ബാങ്ക് ഒരുങ്ങുന്നത്. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളിലെ അഞ്ച് മില്യണ്‍ ഉപഭോക്താക്കളിലേക്ക് വീഡിയോ, ചാറ്റ് ബാങ്കിംഗ് സേവനം എത്തിക്കുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ബാങ്കിംഗ് ഏജന്റുമായി വീഡിയോയിലൂടെ സുരക്ഷിതമായി ബന്ധപ്പെട്ട് മേല്‍വിലാസം മാറ്റുന്നതിനും ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ചുള്ള മാധ്യമം-വീഡിയോ, ചാറ്റ്, ഓഡിയോ-ഇതിനായി ഉപയോഗിക്കാം.

ഉപഭോക്താക്കള്‍ക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായി സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിന്റെ റീട്ടെയ്ല്‍ ബാങ്കിംഗ് മേധാവി ഷെഹ്‌സാദ് ഹമീധ് പറഞ്ഞു. വീഡിയോ ബാങ്കിംഗ് കൊണ്ടുവന്നത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലുള്ള നാഴികക്കല്ലാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ ബാങ്കിംഗില്‍ മാത്രമായി ഒതുക്കി നിര്‍ത്തില്ലെന്നും പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും ഹമീധ് പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തെ സാങ്കേതിക വികസനത്തിനായി 2015 ല്‍ സാങ്കേതിക വിദ്യയിലും സംവിധാനങ്ങളിലും മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. റീജണല്‍ ക്ലൈന്റ് കോണ്ടാക്റ്റ് സെന്ററുകളിലും ബാങ്ക് നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Banking, World