മെഴ്‌സിഡസ്-ബെന്‍സിന് ഇന്ത്യയില്‍ മികച്ച പാദ വില്‍പ്പന

മെഴ്‌സിഡസ്-ബെന്‍സിന് ഇന്ത്യയില്‍ മികച്ച പാദ വില്‍പ്പന

മാര്‍ച്ച് പാദത്തില്‍ 3,650 കാറുകളാണ് വിറ്റുപോയത്

പുണെ : പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയില്‍ തങ്ങളുടെ ചരിത്രത്തിലെ മികച്ച സാമ്പത്തിക പാദ വില്‍പ്പന കൈവരിച്ചു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ 3,650 മെഴ്‌സിഡസ്-ബെന്‍സ് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയത്. 2016 കലണ്ടര്‍ വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തേക്കാള്‍ ഒരു ശതമാനം വില്‍പ്പന വളര്‍ച്ചയും കൈവരിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ക്കൊപ്പം എസ്‌യുവി സെഗ്‌മെന്റിലെ ഗംഭീര വില്‍പ്പന വളര്‍ച്ചയുമാണ് മെഴ്‌സിഡസ്-ബെന്‍സിന് തുണയായത്.

GLA, GLC, GLE, GLE Coupe, GLS എന്നിവ ഉള്‍പ്പെടുന്ന മെഴ്‌സിഡസ്-ബെന്‍സിന്റെ ആഡംബര എസ്‌യുവി വിഭാഗം മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ മാര്‍ച്ച് പാദത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഈ എസ്‌യുവികളില്‍ GLC യാണ് ഏറ്റവുമധികം വിറ്റുപോയത്. GLE, GLE Coupe, GLS എസ്‌യുവികളുടെ വില്‍പ്പനയും നല്ല രീതിയില്‍ നടന്നു.

സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് എന്നിവ ഉള്‍പ്പെടുന്ന ആഡംബര സെഡാന്‍ സെഗ്‌മെന്റും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചു. മാര്‍ച്ച് പാദത്തില്‍ ഏറ്റവുമധികം വില്‍പ്പന നടന്ന മെഴ്‌സിഡസ്-ബെന്‍സ് മോഡലായി ഇ-ക്ലാസ് സെഡാന്‍ മാറി. ഇത് ഒന്നാം സ്ഥാനത്തേക്കുള്ള ഇ-ക്ലാസ് സെഡാന്റെ തിരിച്ചുവരവാണ്. സി-ക്ലാസ് സെഡാന്റെ ജനപ്രീതിയാണ് ഇപ്പോള്‍ ‘പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസ്’ നേടിക്കൊണ്ടിരിക്കുന്നതെന്ന് മെഴ്‌സിഡസ്-ബെന്‍സ് വ്യക്തമാക്കി. ഇ-ക്ലാസ് കഴിഞ്ഞാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഏറ്റവും വില്‍പ്പന നടന്ന മോഡലാണ് സി-ക്ലാസ് സെഡാന്‍.

മാര്‍ച്ച് പാദത്തിന്റെ പിന്‍ബലത്തില്‍ വരും മാസങ്ങളില്‍ നല്ല വില്‍പ്പന നേടാമെന്ന ആത്മവിശ്വാസത്തിലാണെന്ന് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ റോളണ്ട് ഫോള്‍ഗര്‍ വ്യക്തമാക്കി. പുതുതായി പുറത്തിറക്കുന്ന കാറുകളും പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസും വളര്‍ച്ചാ വേഗം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസിന്റെ ഉല്‍പ്പാദന തോത് മെഴ്‌സിഡസ്-ബെന്‍സ് വര്‍ധിപ്പിക്കും.

Comments

comments

Categories: Business & Economy